കളി മാറ്റി കളിക്കാൻ ബജാജ്; സിഎൻജിയിൽ നിർത്താൻ പ്ലാനില്ല, ഈ പൾസർ ബൈക്കിൽ ഇന്ധനം എഥനോൾ..!
ലോകത്തിലെ തന്നെ ആദ്യ സിഎൻജി ബൈക്ക് എന്ന അവകാശവാദവുമായി ഫ്രീഡം 125 പുറത്തിറക്കിയതിന് പിന്നാലെ അതുകൊണ്ടൊന്നും തങ്ങളുടെ പരീക്ഷണം അവസാനിപ്പിക്കാൻ തയ്യാറല്ലെന്ന സൂചനയാണ് ബജാജ് നൽകിയിരിക്കുന്നത്. തങ്ങളുടെ ആദ്യ എഥനോൾ ഫ്ലെക്‌സ് ഫ്യുവൽ ബൈക്കുമായി അവർ അധികം വൈകാതെ എല്ലാവർക്കും മുൻപിലേക്ക് എത്തുമെന്ന വിവരമാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.
ബദൽ ഇന്ധനങ്ങളിലേക്ക് ഇത്രയധികം പ്രയത്നിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു കമ്പനി ഇന്ത്യയിൽ വേറെയില്ലെന്ന് വേണം പറയാം. 100% എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്ന പൾസർ എൻഎസ്160 മോഡലാണ് അവർ വിപണിയിലേക്ക് കൊണ്ട് വരാൻ പദ്ധതിയിട്ടിരിക്കുന്നത്. നേരത്തെ ഇതിന്റെ പ്രോട്ടോടൈപ്പ് കമ്പനി അനാവരണം ചെയ്‌തിരുന്നു. ഈ ബൈക്കിനെ പറ്റി കൂടുതൽ അറിയാം.

ബജാജ് പൾസർ എൻഎസ്160 എഥനോൾ
ഐബിഇടി എക്‌സ്‌പോ 2024ലാണ് ഈ വാഹനം ബജാജ് ആദ്യമായി പ്രദർശിപ്പിച്ചത്. തങ്ങളുടെ എഞ്ചിനീയറിംഗ് മികവും ഭാവിയെ മുൻനിർത്തിയുള്ള ദീർഘദൃഷ്‌ടിയോടെയുള്ള കാഴ്ച്ചപ്പാടും ഏറെ അഭിമാനത്തോടെയാണ് ബജാജ് എക്സ്പോയിൽ വാഹനം അവതരിപ്പിച്ചതെന്ന് പറഞ്ഞാൽ അതിർക്കലും അതിശയോക്തി ആവില്ല.
പരമ്പരാഗത പെട്രോളിന് പകരമാണ് എഥനോൾ ഇന്ധനം ഉപയോഗിക്കാൻ ബജാജ് ശ്രമിക്കുന്നത്. എഥനോൾ അല്ലെങ്കിൽ എഥനോൾ മിശ്രിതം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫ്ലെക്‌സ്-ഫ്യുവൽ ശേഷിയുള്ള മോട്ടോർസൈക്കിളുകൾ കൂടുതലായി കൊണ്ട് വരികയാണ് ബജാജിന്റെ ലക്ഷ്യം. അതിലേക്കുള്ള ചവുട്ട് പടിയാണ് ഈ ബൈക്ക്.
ബജാജ് പൾസറിന്റെ എഥനോൾ വേരിയന്റ് ഇ100 ഇന്ധനവും (100% എഥനോൾ) കൂടാതെ പരമ്പരാഗത ഗ്യാസോലിനിനൊപ്പം എഥനോളിന്റെ മറ്റ് മിശ്രിതങ്ങളിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒന്നാണ്. ഇന്ത്യയിൽ നിലവിലുള്ള പരമ്പരാഗത ഇ20 ശേഷിയുള്ള മോട്ടോർസൈക്കിളുകളേക്കാൾ മികച്ച എഞ്ചിനീയറിംഗ് ഇത്തരം ബൈക്കുകൾക്ക് ആവശ്യമാണ്.
എന്താണ് ബജാജിന്റെ പദ്ധതി?
രാജ്യത്ത് ഹരിത ഇന്ധനങ്ങളിലേക്കുള്ള ചുവടുമാറ്റം അടുത്ത കാലത്തായി വലിയ രീതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. വാഹന വ്യവസായം മുഴുവൻ ഇ10 ഇന്ധനത്തിൽ നിന്ന് ഇ20 ഇന്ധന സംവിധാനത്തിലേക്ക് കുറച്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ മാറുകയും ചെയ്‌തിരുന്നു. ഇത് കൂടാതെ ഭാവിയിൽ ഉയർന്ന എഥനോൾ മിശ്രിതങ്ങളിലേക്ക് മാനദണ്ഡം മാറുമ്പോൾ ബജാജിന്റെ ഈ സംവിധാനം ഒരുമുഴം മുന്നേ എറിയുന്നതിന് തുല്യമാകും.
എന്താണ് എഥനോൾ ഫ്യുവൽ? ഗുണങ്ങൾ എന്തൊക്കെ?
പുനരുൽപ്പാദിപ്പിക്കാവുന്നതും വിഷരഹിതവുമായ ജൈവ ഇന്ധനമാണ് എഥനോൾ. ഇത് കാർബൺ ബഹിർഗമനം വലിയ രീതിയിൽ കുറയ്ക്കാൻ സഹായിക്കുന്നു. ചോളം, കരിമ്പ് തുടങ്ങിയ കാർഷിക വിളകളിൽ നിന്നാണ് സാധാരണയായി എഥനോൾ ഉൽപ്പാദിപ്പിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യയിൽ എഥനോൾ ലഭ്യത അധികമായിരിക്കും. അത് വഴി പെട്രോളിയം ഉത്‌പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാനും അന്തരീക്ഷ മലിനീകരണം ലഘൂകരിക്കാനും കഴിയും.












Click it and Unblock the Notifications