മൈലേജിൽ പുലിയാടാ, വിലയിൽ സൂപ്പറാടാ; ബജാജിന്റെ 'ഫ്രീഡം' സിഎൻജി ബൈക്ക് നിരത്തിലേക്ക്
ലോകത്തിലെ ആദ്യത്തെ സിഎൻജി ബൈക്ക് പുറത്തിറക്കി ബജാജ് ഓട്ടോ. ഫ്രീഡം എന്ന് പേരിട്ടിരിക്കുന്ന ഈ മോട്ടോർസൈക്കിൾ പെട്രോളിലും സിഎൻജിയിലും ഒരു പോലെ പ്രവർത്തിക്കാൻ ശേഷിയുള്ള 125 സിസി വാഹനമാണ്. ഈ വാഹനത്തിന് പ്രാരംഭഘട്ടത്തിൽ ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ് വില വരിക എന്നാണ് ബജാജ് ഓട്ടോ അറിയിച്ചിരിക്കുന്നത്.
നിലവിൽ 95,000 രൂപയാണ് ഈ വാഹനത്തിന്റെ വില. ഇതോടെ മോട്ടോർ സൈക്കിൾ സെഗ്‌മെന്റിൽ വലിയൊരു വിപ്ലവത്തിനാണ് ബജാജ് തുടക്കമിട്ടിരിക്കുന്നത്. കുറഞ്ഞ ചിലവിൽ കൂടുതൽ ഇന്ധനക്ഷമതയോടെ ബൈക്ക് യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യം ഫ്രീഡം സിഎൻജി ബൈക്കിന്റെ വരവോടെ നടക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ.

ഡ്രം, ഡ്രം എൽഇഡി, ഡിസ്‌ക് എൽഇഡി എന്നിങ്ങനെ 3 വകഭേദങ്ങളിൽ ഫ്രീഡം ലഭിക്കും. 7 ഷേഡുകൾ വരെ ഇതിനുണ്ട്. ബജാജ് ഫ്രീഡത്തിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയും ഡിസൈനും ഒരിത്തിരി സ്‌റ്റൈലിഷ് തന്നെയാണ്. 125 സിസി ബൈക്കുകളിൽ ഇതോടെ ഇത്രയും കുറഞ്ഞ വിലയിൽ ഇന്ധനക്ഷമത ഉള്ള വാഹനം ലഭിക്കുക എന്ന ഉപഭോക്താക്കളുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് പരിഹാരമാവുന്നത്.
വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, വളരെ നീളമേറിയ സിംഗിൾ സീറ്റ്, ചെറിയ ഇന്ധന ടാങ്ക് എന്നിവ വാഹനത്തിന്റെ ശ്രദ്ധേയമായ ഡിസൈൻ പ്രത്യേകതകളാണ്. കൂടിയ ഗ്രൗണ്ട് ക്ലിയറൻസ്, ഹാൻഡിൽ ബാർ ബ്രേസ്, നക്കിൾ ഗാർഡുകൾ എന്നിവ കൂടി ചേരുമ്പോൾ ബജാജ് ഫ്രീഡം സെഗ്‌മെന്റിലെ മറ്റ് ബൈക്കുകളേക്കാൾ ഒട്ടും താഴെയാവില്ല.
വാഹനത്തിൽ അലോയ് വീലുകൾ സ്‌റ്റാൻഡേർഡ് ആണെങ്കിലും, ടോപ്പ് വേരിയന്റുകൾക്ക് ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് ഓപ്ഷനും കൂടി ലഭിക്കും. ഇൻസ്ട്രുമെൻ്റ് ക്ലസ്‌റ്റർ ഡിജിറ്റലാണ്. ഇതിൽ വാഹനത്തിന്റെ സിഎൻജി, പെട്രോൾ ലെവലുകൾ കാണിക്കുന്നു. സിഎൻജിയിൽ നിന്ന് പെട്രോളിലേക്കും തിരിച്ചും സ്വിച്ച് ഗിയറിലെ ഒരു പ്രത്യേക ടോഗിളിൽ നിന്ന് അഡ്‌ജസ്‌റ്റ് ചെയ്യാവുന്നതാണ്.
125സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് പുതിയ ബജാജ് ഫ്രീഡത്തിന് കരുത്ത് പകരുന്നത്. ഈ അത്യാധുനിക എഞ്ചിന് ആവശ്യം പോലെ പെട്രോളിലും സിഎൻജിയിലും പ്രവർത്തിക്കാൻ കഴിയും. അതുകൊണ്ട് തന്നെ ദൂരയാത്രയിൽ പോലും സിഎൻജി സ്‌റ്റേഷനുകളുടെ അഭാവത്തെ കുറിച്ച് ഓർത്ത് ഒരിക്കലും വേവലാതിപ്പെടേണ്ട ആവശ്യമില്ല.
ഈ എഞ്ചിന് 9.5 പിഎസ് പീക്ക് പവറും 9.7 എൻഎം പീക്ക് ടോർക്കും മികച്ച മൈലേജും (ഇന്ധനക്ഷമത) നൽകാൻ കഴിയുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സിഎൻജിയിലേക്ക് മാറുമ്പോൾ, പ്രകടനം മങ്ങുമെങ്കിലും ഇന്ധനക്ഷമത കുറച്ചുകൂടി കൂടുതലാവും. കമ്പനി അവകാശപ്പെടുന്നത് ഈ വാഹനം ഒരു കിലോമീറ്റർ ഓടാൻ കേവലം ഒരു രൂപ മാത്രമേ ചിലവുള്ളൂ എന്നാണ്.












Click it and Unblock the Notifications