മാരുതിയുടെ രംഗണ്ണന് ചെക്ക് വയ്ക്കാൻ ഹോണ്ടയുടെ ബിലാൽ; ഡിസയറും അമേസും വരുന്നു, സെഡാൻ യുദ്ധം
വലിയ രീതിയിൽ എക്‌സ്‌പ്ലോർ ചെയ്യപ്പെടാത്ത ഇന്ത്യൻ കാർ വിപണിയിലെ ഒരു സെഗ്‌മെന്റാണ് സെഡാൻ, അതിൽ തന്നെ കോംപാക്‌ട് സെഡാൻ വിഭാഗം അതിലേറെ സാധ്യതകൾ ഉള്ള വിഭാഗമാണ്. പ്രമുഖ കമ്പനികളെല്ലാം ഈ വിഭാഗത്തെ നോട്ടമിട്ട് നാളേറെയായി. എന്നാൽ ഇപ്പോഴും ചില കാറുകൾ തന്നെയാണ് ഈ വിഭാഗത്തിൽ കേമന്മാരായി ഉള്ളത്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ചില മോഡലുകളാണ് മാരുതി സുസുക്കിയുടെ ഡിസയറും ഹോണ്ടയുടെ അമേസും. ഈ രണ്ട് കാറുകളും വളരെ വേഗത്തിൽ തന്നെ ആരാധക പ്രശംസ നേടിയെടുത്തവ കൂടിയാണ്. ഡിസയറിനും അമേസിനും ഇപ്പോൾ എന്ത് പ്രസക്തി എന്നാവും നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ അതിന് കാരണമുണ്ട്. ഇവ രണ്ടിന്റെയും ഏറ്റവും പുതിയ വകഭേദങ്ങൾ വിപണിയിൽ ഇറങ്ങാൻ സമയം അടുത്തിരിക്കയാണ്.

ഈ വർഷം രണ്ടാം പകുതിയോടെ ഈ മോഡലുകൾ വിപണി പിടിക്കുമെന്നാണ് ലഭ്യമായ വിവരം. എന്നാൽ കൃത്യമായ ലോഞ്ച് തീയതികൾ വ്യക്തമല്ലെങ്കിലും ഇവയുടെ വരവ് അധികം വൈകില്ലെന്നാണ് ഏറ്റവും ഒടുവിൽ വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ ഈ വാഹനങ്ങളുമായി ബന്ധപ്പെട്ട് വന്ന വിവരങ്ങൾ എന്തൊക്കെ ആണെന്ന് പരിശോധിക്കാം.
മാരുതി സുസുക്കി ഡിസയർ 2024
സബ്-4 മീറ്റർ വിഭാഗത്തിന് അനുയോജ്യമാകുന്ന തരത്തിലാണ് ഈ വാഹനം പ്രത്യേകമായി ഇന്ത്യൻ വിപണിയിൽ നിർമ്മിക്കുന്നത്. പുതിയ ഡിസയറിൽ അതിന്റെ പ്രത്യേക രീതിയിലുള്ള ബമ്പറുകൾ, അലോയ് വീലുകൾ, വേറിട്ട ഹെഡ്‌ലാമ്പുകൾ എന്നിവയുമായി വരുമെന്നാണ് കരുതുന്നത്. ഇതല്ലാതെ കൂടുതൽ ഡിസൈൻ മാറ്റങ്ങൾ ഉണ്ടാവുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
എന്നാൽ എഞ്ചിൻ കാര്യത്തിൽ പുതിയ ഡിസയർ സ്വിഫ്റ്റിന് സമാനമായിരിക്കും എന്നാണ് സൂചന. കെ സീരീസ് 1.2 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിന് പകരം പുതിയ Z സീരീസ് 1.2 ലിറ്റർ ത്രീ സിലിണ്ടർ എഞ്ചിനായിരിക്കും വാഹനത്തിന് കരുത്തേകുക. വിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല.
ഹോണ്ട അമേസ്
പുതിയ ഹോണ്ട അമേസ് സിറ്റിയുടെയും എലിവേറ്റിന്റെയും അതേ പ്ലാറ്റ്‌ഫോമിൽ അധിഷ്‌ഠിതമായിരിക്കും എന്നും എന്നാൽ അൽപ്പം കുറഞ്ഞ വീൽബേസ് ലഭിക്കുമെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദേശത്ത് വിൽക്കുന്ന വലിയ ഹോണ്ട സെഡാനുകളിൽ നിന്ന് സ്‌റ്റൈലിംഗ് പ്രചോദനം ഉൾക്കൊള്ളാനും ഇടയുണ്ട്. അതേസമയം ക്യാബിൻ വിപണിയിലെ മത്സരത്തിനനുസരിച്ച് കാര്യമായി തന്നെ നവീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
5-സ്‌പീഡ് മാനുവൽ അല്ലെങ്കിൽ സിവിടിയുമായി ജോഡിയാക്കിയ 90 എച്ച്പി, 110 എൻഎം, 1.2 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ പുതിയ അമേസിൽ ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതിയ അമേസിനായി ഹോണ്ട ഒരു സിഎൻജി പവർട്രെയിൻ പര്യവേക്ഷണം ചെയ്യുന്നുണ്ടെന്ന് ചില വാർത്തകൾ വന്നെങ്കിലും അതിൽ ഒരു പ്രഖ്യാപനവും ഇതുവരെ വന്നിട്ടില്ല. ഈ വാഹനത്തിന്റെയും വില സംബന്ധിച്ച വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.












Click it and Unblock the Notifications