പപ്പടം എന്ന പേരുദോഷം ഇല്ലാതാവുമോ..? ക്രാഷ് ടെസ്‌റ്റിന് മാരുതി അയക്കുന്നത് ഈ 3 ചുണക്കുട്ടന്മാരെ...
മാരുതി സുസുക്കി കാറുകൾ ഇന്ത്യയിൽ അങ്ങേയറ്റം ജനപ്രിയമാണെന്ന് എല്ലാവർക്കും അറിയാം. ആ ജനപ്രീതി തന്നെയാണ് കഴിഞ്ഞ ഒരുപാട് വർഷങ്ങളായി രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപന നടത്തുന്ന കാർ നിർമ്മാതാവ് എന്ന വിശേഷണം അവർക്ക് ചാർത്തിക്കിട്ടാൻ കാരണം. കുറഞ്ഞ വില, മെച്ചപ്പെട്ട സൗകര്യങ്ങൾ, ഡിസൈൻ ഭംഗി എന്നിങ്ങനെ ഒട്ടനവധി പ്രത്യേകതകൾ കൊണ്ട് സമ്പന്നമാണ് മാരുതിയുടെ പോർട്ട്ഫോളിയോ.
എന്നാൽ ഏത് കാലത്തായാലും മരുതിയെ കുറിച്ച് പൊതുവെ ഉയരുന്ന ഒരു പരാതി എന്തെന്നാൽ സുരക്ഷിതമല്ല എന്നതാണ്. പലപ്പോഴും വാഹനാപകടങ്ങൾ കഴിഞ്ഞ ശേഷമുള്ള മാരുതി വണ്ടികളുടെ ചിത്രങ്ങളും പ്രചരിക്കുന്നത് പതിവായിരുന്നു. പിന്നീട് 'പപ്പടം' എന്ന വിളിപ്പേരും മാരുതി കാറുകൾക്ക് സ്വന്തമായി വന്നിരുന്നു. എന്നാൽ അതല്ല ഇപ്പോഴത്തെ അവസ്ഥ, മാരുതി കാറുകൾ മെച്ചപ്പെട്ട് വരികയാണ്.

ഇപ്പോഴിതാ ഭാരത് എൻക്യാപിന് കീഴിൽ സുരക്ഷാ വിലയിരുത്തലിനായി മൂന്ന് മോഡലുകൾ അയക്കുകയാണ് മാരുതി. സുരക്ഷാ വിലയിരുത്തൽ പരിശോധനയ്ക്ക് വിധേയമാക്കാൻ നാമനിർദ്ദേശം ചെയ്യുന്ന മൂന്ന് മോഡലുകൾ ഏതൊക്കെയെന്ന് കമ്പനി വെളിപ്പെടുത്തി. കമ്പനിയുടെ പ്രഖ്യാപനമനുസരിച്ച് ടെസ്‌റ്റിന് വിധേയമാകുന്ന ആദ്യത്തെ മാരുതി മോഡലുകളാണ് ബ്രെസ്സ, ബലേനോ, ഗ്രാൻഡ് വിറ്റാര എന്നിവ.
അതേസമയം ബലെനോ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവർ ഫ്രോങ്‌ക്സ് മൂല്യനിർണ്ണയത്തിനായി നിശ്ചയിച്ച രണ്ടാം ബാച്ച് കാറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മോഡലുകൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നവയാണ് എന്നതാണ് പ്രത്യേകത. എന്തായാലും ഈ മോഡലുകൾ പരീക്ഷണത്തിന് ഒരുങ്ങുന്നത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.
2023 ഓഗസ്‌റ്റിലാണ് ഇന്ത്യയിലെ കാർ സുരക്ഷ വിലയിരുത്തുന്നതിനായി റോഡ് ട്രാൻസ്‌പോർട്ട് & ഹൈവേ മന്ത്രാലയം രാജ്യത്തിന്റെ സ്വന്തം ക്രാഷ് ടെസ്റ്റിംഗ് പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര കാർ സുരക്ഷാ റേറ്റിംഗ് പ്രോഗ്രാമായ ഭാരത് എൻസിഎപി (ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം) ഗ്ലോബൽ എൻസിഎപിയുടെ മാതൃകയിലാണ് ഒരുക്കിയത്.
ടാറ്റ മോട്ടോഴ്‌സിന്റെ മുൻനിര മോഡലുകളായ ഹാരിയര്‍, സഫാരി മോഡലുകള്‍ ഫൈവ് സ്‌റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയാണ് ഇന്ത്യയുടെ സ്വന്തം ക്രാഷ്‌ടെസ്‌റ്റായ ഭാരത് എന്‍ക്യാപിന് തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസം ടാറ്റ അവതരിപ്പിച്ച പഞ്ച് ഇലക്ട്രിക് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ക്രാഷ് ടെസ്‌റ്റിന് തയ്യാറെടുക്കുകയാണ്.












Click it and Unblock the Notifications