സുരക്ഷ മുഖ്യം ബിഗിലേ...; വില 10 ലക്ഷത്തിന് താഴെ മാത്രം, ഇനി നിങ്ങൾക്കും വാങ്ങാം 6 എയർബാഗുകളുള്ള കാറുകൾ
പൊതുവെ ലോകമെമ്പാടുമുള്ള വാഹന വിപണികൾ എടുത്ത് നോക്കിയാൽ സുരക്ഷയ്ക്ക് ഏറ്റവും കുറവ് പ്രധാന്യം കൊടുക്കുന്ന ഇടങ്ങളിലൊന്നാണ് ഇന്ത്യ. എങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇതിൽ കാര്യമായ മാറ്റമുണ്ടായി എന്ന് പറയാതിരിക്കാൻ വയ്യ. പുത്തൻ സുരക്ഷാ ഫീച്ചറുകളും, എബിഎസും, സീറ്റ് ബെൽറ്റ് അലാറവും പോലെയുള്ള പൊതുവായ സംവിധാനങ്ങൾക്ക് ഉപരി അടുത്തിടെ ഇവിടെ നടപ്പാക്കിയ സുപ്രധാന മാറ്റങ്ങളിൽ ഒന്നാണ് എയർബാഗുകൾ സ്‌റ്റാൻഡേർഡൈസ് ചെയ്യാനുള്ള തീരുമാനം.

ഇത്തരത്തിൽ രാജ്യത്ത് നിരവധി വാഹനങ്ങളിലാണ് എയർബാഗ് സംവിധാനം ബേസ് മോഡൽ മുതലുള്ളവയിൽ ഉൾപ്പെടുത്താൻ കമ്പനികൾ തീരുമാനിച്ചിട്ടുള്ളത്. അതിൽ അൾട്രാ ലക്ഷ്വറി വാഹനങ്ങൾ മുതൽ മിഡിൽ ക്ലാസിനെ ലക്ഷ്യം വച്ചുള്ള കൊച്ചു വാഹനങ്ങൾ വരെയുണ്ട്. എസ്‍യുവിയോ, സെഡാനോ ഏതുമാവട്ടെ വാഹനത്തിൽ എയർബാഗ് ഉണ്ടോയെന്ന് ഉപഭോക്താക്കൾ ചോദിക്കുന്ന നിലയിലേക്ക് മാറി എന്നത് നല്ല സൂചനയാണ്.

നിലവിൽ ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള കാറുകൾ നിരവധിയാണ് നമ്മുടെ രാജ്യത്തുള്ളത്. ഒരു സാധാരണ കുടുംബത്തിന് താങ്ങാവുന്ന വിലയിലുള്ള വാഹനങ്ങളിൽ കൂടി എയർബാഗ് സംവിധാനം വ്യാപിക്കുന്നു എന്നതാണ് നിലവിലെ സാഹചര്യം. അതിനാൽ 10 ലക്ഷം രൂപയ്ക്ക് താഴെ വിലവരുന്ന ഏതൊക്കെ വാഹനങ്ങളിലാണ് 6 എയർബാഗുകൾ ലഭിക്കുക എന്ന് നമുക്ക് ഇവിടെ പരിശോധിക്കാം.
മാരുതി സുസുക്കി ബലേനോ
രാജ്യത്തെ ഏറ്റവും ജനപ്രിയ വാഹനങ്ങളിൽ ഒന്നാണ് നിലവിൽ ബലേനോ. പ്രീമിയം ഡിസൈൻ സവിശേഷതകൾക്ക് ഒപ്പം മികച്ച ഫീച്ചറുകളും ഈ വാഹനത്തെ വേറിട്ട് നിർത്തുന്നു. ഇതിന്റെ സീറ്റ വേരിയന്റിലാണ് ആറ് എയർബാഗുകൾ ലഭ്യമാവുക. 8.38 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്-ഷോറൂം വില.
ഹ്യൂണ്ടായ് എക്‌സ്റ്റർ
വിവിധ മോഡലുകളാൽ സമ്പന്നമായ പോർട്ടഫോളിയോ സ്വന്തമായുള്ള ഹ്യുണ്ടായ്‌ക്ക് അടുത്തിടെ ലഭിച്ച സൂപ്പർഹിറ്റ് മോഡലാണ് എക്‌സ്റ്റർ. ഈ വാഹനത്തിലും ആറ് എയർബാഗ് ഉൾപ്പെടുത്തിയിട്ടുണ്ട്. അതും എല്ലാ വേരിയന്റുകളിലും ഇത് ലഭ്യമാവും എന്ന സവിശേഷതയുമുണ്ട്. ആറ് ലക്ഷം മുതലാണ് എക്‌സ്-ഷോറൂം വില ആരംഭികുന്നത്.
ടാറ്റ നെക്‌സോൺ
ടാറ്റയുടെ ബിൽഡ് ക്വാളിറ്റിയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ് നെക്‌സോൺ എന്ന വാഹനം. രാജ്യത്ത് ആദ്യമായി ഫൈവ് സ്‌റ്റാർ സുരക്ഷാ റേറ്റിങ് സ്വന്തമാക്കിയ ഈ വാഹനം ആറ് എയർബാഗുകളുമായാണ് വിപണിയിൽ എത്തുന്നത്. 8.10 ലക്ഷം രൂപ മുതലാണ് ഈ കാറിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.
ഹ്യൂണ്ടായ് ഐ20
ഇന്ത്യൻ വാഹനവിപണിയിലെ ഗ്ലാമർ താരങ്ങളിൽ ഒന്നാണ് ഹാച്ച്ബാക്ക് മോഡലുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഐ20. ഈ വാഹനത്തിലും സുരക്ഷയുടെ ഭാഗമായി ആറ് എയർബാഗുകൾ ഉൾപ്പെടുത്താൻ കമ്പനി തീരുമാനിച്ചിരുന്നു. 6.99 ലക്ഷം രൂപ മുതലാണ് ഐ20യുടെ വില ആരംഭിക്കുന്നത്.
ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്
അവർ എയർബാഗുകൾ ഉൾപ്പെടുത്തിയ ഹ്യൂണ്ടായ് വാഹനങ്ങളുടെ നിരയിലെ മറ്റൊരു ശ്രദ്ധേയ സാന്നിധ്യമാണ് ഗ്രാൻഡ് ഐ10 നിയോസ്. കുറഞ്ഞ വിലയിൽ കൂടുതൽ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ ലഭ്യമാവുന്ന ചുരുക്കം ചില വാഹനങ്ങളിൽ ഒന്നാണിത്. നിലവിൽ 5.84 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത് (എക്‌സ്-ഷോറൂം).












Click it and Unblock the Notifications