അല്ല ഇതാര് സിട്രോണോ? കൂടെ ബസാൾട്ട് എസ്‌യുവിയും ഉണ്ടോ, എങ്കിൽ പൂരം കൊടിയേറി മക്കളേ...
പ്രമുഖ ഫ്രഞ്ച് കാർ നിർമ്മാണ കമ്പനിയായ സിട്രോൺ ഇന്ത്യയിലേക്ക് കടന്നുവരവ് കൂടുതൽ ആഘോഷമാക്കാൻ ഒരുങ്ങുകയാണ്. ആഗോളതലത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബസാൾട്ട് എസ്‌യുവി-കൂപ്പെ മോഡലായ ബസാൾട്ട് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. സി3, ഇസി3 ഹാച്ച്ബാക്കുകൾക്കും സി3 എയർക്രോസ് എസ്‌യുവിക്കും ശേഷം ബ്രാൻഡിന്റെ നാലാമത്തെ മോഡലാണിത്.
2024 പകുതിയോടെ ഇന്ത്യൻ നിരത്തുകളിൽ വാഹനം ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്. പേര് പോലെ തന്നെ ഇതുവരെ ഇറങ്ങിയ സിട്രോൺ വാഹനങ്ങളിൽ നിന്ന് വ്യത്യസ്‌തമാണ് ഈ കാർ. ഒരു എസ്‌യുവി കൂപ്പെ ആയിട്ടാണ് ഇതിനെ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ എസ്‌യുവി മോഡലായിരിക്കും ഇതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ക്രോം ലൈനുള്ള ഷെവ്‌റോൺ ലോഗോ, ഫോക്‌സ് സിൽവർ സ്‌കിഡ് പ്ലേറ്റ് എന്നിവയ്‌ക്കൊപ്പം വ്യത്യസ്‌തമായ ഫ്രണ്ട് ഫാസിയ ഫീച്ചർ ചെയ്യുന്ന ഈ വാഹനം കമ്പനിയുടെ മുൻ മോഡലായ സി3 എയർക്രോസിനോട് വളരെ സാമ്യമുള്ളതാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. സ്ക്വയർ-ഓഫ് വീൽ ആർച്ച് ക്ലാഡിംഗ്, പിഞ്ച് ചെയ്‌തവിൻഡോ ലൈൻ, സുഗമമായി നിലകൊള്ളുന്ന റൂഫ്‌ലൈൻ എന്നിവ വാഹനത്തെ വേറിട്ട് നിർത്തുന്നു. ഗൺ-മെറ്റൽ ഫിനിഷുള്ള സ്റ്റൈലിഷ് അലോയ് വീലുകളാണ് വാഹനത്തിലുള്ളത്.
ബസാൾട്ടിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്റെ ചെറുതും വെട്ടിച്ചുരുക്കിയതുമായ റിയർ സൈഡും വൃത്തിയുള്ള സർഫസും പുതുതായി രൂപകൽപ്പന ചെയ്‌ത വലിയ ടെയിൽ ലാമ്പുകളുമാണ്. ഡ്യുവൽ-ടോൺ ബമ്പർ അതിനെ കൂടുതൽ മികവുറ്റതാക്കുന്ന ഘടകമെന്നതിൽ തർക്കമില്ല. എസ്‌യുവി-കൂപ്പെ സെഗ്‌മെന്റിൽ ഈ വാഹനത്തെ വേറിട്ട് നിർത്തുന്ന ഘടകമാണ്.
സി3 എയർക്രോസിന് സമാനമായ അളവുകളുള്ള ബസാൾട്ടിന് ഏകദേശം 4.3 മീറ്റർ നീളമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഇടത്തരം കൂപ്പെ-എസ്‌യുവി വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി ജോഡിയാക്കിയ 110 എച്ച്പി, 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ആയിരിക്കും ബസാൾട്ടിന് കരുത്ത് പകരുക. കൂടാതെ, പെട്രോൾ വേരിയന്റ് ലോഞ്ച് ചെയ്‌ത് കഴിഞ്ഞ് ഏകദേശം ആറ് മാസത്തിന് ശേഷം ഒരു ഓൾ-ഇലക്ട്രിക് പതിപ്പ് കൂടി ഇതിനൊപ്പം എത്തും.
ബസാൾട്ടിന്റെ ഇന്റീരിയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതുവരെ പുറംലോകം അറിഞ്ഞിട്ടില്ലെങ്കിലും, സി3 എയർക്രോസിൽ നിന്ന് ഉൾക്കൊണ്ടതാവും ഡാഷ്‌ബോർഡ് ഡിസൈൻ എന്ന് പ്രതീക്ഷിക്കുന്നു എന്നാൽ ഇതിന് പുറമെ കൂടുതൽ സവിശേഷതകൾ ഇതിൽ ഉൾപ്പെടുത്താം. ഇലക്ട്രിക് ഫോൾഡിംഗ് മിററുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജിംഗ്, പുഷ്-ബട്ടൺ സ്‌റ്റർട്ട്, കീലെസ് എൻട്രി എന്നിവ ഇതിൽ ഉൾപ്പെട്ടേക്കും.












Click it and Unblock the Notifications