സഹായം ചോദിച്ച രത്തൻ ടാറ്റയെ ഫോർഡ് അപമാനിച്ചോ? വൈറലായ പ്രതികാര കഥയ്ക്ക് പിന്നിലെ സത്യമറിയാം
ഇന്ത്യൻ വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റ അടുത്തിടെയാണ് വിടവാങ്ങിയത്. നിരവധി കമ്പനികളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വലിയ രീതിയിൽ നേട്ടമുണ്ടാക്കിയതും ടാറ്റ ഗ്രൂപ്പിനെ ഇന്ന് കാണുന്ന നിലയിലേക്ക് വളർത്തിയതും. അതുകൊണ്ട് തന്നെ രത്തൻ ടാറ്റ എന്ന വ്യക്തി ഇന്ത്യക്കാർക്ക് ഏറെ ആദരവുള്ളയാൾ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം സോഷ്യൽ മീഡിയയിലും, മാധ്യമങ്ങളും ഏറ്റെടുത്തോരു പ്രതികാര കഥയെ കുറിച്ചാണ് പറയാനുള്ളത്.
രത്തൻ ടാറ്റയെ ഫോർഡ് അപമാനിച്ചുവെന്നും അതിന് അദ്ദേഹം പകരം വീട്ടിയെന്നും കാലങ്ങളായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ വാർത്തകളിൽ പറയുന്നു. എന്നാൽ എന്താണ് ഇതിന്റെ പിന്നിലെ യാഥാർഥ്യം എന്നത് പലർക്കും അറിയില്ല. അടുത്തിടെയാണ് ഈ വിഷയത്തിൽ പ്രതികരണവുമായി ബിൽ ഫോർഡ് തന്നെ രംഗത്ത് വന്നത്.

കാലങ്ങളായി സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന കഥയുടെ തുടക്കം തൊണ്ണൂറുകളിലാണ്. ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചർ വെഹിക്കിൾ ഡിവിഷൻ വിചാരിക്കാത്ത നഷ്‌ടത്തിലേക്ക് കൂപ്പ് കുത്തിയപ്പോൾ അത് ഏറ്റെടുക്കുമോ എന്ന് ടാറ്റ ഫോർഡിനോട് ചോദിച്ചു എന്നാണ് കഥ. എന്നാൽ അന്ന് ചില അധിക്ഷേപകരമായ പരാമർശങ്ങൾ ഫോർഡ് നടത്തിയെന്നാണ് കഥകളിൽ പ്രചരിക്കുന്നത്.
എന്തിനാണ് അറിയാത്ത പണിക്ക് നിന്നത് എന്ന തരത്തിലായിരുന്നു ഫോർഡിന്റെ പ്രതികരണമെന്നും ഇത് ടാറ്റയെ വല്ലാതെ വിഷമിപ്പിച്ചുവെന്നും മാധ്യമങ്ങൾ പറഞ്ഞിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ടാറ്റ ഫോർഡിന്റെ കീഴിലെ സ്ഥാപനങ്ങളെ ഏറ്റെടുത്തു കൊണ്ട് പ്രതികാരം വീട്ടിയെന്നാണ് കഥയിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം.
യുഎസിൽ നിന്ന് തിരിച്ചെത്തിയ രത്തൻ ടാറ്റ തന്റെ പാസഞ്ചർ വെഹിക്കിൾ വിഭാഗത്തിൽ കഠിനമായി പ്രയത്നിക്കാൻ തുടങ്ങി, അത് ഫോർഡിന് വിറ്റുമില്ല. ശേഷം 2008ൽ ഫോർഡിന്റെ കീഴിൽ ഉണ്ടായിരുന്ന ജാഗ്വറിനെ ഏറ്റെടുത്ത ശേഷം ഈ പ്രതികാരം പൂവണിഞ്ഞു എന്ന തരത്തിലായിരുന്നു വാർത്തകൾ. രത്തൻ ടാറ്റായുടെ മരണത്തിന് പിന്നാലെ വീണ്ടും ഈ കഥ സോഷ്യൽ മീഡിയ ഉൾപ്പെടെ ഏറ്റെടുത്തിരുന്നു.
എന്നാൽ ഇതിലൊന്നും യാഥാർഥ്യമില്ലെന്നാണ് ബിൽ ഫോർഡ് തന്നെ അറിയിച്ചിരിക്കുന്നത്. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും രത്തൻ ടാറ്റയുമായി തനിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും ബിൽ ഫോർഡ് പറയുകയുണ്ടായി. ഇന്റർനെറ്റിൽ ആരോ എഴുതിയുണ്ടാക്കിയ വ്യാജ പ്രചരണമാണ് ഇതെന്നും ബിൽ ഫോർഡ് അറിയിക്കുകയുണ്ടായി.
നേരത്തെ രത്തൻ ടാറ്റയും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. പൂർണമായും ബിസിനസ് സംബന്ധമായ ചർച്ചകളാണ് അന്ന് നടന്നതെന്നും രത്തൻ ടാറ്റ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ രത്തൻ ടാറ്റയുടെ മരണ ശേഷവും ഈ കഥ വ്യാപകമായി സോഷ്യൽ മീഡിയയിൽ കൊണ്ടാടപ്പെടുകയാണ്. ഇതോടെയാണ് ഫോർഡ് തന്നെ വിഷയത്തിൽ പ്രതികരണവുമായി നേരിട്ട് രംഗത്ത് വന്നത്.
അതേസമയം, രാജ്യത്തെ അറിയപ്പെടുന്ന ബിസിനസ് കുടുംബത്തിൽ ജനിച്ച രത്തൻ ടാറ്റയാണ് കമ്പനിയുടെ ഇന്ന് കാണുന്ന വളർച്ചയ്ക്ക് വഴിയിറക്കിയത്. 2024 ലെ കണക്കനുസരിച്ച് രത്തൻ ടാറ്റയുടെ ആസ്‌തി 3800 കോടി രൂപയോളമാണ്. പലപ്പോഴും വരുമാനത്തിന്റെ ഏറിയ പങ്കും ചാരിറ്റി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ചിലവാക്കുന്ന രീതിയായിരുന്നു രത്തൻ ടാറ്റയുടേത്. അതിനാലാണ് മറ്റ് ശത കോടീശ്വരൻമാരെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ വ്യക്തിഗത സമ്പത്ത് കുറവായത്.












Click it and Unblock the Notifications