പൊരിവെയിലിൽ കാർ യാത്ര നടത്തുന്നവരാണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്കും കാറിനും പണി കിട്ടും
വേനൽചൂടിലേക്ക് കടക്കാൻ പോവുകയാണ് നമ്മുടെ നാട്. ഇപ്പോഴത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും യാത്ര സ്വന്തം വാഹനത്തിലാണ്. അതിൽ തന്നെ വേനൽക്കാലം ആയിക്കഴിഞ്ഞാൽ കാർ തന്നെയാവും മിക്കവരും ആശ്രയിക്കുന്ന വാഹനം. വെയിലിന്റെ ചൂടേൽക്കാതെ എസിയും ഇട്ട് സുഖമായി യാത്ര ചെയ്യാമെന്നുള്ള ഓപ്‌ഷനാണ് കാറിനെ ജനപ്രിയമാക്കുന്നത്.
എന്നാൽ വേനൽക്കാലത്തെ കാർ യാത്രയിൽ നാം ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് പലർക്കും അറിയില്ല. ചെറിയ കാര്യങ്ങൾ മുതൽ നിങ്ങളുടെ ജീവന് ഭീഷണിയായേക്കാവുന്ന ഗുരുതര പ്രത്യാഘാതങ്ങൾ അടങ്ങിയ വിഷയങ്ങൾ വരെ ഇതിലുണ്ട്. നിങ്ങൾ ഈ വേനൽക്കാലത്ത് കൂടുതലായും കാറിലാണ് യാത്ര ചെയ്യുന്നതെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

ബാറ്ററി: ഇതിലെ വാട്ടർ കൃത്യമാണെന്നും ദ്രാവകം കുറവല്ലെന്നും മുൻകൂട്ടി ഉറപ്പാക്കുന്നത് നല്ലതായിരിക്കും. ബാറ്ററി ടെർമിനലിലെ പൊടിപടലങ്ങളും, അനാവശ്യ വസ്‌തുക്കളും ഒക്കെ നീക്കം ചെയ്‌തു പെട്രോളിയം ജെല്ലി പുരട്ടി സംരക്ഷിക്കാവുന്നതാണ്.
ടയറുകൾ: വേനൽക്കാലത്ത് ഏറ്റവുമധികം ശ്രദ്ധിക്കേണ്ട വാഹനത്തിലെ ഒരു ഭാഗമാണ് ടയറുകൾ. ചൂട് കൂടുതലാകുന്നതിനൊപ്പം ഘർഷണം മൂലവും ടയറിനുള്ളിൽ മർദ്ദം ഉണ്ടാക്കും. ഇതിനെ തടയാൻ നൈട്രജൻ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. എപ്പോഴും വാഹനത്തിലെ ടയറിൽ കാറ്റ് കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണ്.
എയർകണ്ടിഷൻ പരിശോധിക്കുക: എസി ഗ്യാസ് കൃത്യമായി പരിശോധിക്കുകയും ഇവിടെ ലീക്കുകളില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കൂടാതെ വാഹനത്തിനു പുറത്തുനിന്ന് വായു വലിച്ചെടുക്കുന്ന ഭാഗത്തെ ഫിൽറ്റർ വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക. ഇതിനായി ഒരു എസി മെക്കാനിക്കിനെ സമീപിക്കുന്നതാവും നല്ലത്.
കൂളന്റ് പരിശോധിക്കൽ: ഏതൊരു വാഹനത്തിന്റെയും എഞ്ചിനിലെ ചൂട് നിയന്ത്രിക്കുന്നതിനുള്ള സംവിധാനമാണ് കൂളന്റ്. ആവശ്യമായ അളവിൽ വാഹനത്തിൽ കൂളന്റ് ഇല്ലാതായാൽ വേനൽക്കാലത്ത് യാത്ര ചെയ്യുമ്പോൾ എഞ്ചിൻ അമിതമായി ചൂടാകും. ഇത് കൂടുതൽ പ്രശ്‌നങ്ങളിലേക്കാവും നായിക്കുക.
പാർക്കിംഗിൽ ശ്രദ്ധ പുലർത്തുക: പരമാവധി തണലുള്ള ഭാഗങ്ങളിൽ പാർക്ക് ചെയ്യുക. ഇതിനു സാധിക്കാതെ വന്നാൽ വശങ്ങളിലെ വിൻഡോ 5 സെന്റിമീറ്റർ വീതം താഴ്ത്തിയിടാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഉള്ളിൽ ചൂടേറിയ വായു ഉണ്ടാവാൻ ഇടയുണ്ട്. അഥവാ അങ്ങനെ വന്നാൽ വാഹനത്തിനുള്ളിൽ കയറും മുൻപ് കഴിവതും എല്ലാ ഡോറുകളും അൽപനേരം തുറന്നു വയ്ക്കുന്നത് നന്നാവും.
പെർഫ്യൂം, സാനിറ്റൈസർ എന്നിവ ഒഴിവാക്കുക: വേനൽക്കാലത്ത് വാഹനത്തിനുള്ളിൽ ഉപയോഗിക്കുന്ന പെർഫ്യൂമുകൾ, എയർഫ്രഷ്‌നർ, സാനിറ്റൈസർ മുതലായവയെല്ലാം പരമാവധി ഒഴിവാക്കുന്നതാവും നല്ലത്. മർദമുള്ള കാനുകളിൽ നിറച്ച ഇവ പൊട്ടിത്തെറിക്കാൻ ചൂട് കാരണമാവും. ഇതിന് പുറമെ പൊട്ടിത്തെറിക്കുന്ന വസ്‌തുക്കളിൽ സാനിറ്റൈസർ, സ്‌പിരിറ്റ് എന്നിവയുടെ സാന്നിധ്യം ഉണ്ടെങ്കിൽ അത് തീപിടിത്തത്തിനും കാരണമാകും.












Click it and Unblock the Notifications