എംവിഡിക്ക് ഫൈനടക്കാൻ ഇനിയും കാത്തിരിക്കേണ്ട; ഇങ്ങനെ ചെയ്‌താൽ പണവും ലാഭിക്കാം, ജപ്‌തിയും ഒഴിവാകും...
കേരളത്തിൽ മോട്ടോർ വാഹന നിയമങ്ങൾ ശക്തമായി നടപ്പിലാക്കി വരികയാണ് എംവിഡി. ഇതിന്റെ ഭാഗമായി നിരത്തുകളിൽ എഐ ക്യാമറ അടക്കമുള്ള നൂതന സംവിധാനങ്ങളും, ഡ്രോൺ നിരീക്ഷണവുമൊക്കെ പരീക്ഷിക്കുന്നുണ്ട് അവർ. എന്നാൽ നികുതി കുടിശ്ശിക ഉള്ള വാഹന ഉടമകൾക്ക് വേണ്ടി നടപ്പാക്കുന്ന ഒരു പദ്ധതിയാണ് ഒറ്റത്തവണ തീർപ്പാക്കൽ. ഇതിലൂടെ വാഹന ഉടമകൾക്ക് കുടിശ്ശിക അടച്ചു തീർത്ത് ബാധ്യത ഒഴിവാക്കാനുള്ള അവസരമാണ് മോട്ടോർ വാഹന വകുപ്പ് ഒരുക്കുന്നത്.
അടുത്തിടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2024 മാര്‍ച്ച് 31 വരെ നീട്ടിയെന്ന പ്രഖ്യാപനം പുറത്തുവന്നത്. ഇത് ശരിക്കും വാഹന ഉടമകൾക്ക് നൽകുന്ന ആശ്വാസം ചില്ലറയല്ല എന്നതാണ് സത്യം. കാരണം നികുതി കുടിശ്ശിക എന്ന ബാധ്യത കാരണം റവന്യൂ റിക്കവറി അടക്കമുള്ള നിയമ നടപടികളിലേക്ക് നീങ്ങുമെന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന ഒരുപാട് പേർക്ക് ഇത് ആഹ്ളാദത്തിനുള്ള വക നൽകുന്നു.

നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് നികുതി ബോധ്യതയില്‍ നിന്നും ജപ്‌തി ഉൾപ്പെടെയുള്ള നടപടികളില്‍ നിന്നും ഒഴിവാകാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കുന്നു. നേരത്തെ പലതവണയായി ഇതിന്റെ കാലാവധി എംവിഡി നീട്ടി നൽകുകയായിരുന്നു.
എംവിഡി പറയുന്നത് ഇങ്ങനെ:
മോട്ടോര്‍ വാഹന വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 31-03-2024 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് നികുതി ബോധ്യതയില്‍ നിന്നും ജപ്‌തി നടപടികളില്‍ നിന്നും ഒഴിവാകാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. 31-03-2019നു ശേഷം നികുതി അടച്ചിട്ടില്ലാത്തതും 31-03-2023ല്‍ കുറഞ്ഞത് നാല് വര്‍ഷമെങ്കിലും നികുതി കുടിശ്ശിക ഉള്ളതുമായ വാഹന ഉടമകള്‍ക്ക് ഇത് പ്രയോജനപ്പെടുത്തി 31-03-2023 വരെയുള്ള നികുതി കുടിശ്ശിക തീര്‍പ്പാക്കാവുന്നതാണ്.
ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് കുടിശ്ശിക നികുതിയുടെ 30 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് (സ്വകാര്യ വാഹനങ്ങള്‍) കുടിശ്ശിക നികുതിയുടെ 40 ശതമാനവും അടച്ചാല്‍ മതിയാകും. ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധിക്ക് ശേഷവും നികുതി കുടിശ്ശിക തീര്‍പ്പാക്കാത്ത വാഹന ഉടമകള്‍ക്കെതിരെ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ കൈകൊള്ളുന്നതായിരിക്കും.












Click it and Unblock the Notifications