ജാവയും ബജാജും ഒരുങ്ങിത്തന്നെ; ബിഗ് ബില്യൺ ഡേയ്‌സിൽ വമ്പൻ ഡിസ്‌കൗണ്ട്, ബൈക്ക് ഓൺലൈനിൽ വാങ്ങിയാലോ?
രാജ്യത്ത് നവരാത്രി, ദീപാവലി ഉത്സവങ്ങൾ അടുത്തതോടെ വമ്പൻ ഓഫറുകളാണ് ഓൺലൈൻ വ്യാപാര മേഖലയിൽ ലഭ്യമായി കൊണ്ടിരിക്കുന്നത്. ഫ്ലിപ്‌കാർട്ട് ഉൾപ്പെടയുള്ള ഇ കൊമേഴ്‌സ് വമ്പന്മാർ ഉപഭോക്താക്കൾക്ക് വേണ്ടി ഓഫറുകളുടെ പെരുമഴ തന്നെയാണ് തീർത്തിരിക്കുന്നത്. അതിൽ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, സ്‍മാർട്ട്ഫോണുകൾ എന്നിവ മാത്രമാണ് വാങ്ങാൻ കിട്ടുക എന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്.
എന്നാൽ ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകളുടെ ഇരുചക്ര വാഹനങ്ങളും ഇത്തരം ഇ കൊമേഴ്‌സ് സൈറ്റുകളിൽ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. ചെറിയ ബ്രാൻഡുകളുടെ ചെറിയ വണ്ടികളല്ല, ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ ടിവിഎസ്, ബജാജ്, ഹോണ്ട, ജാവ എന്നിങ്ങനെ മുൻനിര കമ്പനികൾ എല്ലാം തന്നെ ഈ ഓഫർ ലഭ്യമാവുന്നവയുടെ കൂട്ടത്തിൽപെടുന്നതാണ്.

പൊതുവെ വാഹന വിപണിയിലെ മന്ദത കൂടി കണക്കിലെടുത്ത് കമ്പനികൾ വിവിധ മോഡലുകളുടെ വില കുറച്ച സാഹചര്യത്തിലാണ് ഓൺലൈൻ ഓഫറുകൾ കൂടി ലഭ്യമാവുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. 25000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുന്ന വാഹനങ്ങൾ വരെ ഇക്കൂട്ടത്തിൽ ഉണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഫ്ലിപ്‌കാർട്ടിൽ ലഭ്യമാവുന്ന ഓഫറുകൾ എന്തൊക്കെയാണെന്ന് നോക്കാം.
ഫ്ലിപ്‌കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ: ബൈക്കുകളുടെ ഓഫറുകൾ അറിയാം
ടിവിഎസ് റോണിൻ: നിലവിൽ 1.35 ലക്ഷം രൂപ മുതലാണ് ഈ ബൈക്കിന്റെ എക്‌സ് ഷോറൂം വില. എന്നാൽ ഈ ഉത്സവ സീസണിൽ മോട്ടോർസൈക്കിളിന് 15,000 രൂപയുടെ ഡിസ്‌കൗണ്ടാണ് ലഭ്യമാവുക. എന്നാൽ ഇത് എസ്എസ് വേരിയന്റിന് മാത്രമേ ലഭ്യമാവൂ. മറ്റ് മൂന്ന് വേരിയന്റുകൾക്ക് ഡിസ്‌കൗണ്ട് ലഭ്യമാവില്ല എന്നത് ഓർക്കണം.
ഹീറോ: കമ്പനിയുടെ ഒന്നിലധികം വാഹനങ്ങൾക്ക് ഫ്ലിപ്‌കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് ഓഫറിലൂടെ വൻ ഡിസ്‌കൗണ്ട് ലഭിക്കും. ഹീറോ മാവ്‌റിക്കിന് 23,500 രൂപയുടെ ഡിസ്‌കൗണ്ട് നിങ്ങൾക്ക് ലഭ്യമാവും. 1.76 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. ഇതിന് പുറമേ കരിഷ്‌മ ഇസെഡ്എംആറിനും വിലയിടവുണ്ട്. ഈ വാഹനത്തിന് 21,000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ എക്‌സ്ട്രീം160ആർ, എക്‌സ്ട്രീം 160ആർ 4വി എന്നിവയ്ക്ക് യഥാക്രമം 13,500 രൂപയുടെയും 16,000 രൂപയുടെ കിഴിവും കിട്ടും.
ബജാജ്: ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ബജാജും ഓൺലൈൻ വിൽപ്പനയിൽ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡോമിനാർ 400 മോഡൽ 23,500 രൂപ കിഴിവോടെയും ഡോമിനാർ 250 മോഡൽ 16,000 രൂപയുടെ കിഴിവോടെയും ലഭ്യമാവും. പൾസർ സീരീസിലെ മോഡലുകൾക്കും വിലക്കുറവുണ്ട്.
ജാവ: എല്ലാ ജാവ യെസ്ഡി മോട്ടോർസൈക്കിളുകൾക്കും നിലവിൽ 22,500 രൂപ വരെയുള്ള ഡിസ്‌കൗണ്ടുകൾ ലഭ്യമാണ്. കൂടാതെ ഫ്ലിപ്‌കാർട്ട് വഴി വാങ്ങുമ്പോൾ അധികമായി ബാങ്ക് ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തി വില കുറയ്ക്കാനും കഴിയും. എച്ച്ഡിഎഫ്‌സി ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ 8500 രൂപയുടെ അധിക കിഴിവ് കൂടി ലഭിക്കും.












Click it and Unblock the Notifications