ഥാർ ഇനി ഇത്തിരി വിയർക്കും; മലർത്തിയടിക്കാൻ ഗൂർഖ വരുന്നു, കേട്ടാൽ ഞെട്ടുന്ന ഫീച്ചറുകളുമായി
ഇന്ത്യൻ എസ്‌യുവി വിപണിയിൽ കിരീടമില്ലാത്ത രാജാവിനെ പോലെ വാഴുന്ന വാഹനങ്ങളിൽ ഒന്നാണ് മഹീന്ദ്ര ഥാർ. ഓഫ്‌റോഡ് എസ്‌യുവി സെഗ്‌മെന്റിൽ ഥാറിനോളം ജനപ്രീതിയുള്ള മറ്റൊരു വാഹനം ഇന്ത്യയിൽ ഇനി പുതുതായി അവതരിപ്പിക്കേണ്ടിയിരുന്നു. അതുകൊണ്ട് തന്നെ ഥാറിന്റെ വിപണി സാധ്യതകൾ പൂർണമായും ഉപയഗപ്പെടുത്താൻ തന്നെയാണ് കമ്പനിയുടെ ശ്രമം.
നിലവിൽ മഹീന്ദ്ര ഥാറിന്റെ ശരാശരി ആറായിരം യൂണിറ്റുകൾ വരെ ശരാശരി വിൽക്കുന്നു, ഇത് ഒരു ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി സംബന്ധിച്ച ഉയർന്ന കണക്കുകളാണ്. ഥാറിന്റെ 4×2 വേരിയന്റ് കൊണ്ടുവരാനുള്ള മഹീന്ദ്രയുടെ പദ്ധതികളാണ് ശരിക്കും വിപണിയിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ചത് എന്ന് വേണമെങ്കിൽ പറയാം.

എന്നാൽ ഇപ്പോൾ ഇതേ സൂപ്പർസ്‌റ്റാർ ഥാറിനെ മലർത്തിയടിക്കാൻ ഫോഴ്‌സ് ഒരു പദ്ധതിയുമായി രംഗത്ത് വരികയാണെന്നാണ് ലഭ്യമായ വിവരം. വിവിധ റിപ്പോർട്ടുകൾ പ്രകാരം, ഗൂർഖ 3-ഡോറിന്റെ പുതിയ 4×2 വേരിയന്റിലാണ് ഫോഴ്‌സ് മോട്ടോഴ്‌സ് ശ്രദ്ധപതിപ്പിക്കുന്നത്. ഈ വേരിയന്റിന്റെ അണിയറയിലാണ് കമ്പനി എന്നാണ് സൂചന.
ഥാറിൽ മഹീന്ദ്ര നടത്തിയതിന് സമാനമായ മാറ്റങ്ങളായിരിക്കും ഫോഴ്‌സിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുക. അതിനാൽ തന്നെ 4×4 ടെക്‌നോളജി മാത്രമായിരിക്കും വാഹനത്തിൽ ഇല്ലാതിരിക്കുക, കാറിന്റെ മറ്റ് ഫീച്ചറുകൾ 4×4 മോഡലിന് സമാനമായിരിക്കും എന്നാണ് ലഭ്യമായ വിവരം. മികച്ച എഞ്ചിൻ ട്യൂണും കൂടുതൽ ഫീച്ചറുകളും നൽകി ഫോഴ്‌സ് അടുത്തിടെ ഗൂർഖ അപ്ഡേറ്റ് ചെയ്‌തിരുന്നു എന്ന കാര്യം മറക്കരുത്.
അതുകൊണ്ട് തന്നെ 4×2 വേരിയൻ്റിൽ പുതിയ മാറ്റങ്ങളൊന്നും ഉണ്ടാവാൻ ഇടയില്ലെന്നാണ് കരുതപ്പെടുന്നത്. ഗൂർഖ 4×2 രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള നാല് സീറ്റ് കോൺഫിഗറേഷനുമായാണ് വരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 132 ബിഎച്ച്‌പിയും 320 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള 2.6 ലിറ്റർ ഡീസൽ എഞ്ചിൻ ഈ മോഡലിൽ തുടർന്നേക്കും.
നിലവിൽ ഈ വാഹനം അതിന്റെ പ്രാരംഭ ഘട്ടത്തിലാണ് ഉള്ളത്. എന്നാൽ കാര്യമായ മാറ്റങ്ങളില്ലാതെ വരുന്ന വേരിയന്റ് ആയതിനാൽ തന്നെ ഇക്കാര്യത്തിൽ ഫോഴ്‌സ് ഒരുപാട് സമയമെടുക്കാൻ ഇടയില്ലെന്നാണ് സൂചന. 2025ൽ തന്നെ ഫോഴ്‌സ് ഗൂർഖ 4×2 പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിലയുടെ കാര്യത്തിൽ നിലവിലെ വേരിയന്റിനേക്കാൾ കാര്യമായ കുറവുണ്ടാകും എന്നതാണ് പ്രത്യേകത. എന്നാൽ കൃത്യമായി ഇപ്പോൾകമ്പനി പ്രഖ്യാപിച്ചിട്ടില്ല.












Click it and Unblock the Notifications