മുട്ടാൻ നിക്കണ്ട സീൻ മോനേ; ഇനി ഗിയർ മാറ്റി മെനക്കെടേണ്ട, ഫോഴ്‌സിന്റെ ഗൂർഖ വരുന്നത് ഓട്ടോമാറ്റിക് മോഡിൽ
ഇന്ത്യൻ വിപണിയിൽ ഫോഴ്‌സ് ശക്തമായ സാന്നിധ്യമായി മാറുകയാണ്. ധാരാളം മോഡലുകൾ ഫോഴ്‌സ് രംഗത്തിറക്കിയിട്ടുണ്ടെങ്കിലും അവരെ കൂടുതൽ ജനപ്രിയമാക്കുന്നത് മുൻനിര മോഡലായ ഗൂർഖ തന്നെയാണ്. കമ്പനിയുടെ ഏറ്റവും ആവശ്യക്കാരുള്ള ഈ മോഡൽ വിൽപ്പന കണക്കുകളിൽ ഇന്ത്യയിൽ മുന്നിട്ട് നിൽക്കുന്ന എസ്‌യുവി കാറുകളിൽ ഒന്നാണ്.
അവർ തങ്ങളുടെ എസ്‌യുവി വിപണിയിലെ സാന്നിധ്യം ശക്തമാക്കുക ലക്ഷ്യമിട്ട് അഞ്ച്-ഡോർ വകഭേദം ഉൾപ്പെടെ അവർ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു നിർണായക പ്രഖ്യാപനവും കമ്പനി നടത്തിയിരിക്കുകയാണ്. ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്‌ഷൻ കൂടി വാഗ്‌ദാനം ചെയ്‌തുകൊണ്ട് ഫോഴ്‌സ് അതിന്റെ ഗൂർഖ ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കാൻ ഒരുങ്ങുകയാണ്.

നിസ്സാൻ മാഗ്‌നൈറ്റും റെനോ കിഗറിന്റെ സിവിടി ഗിയർബോക്‌സും വിതരണം ചെയ്യുന്ന ജപ്പാൻ ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ കമ്പനിയായ ജാറ്റ്‌കോയിൽ നിന്ന് ഗിയർബോക്‌സ് എത്തിച്ചു കൊണ്ടാണ് ഫോഴ്‌സ് തങ്ങളുടെ ദൗത്യം പൂർത്തിയാക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
16.75 ലക്ഷം രൂപ മുതൽ വിലയുള്ള ഗൂർഖ ഇപ്പോൾ 3-ഡോർ വകഭേദത്തിന് പുറമെ 5-ഡോർ രൂപത്തിലും കൂടുതൽ ശക്തമായ 140എച്ച്പി ഡീസൽ എഞ്ചിനിലും കൂടുതൽ ഫീച്ചറുകളിലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ കുറഞ്ഞ വിലയുള്ള 4x2 വേരിയന്റിൻ്റെ അഭാവവും എസ്‌യുവിയിൽ 5-സ്‌പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ ലഭ്യമാകൂ എന്നതും വാഹനത്തിന് തിരിച്ചടിയാണ്.
അതുകൊണ്ട് കൂടിയാണ് കമ്പനി ഇപ്പോൾ ഓട്ടോമാറ്റിക് വിപണി പിടിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിടുന്നത്. വിപണിയിൽ ഗൂർഖയുടെ പ്രധാന എതിരാളികളായ മാരുതി സുസുക്കി ജിംനി, മഹീന്ദ്ര ഥാർ എന്നിവയിൽ ഓട്ടോമാറ്റിക് ഓപ്‌ഷൻ നേരത്തെ തന്നെ സജ്ജീകരിച്ചിട്ടുണ്ട് എന്നതാണ് കമ്പനിയെ കാര്യങ്ങൾ അൽപ്പം വേഗത്തിലാക്കാൻ പ്രേരിപ്പിക്കുന്നത്.
കൂടാതെ ഗൂർഖയിൽ ഫോഴ്‌സ് മോട്ടോഴ്‌സ് ഒരു 7-സ്‌പീഡ് ടോർക്ക് കൺവെർട്ടർ യൂണിറ്റിന് കൂടി കമ്പനി നോകുനുണ്ട, ഇത് കമ്പനിയുടെ കൂടുതൽ ഓഫ്‌റോഡ് സ്വപ്‌നങ്ങൾക്ക് കരുത്തേകുമെന്നും 4WD ഗിയറുമായി ചേർന്ന് നന്നായി പ്രവർത്തിക്കുമെന്നും കരുതുന്നു. അതുകൊണ്ട് തന്നെ ഈ മോഡലിൽ ഒരു ലക്ഷം രൂപയോളം വില വർധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഓട്ടോ സ്‌റ്റാർട്ട്-സ്‌റ്റോപ്പ്, ടയർ പ്രഷർ മോണിറ്റർ, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ, സ്‌പീഡോമീറ്ററിനും ടാക്കോമീറ്ററിനുമുള്ള ഡിജിറ്റൽ റീഡ്-ഔട്ടുകൾ എന്നിങ്ങനെ ധാരാളം ഫീച്ചറുകളുള്ള വാഹനമാണ് ഗൂർഖ, കൂടാതെ നിലവിൽ മാരുതി ജിംനിക്കും ഥാറിനും വലിയ ഭീഷണിയായി വിപണിയിൽ താരതമ്യേന മികച്ച പ്രകടനം നടത്തുന്നതിനാൽ ഓട്ടോമാറ്റിക് വകഭേദം കൂടുതൽ ഗുണം ചെയ്യുമെന്നാണ് കമ്പനി കരുതുന്നത്.












Click it and Unblock the Notifications