ഫോർച്യൂണറിനോട് പറഞ്ഞേക്ക് എൻഡവർ വരുന്നുണ്ടെന്ന്..! ഫോർഡിനും താഴെയാണോ ടൊയോട്ട? ഇത് എവറസ്‌റ്റ്
വാഹനപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന വാർത്തയാണ് ഫോർഡിന്റെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ്. ദിനംപ്രതി ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിൽ കാര്യമായ പുരോഗതി ഒന്നും ഇതുവരെ വന്നിരുന്നില്ല. എന്നാൽ എൻഡവർ ആരാധകരെ പുളകം കൊള്ളിക്കുന്ന ഏറ്റവും പുതിയ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഫോർഡിന്റെ എക്കലത്തെയും ജനപ്രിയ മോഡലുകളിൽ ഒന്നായ എൻഡവർ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു.
എൻഡവർ അല്ലെങ്കിൽ ആഗോള വിപണിയിൽ എവറസ്‌റ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഈ എസ്‌യുവി ഇതിനകം തന്നെ ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്ന് കാണിക്കുന്ന പുതിയ ചിത്രങ്ങൾ ഇപ്പോൾ വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ചെന്നൈയിൽ വച്ചാണ് ഈ വാഹനത്തെ ട്രാക്ക് ചെയ്‌തതെന്നാണ് സൂചന. പുതിയ ഫോർഡ് എൻഡവർ വിപണിയിലെ ശത്രുവായ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്‌റ്റർ എന്നിവയെ നേരിടും.

ഫോർഡ് എവറസ്‌റ്റിന്റെ ചിത്രം 4×4 ഇന്ത്യ എന്ന ഫെയ്‌സ്ബുക്ക് പേജ് ആണ് ഷെയർ ചെയ്‌തത്. ചിത്രങ്ങളിൽ, ചെന്നൈയിലെവിടെയോ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്ന റിക്കവറി ട്രക്കിൽ ഒരു പ്രത്യേക വാഹനമാണുണ്ടായിരുന്നത് ഗ്രേ നിറമുള്ള ഫോർഡ് എവറസ്‌റ്റ് ആയിരുന്നു അത്. ഇവിടെ കാണുന്ന എസ്‌യുവി നേപ്പാളിലും മറ്റ് അയൽരാജ്യങ്ങളിലും വിൽക്കുന്ന അന്താരാഷ്ട്ര മോഡലിന് സമാനമാണ്. പരീക്ഷണ ആവശ്യങ്ങൾക്കായി ഫോർഡ് എവറസ്‌റ്റ് ഇവിടേക്ക് എത്തിച്ചതാവാനാണ് സാധ്യത.
ആരെങ്കിലും ഈ കാർ സ്വകാര്യമായി ഇറക്കുമതി ചെയ്‌തതാവാനുള്ള സാധ്യതയും തള്ളികളയാനാവില്ല. എങ്കിലും വാഹന പ്രേമികൾ പ്രതീക്ഷയിലാണ്. ഇന്ത്യൻ വിപണിയിൽ 2WD, 4×4 എന്നീ രണ്ട് വേരിയന്റുകൾ ഇറക്കാൻ ഫോർഡ് പദ്ധതിയിടുന്നു എന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ഇതിൽ 2WD വേരിയൻറ് യഥാർത്ഥത്തിൽ എസ്‌യുവിക്ക് കൂടുതൽ മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കാൻ ഫോർഡിനെ സഹായിക്കും.
ഫോർഡ് എവറസ്‌റ്റ് ഫീച്ചറുകൾ
ഫോർഡ് എവറസ്‌റ്റ് ആഗോള പതിപ്പിന്റെ ഫീച്ചറുകൾ നമുക്ക് അറിയാവുന്നതാണ്. 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ അല്ലെങ്കിൽ 2.0 ലിറ്റർ ബൈ-ടർബോ ഡീസൽ എഞ്ചിനാണ് ഈ കരുത്തുറ്റ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ആദ്യത്തേത് 405 Nm ടോർക്ക് ഔട്ട്പുട്ടിൽ 168 bhp ഉത്പാദിപ്പിക്കുമ്പോൾ, ബൈ-ടർബോ 500 Nm ടോർക്കിൽ 208 bhp ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
ടർബോ ഡീസൽ എഞ്ചിൻ 6-സ്‌പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി ജോഡിയാക്കിയിരിക്കുന്നു, ബൈ-ടർബോ 10-സ്‌പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായാണ് വരുന്നത്. രണ്ട് ട്രാൻസ്‌മിഷനുകളും സെലക്‌ട് ഷിഫ്റ്റിൽ ഫീച്ചർ ചെയ്യുന്നു, കൂടാതെ 4x2, 4x4 ഡ്രൈവ്ട്രെയിനുകൾക്കുള്ള ഓപ്ഷനുകളും ഫോർഡ് ഇവയിൽ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
ഡിസൈൻ സംബന്ധിച്ചിടത്തോളം, ഏറ്റവും പുതിയ എൻഡവർ അഥവാ എവറസ്‌റ്റ് അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് കൂടുതൽ കരുത്തുറ്റ രൂപവുമായാണ് അവതരിപ്പിക്കുന്നത്. എൽഇഡി ഹെഡ്‌ലാമ്പുകളാൽ നിറഞ്ഞ സി ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലാമ്പുകൾ, വലിയൊരു ഗ്രിൽ, കരുത്തുറ്റ ബമ്പർ എന്നിവ ഇതിന്റെ ശ്രദ്ധേയമായ പുതിയ സവിശേഷതകളിൽ ഉൾപ്പെടുന്നു. എന്നാൽ ഈ ഡിസൈൻ, പവർ ട്രെയിൻ ഓപ്‌ഷനുകൾ തന്നെയാവുമോ ഇന്ത്യയിൽ അവതരിപ്പിക്കുക എന്ന കാര്യം അറിയില്ല.












Click it and Unblock the Notifications