സ്‌റ്റാലിൻ എന്നാ സുമ്മാവാ; ഇന്ത്യയിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച് ഫോർഡ്, അതും ഈ നഗരത്തിലേക്ക്
ഇന്ത്യയിലെ വാഹന പ്രേമികളെ ഒന്നാകെ നിരാശയിലാഴ്ത്തി കൊണ്ടാണ് ഫോർഡ് ഇവിടുത്തെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് മടങ്ങുകയാണെന്ന് പ്രഖ്യാപനം നടത്തിയത്. 2021ലായിരുന്നു എക്കവരെയും ഞെട്ടിച്ച ഈ പിന്മാറൽ. എന്നാൽ ഇതിന് മൂന്ന് വർഷങ്ങൾക്ക് ശേഷം ഇതാ ഫോർഡ് ഇന്ത്യയിലേക്ക് തങ്ങളുടെ തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ്.
അതിന്റെ ആദ്യ സൂചനകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. കയറ്റുമതിക്കായി തമിഴ്‌നാട്ടിൽ ഒരു നിർമ്മാണ പ്ലാന്റ് വീണ്ടും തുറക്കാൻ ഫോർഡ് മോട്ടോർ പദ്ധതിയിടുന്നതായി കമ്പനി വെള്ളിയാഴ്‌ച പ്രഖ്യാപിച്ചു. മൂന്ന് വർഷം മുമ്പ് കൈവിട്ട ഇന്ത്യൻ വിപണിയിലേക്കുള്ള ഫോർഡിന്റെ തിരിച്ചുവരവിന്റെ സൂചനയാണ് ഇതെന്നാണ് റോയിറ്റേഴ്‌സ് ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കയറ്റുമതി ആവശ്യങ്ങൾക്കായി സംസ്ഥാനത്ത് പ്ലാന്റ് പുനരാരംഭിക്കുന്നതിന് ഫോർഡുമായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെ കുറിച്ച് മുഖ്യമന്ത്രി തമിഴ്‌നാട് എംകെ സ്‌റ്റാലിൻ വെളിപ്പെടുത്തി രണ്ട് ദിവസത്തിന് ശേഷമാണ് ഫോർഡ് ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് തമിഴ്‌നാട് സർക്കാരിന് കത്ത് സമർപ്പിച്ചതായാണ് കമ്പനി ഇപ്പോൾ വ്യക്തമാക്കുന്നത്.
നേരത്തെ തന്റെ 16 ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനിടെ ചിക്കാഗോയിൽ ഫോർഡ് മോട്ടോർ കമ്പനി പ്രതിനിധികളുമായി എംകെ സ്‌റ്റാലിൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ചെന്നൈയ്ക്ക് സമീപമുള്ള മുൻ പ്ലാന്റിൽ പഴയത് പോലെ ഉൽപ്പാദനം പുനരാരംഭിക്കാൻ അമേരിക്കൻ വാഹന നിർമാതാക്കളോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്‌തിരുന്നു.
കമ്പനി നൽകിയ കത്തിൽ പറയുന്നതനുസരിച്ച്, കയറ്റുമതിക്കുള്ള പുത്തൻ ഊർജ്ജ വാഹനങ്ങളുടെ (ഇലക്ട്രിക് ഉൾപ്പെടെ) നിർമ്മാണ കേന്ദ്രമായി ചെന്നൈ പ്ലാന്റ് മാറ്റാനാണ് ഫോർഡ് മോട്ടോർ ഇന്ത്യയുടെ ശ്രമം. ഇത്രയൊക്കെ ആണെങ്കിലും ആഭ്യന്തര വിപണിയിലേക്കുള്ള കൂടുതൽ പദ്ധതികൾ കമ്പനി ഇതുവേ വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
എങ്കിലും സമീപ ഭാവിയിൽ തന്നെ ഫോർഡ് ഇക്കാര്യത്തിൽ പ്രഖ്യാപനം നടത്തുമെന്നാണ് ലഭ്യമായ വിവരം. അതേസമയം, ഇപ്പോൾ തന്നെ ഫോർഡ് വിവിധ വകുപ്പുകളിലേക്ക് വിദഗ്ദ്ധരായ എൻജിനീയർമാരെ നിയമിക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഇത് വലിയ രീതിയിലുള്ള തിരിച്ചുവരവിന്റെ ഭാഗമായുള്ള നിയമനങ്ങളാണോ എന്നത് അധികം വൈകാതെ തന്നെ വ്യക്തമാവുമെന്ന് ഉറപ്പാണ്.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാർ വിപണിയായ ഇന്ത്യ വിട്ടെങ്കിലും അന്താരാഷ്ര മാർക്കറ്റിൽ സജീവമായി തന്നെ ഫോർഡ് ഇപ്പോഴും തങ്ങളുടെ കരുത്ത് തെളിയിക്കുന്നുണ്ട്. നിരവധി മുൻനിര മോഡലുകളാണ് അവരുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. അതിൽ ഇവി വാഹനങ്ങൾ നാലെണ്ണമാണ് ഉള്ളത്. ഇവയുടെ ഉത്പാദനമാവും ചെന്നൈയിലെ പ്ലാന്റിൽ തുടങ്ങുക എന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ പിന്നാലെ പുറത്തുവരും എന്ന് കരുതാം.












Click it and Unblock the Notifications