പുത്തൻ മഹീന്ദ്ര സ്കോർപിയോ-എൻ സ്വന്തമാക്കി മുൻ ഓസ്‌ട്രേലിയൻ സ്‌റ്റാർ ബാറ്റർ
പുതിയ മഹീന്ദ്ര സ്‌കോർപ്പിയോ-എൻ സ്വന്തമാക്കി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മാത്യു ഹെയ്‌ഡൻ. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് മഹീന്ദ്ര സ്കോർപിയോ-എൻ, മഹീന്ദ്രയുടെ മുഖങ്ങളിൽ ഒന്നാണ്. ഇന്ത്യയ്ക്ക് പുറമെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും മഹീന്ദ്ര ഈ വാഹനം വിൽക്കുന്നുണ്ട്.
എവറസ്‌റ്റ് വൈറ്റ് ഷേഡ് നിറമുള്ള സ്‌കോർപിയോ-എൻ ആണ് ഹെയ്‌ഡൻ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയിലെ മഹീന്ദ്രയുടെ അംബാസിഡർ കൂടിയാണ് ഹെയ്‌ഡൻ. വാഹനം ഹെയ്‌ഡൻ കൈപ്പറ്റുന്നതിന്റെ വീഡിയോ ഉൾപ്പെടെ മഹീന്ദ്ര തങ്ങളുടെ യൂട്യൂബ് വീഡിയോയിൽ പങ്കുവച്ചിട്ടുണ്ട്.

വാഹനത്തിലെ മെറ്റാലിക് ഫിനിഷാണ് തനിക്ക് കൂടുതൽ ഇഷ്‌ടമായതെന്ന് ഹെയ്‌ഡൻ സൂചിപ്പിക്കുന്നു. കാര്യമായ മുഖം മിനുക്കലുകളോടെയാണ് വാഹനം എത്തിയിരിക്കുന്നത്. മുൻവശത്ത്, ക്ലാഡിംഗും ക്രോം ടാലണുകൾ ഉൾക്കൊള്ളുന്ന പൂർണ വീതിയുള്ള ഫ്രണ്ട് ഗ്രില്ലും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിന് മഹീന്ദ്ര എക്സ്‍യുവി 700ലെ ഗ്രില്ലിനോട് കാര്യമായ സാമ്യമുണ്ട്. സിഗ്നേച്ചർ ഫ്രണ്ട് ഡബിൾ ബാരൽ എൽഇഡി ഹെഡ്‌ലാമ്പുകളും ഫോഗ് ലാമ്പുകൾ ഉൾക്കൊള്ളുന്ന ഡിആർഎല്ലുകൾ പോലെയുള്ള സ്റ്റിംഗും ഇതിലുണ്ട്. പുതുതായി അവതരിപ്പിച്ച 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ കാറിന് മികച്ച രൂപഭംഗി പ്രദാനം ചെയ്യുന്നതാണ്.
ഇന്ത്യയിൽ മഹീന്ദ്ര സ്കോർപിയോ-എൻ അടിസ്ഥാന വേരിയന്റിന്റെ വില ആരംഭിക്കുന്നത് 13.26 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതലാണ്. ഏറ്റവും ഉയർന്ന വകഭേദത്തിന്റെ വില 24.54 ലക്ഷം (എക്‌സ്-ഷോറൂം) വരെയാണ്.












Click it and Unblock the Notifications