മഹീന്ദ്ര ഥാർ മുതൽ മാരുതി സുസുക്കി ജിംനി വരെ; 2023ലെ ജനപ്രിയ എസ്‌യുവി കാറുകൾ ഇവയൊക്കെ...
കോവിഡ് കാലത്തിന് ശേഷം താരതമ്യേന വാഹന വിപണി മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെച്ച വർഷമാണ് കടന്നുപോവുന്നത്. രണ്ട് വർഷത്തെ ഞെരുക്കം മാറി വാഹന വിപണി ഇക്കുറി ഉണർവ് കാട്ടിയതിന്റെ ഉദാഹരണമാണ് കഴിഞ്ഞ മാസങ്ങളിൽ വിവിധ കാറുകൾ നേടിയ വിൽപ്പന കണക്കുകൾ. ഹാച്ബാക്ക്, സെഡാൻ, എസ്‌യുവി തുടങ്ങിയ സകല മേഖലകളിലും ഭേദപ്പെട്ട വിൽപനയാണ് നടന്നത്.
ഈ വർഷം ഏറ്റവുമധികം വാഹന പ്രേമികൾ നെഞ്ചിലേറ്റിയത് എസ്‌യുവി കാറുകളെയാണ് എന്നതാണ് വസ്‌തുത. കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള ട്രെൻഡ് അത് തന്നെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ കമ്പനികളെല്ലാം എസ്‌യുവി പോർട്ട്ഫോളിയോ വിപുലീകരിക്കുന്ന തിരക്കിലുമാണ്. ഈ വർഷം വിരലിൽ എണ്ണാവുന്ന കാറുകൾ മാത്രമേ ജനപ്രീതി സ്വന്തമാക്കിയവയിൽ ഉൾപ്പെടുന്നുള്ളൂ.

മേൽപറഞ്ഞത് പോലെ അതിൽ ഭൂരിഭാഗവും എസ്‌യുവികൾ തന്നെയാണ്. 2023ലെ ഏറ്റവും ജനപ്രിയമായ അഞ്ച് എസ്‌യുവികൾ നമുക്ക് പരിശോധിക്കാം. ഇതിൽ 2023ൽ ലോഞ്ച് ചെയ്‌തവ മാത്രമല്ല. ജനപ്രീതി കണക്കിലെടുത്ത് ഈ വർഷത്തെ ഏറ്റവും മികച്ച അഞ്ച് എസ്‌യുവികളെയാണ് ഇവിടെ തിരഞ്ഞെടുത്തിരിക്കുന്നത്.
മഹീന്ദ്ര ഥാർ (RWD)
ഓഫ്‌റോഡ് പ്രേമികൾക്ക് ഏറ്റവും കുറഞ്ഞ വിലയിൽ രാജ്യത്ത് ലഭ്യമാവുന്ന കരുത്തുറ്റ വാഹനമാണ് മഹീന്ദ്ര ഥാർ. ഈ വർഷം ഥാറിന്റെ ഡീസൽ വേരിയന്റും കമ്പനി പുറത്തിറക്കിയിരുന്നു. ഫോർ വീൽ ഡ്രൈവ്, ടു വീൽ ഡ്രൈവ് വകഭേദങ്ങളിൽ വാഹനം ലഭ്യമാവും. 117 ബിഎച്ച്‌പി കരുത്തും 300 എൻഎം പീക്ക് ടോർക്കും സൃഷ്‌ടിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ടു വീൽ ഡ്രൈവ് ഥാറിലുള്ളത്. എഞ്ചിൻ 6 സ്‌പീഡ് എംടിയുമായി (മാനുവൽ ട്രാൻസ്‌മിഷൻ) ജോഡിയാക്കും. ടുവീൽ ഡ്രൈവ് ഥാറിന് 10 ലക്ഷം രൂപയിൽ താഴെയാണ് വില. നിലവിൽ ഫോർ വീൽ ഡ്രൈവ് ഥാറിന് 13.59 ലക്ഷം മുതൽ 16.29 ലക്ഷം രൂപ വരെയും വിലയുണ്ട്.
ടാറ്റ നെക്‌സോൺ
ടാറ്റ നെക്‌സോൺ 2023 മോഡൽ ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ചത് സെപ്റ്റംബർ മാസത്തോടെയാണ്. 8.1 ലക്ഷം രൂപ മുതലായിരുന്നു ഈ വാഹനത്തിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. 118 എച്ച്‌പി കരുത്തും 170 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് 2023 നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് കരുത്ത് പകരുന്നത്.
മാരുതി ഫ്രോങ്ക്സ്
മാരുതി ഈ വർഷം അവതരിപ്പിച്ച ഏറ്റവും മികച്ച വാഹനങ്ങളിൽ ഒന്നാണ് ഈ എസ്‌യുവി. ഫൈവ്-ഡോർ ജിംനിക്കൊപ്പമായിരുന്നു ഇതും വിപണിയിലെത്തിയത്. സിഗ്മ, ഡെൽറ്റ, ഡെൽറ്റ+, സെറ്റ, ആൽഫ എന്നീ അഞ്ച് വേരിയന്റുകളിൽ ലഭ്യമാവുന്ന വാഹനത്തിന്റെ വില 7.46 ലക്ഷം രൂപയിൽ തുടങ്ങി 13.13 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം). എസ്‌യുവി വിപണിയിൽ സ്വാധീനം ശക്തമാക്കാനുള്ള മാരുതിയുടെ ശ്രമങ്ങളിൽ മുഖ്യ പങ്ക് വഹിക്കുന്നത് ഫ്രോങ്ക്സാണ്.
ടാറ്റ പഞ്ച്
രാജ്യത്ത് ഏറ്റവും സുരക്ഷിതമായ ലോ ബജറ്റ് എസ്‌യുവികളിൽ ഒന്നാണ് ടാറ്റ പഞ്ച്. 5,99,999 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. ഗ്ലോബൽ എൻസിഎപി ടെസ്‌റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ ഫൈവ് സ്‌റ്റാർ റേറ്റിങ്ങും, കുട്ടികളുടെ സുരക്ഷയിൽ ത്രീ സ്‌റ്റാർ റേറ്റിങ്ങും നേടിയ വാഹനമാണിത്. ടാറ്റ പഞ്ച് നിലവിൽ പെട്രോൾ, സിഎൻജി എഞ്ചിനുകളിൽ ലഭ്യമാണ്.
മാരുതി സുസുക്കി ജിംനി
ഈ വർഷം വിപണിയിലെത്തിയ ജനപ്രിയ എസ്‌യുവി വാഹനങ്ങളിൽ ഒന്നാണ് ജിംനി ഫൈവ് ഡോർ. മാരുതിയുടെ കെ15ബി 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ വാഹനത്തിന്റെ ശക്തി. ട്രാൻസ്‌മിഷൻ ഓപ്ഷനുകളിൽ 5-സ്‌പീഡ് എംടി, 4-സ്‌പീഡ് എംടി എന്നിവ ഉൾപ്പെടുന്നു. ഫോർ വീൽ ഡ്രൈവാണ് ഈ വാഹനം. സീറ്റ, ആൽഫ വേരിയന്റുകളിൽ വാഹനം ലഭ്യമാവും. നിലവിൽ 12 ലക്ഷം മുതലാണ് ജിംനിയുടെ വില ആരംഭിക്കുന്നത്. ഇടയ്ക്ക് വാഹനത്തിന്റെ വിലയിൽ കമ്പനി കാര്യമായ കുറവ് വരുത്തിയിരുന്നു.












Click it and Unblock the Notifications