കുട്ടിക്കൊമ്പൻ കോമറ്റ് മുതൽ ജാപ്പനീസ് വമ്പൻ എലിവേറ്റ് വരെ; ഈ വർഷത്തെ ഏറ്റവും മികച്ച കാറുകൾ ഇതാ...
വാഹന വിപണിയിൽ വമ്പൻ ഉണർവുണ്ടായ വർഷങ്ങളിൽ ഒന്നായിരുന്നു 2023. വിൽപ്പനയുടെ കാര്യം മാത്രമല്ല. പുതിയ വാഹനങ്ങൾ അവതരിപ്പിക്കുന്നതിൽ കമ്പനികൾ പരസ്‌പരം മത്സരിച്ച വർഷം കൂടിയായിരുന്നു ഇത്. നിരവധി വാഹനങ്ങളാണ് ഈ വർഷം വിപണിയിൽ എത്തിയത്. ചെറുതും, വലുതുമായ മോഡലുകളും, ഇവി, സിഎൻജി എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
അത്തരത്തിൽ ഈ വർഷം ഇറക്കിയ ഏറ്റവും മികച്ച വാഹനങ്ങളാണ് നമ്മൾ ഇവിടെ പരിശോധിക്കുന്നത്. അതിൽ സെഗ്‌മെന്റ് ഏതെന്ന വേർതിരിവ് ഇല്ലാതെ എല്ലാവിധ മോഡലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ മുടക്കുന്ന പണത്തിന് അനുസരിച്ചുള്ള ഗുണം തിരികെ കിട്ടുന്നുവോ എന്നത് മാത്രമാണ് ഈ കാറുകളെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഏക മാനദണ്ഡം.

എംജി കോമറ്റ്
ഇലക്ട്രിക് വാഹനങ്ങൾ നിരത്ത് കീഴടക്കുന്ന കാലം അതിവിദൂരമല്ല എന്ന് അടയാളപ്പെടുത്തി കൊണ്ടാണ് ഈ വാഹനം വിപണിയിലേക്ക് എത്തിയത്. കാഴ്‌ചയിൽ കുഞ്ഞനാണെങ്കിലും മികച്ച ഫീച്ചറുകളുമായാണ് ഈ വാഹനം എത്തുന്നത്. എംജി കോമറ്റ് ഇവിയുടെ എക്‌സ്-ഷോറൂം വില 7.98 ലക്ഷം മുതൽ 9.98 ലക്ഷം രൂപ വരെയാണ്.
കോമറ്റ് ഇവിയിൽ മാഗ്നറ്റ് സിൻക്രണസ് മോട്ടോർ ഉപയോഗിക്കുന്നു. 17.3kWh ലിഥിയം-അയൺ ബാറ്ററിയാണ് മോട്ടോറിൽ ഘടിപ്പിച്ചിരിക്കുന്നത്. ഒറ്റത്തവണ പൂർണ്ണമായി ചാർജ് ചെയ്‌താൽ വാഹനത്തിന് അവകാശപ്പെടുന്ന പരിധി 230 കിലോമീറ്ററാണ്.
ഹോണ്ട എലിവേറ്റ്
ഹോണ്ടയുടെ തന്നെ സിറ്റി മോഡലിലുള്ള 1.5 ലിറ്റർ എൻഎ പെട്രോൾ എഞ്ചിനാണ് ഹോണ്ട എലിവേറ്റിന് കരുത്ത് പകരുന്നത്. രണ്ട് ട്രാൻസ്‌മിഷൻ ഓപ്ഷനുകളാണ് ഇതിലുള്ളത്. ഒരു 6-സ്‌പീഡ് മാനുവൽ അല്ലെങ്കിൽ ഒരു സിവിടി എന്നിവയാണ് ഇത്. നിരവധി അഡാസ് ഫീച്ചറുകളും ഹോണ്ട ഈ എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് പ്രത്യേകത.
മാരുതി സുസുക്കി ഫ്രോങ്ക്സ്
മാരുതി സുസുക്കി ഈ വർഷം പുറത്തിറക്കിയ ഏറ്റവും മികച്ച വാഹനങ്ങളിൽ ഒന്നാണിത്. 1.2-ലിറ്റർ ഡ്യുവൽ-ജെറ്റ് ഡ്യുവൽ-വിവിടി പെട്രോൾ എഞ്ചിനാണ് വാഹനത്തിനുള്ളത്, 5-സ്‌പീഡ് എംടി അല്ലെങ്കിൽ 5-സ്‌പീഡ് എംടി എന്നിവയുമായി ജോഡിയാക്കാൻ കഴിയുന്ന എഞ്ചിനാണ് ഇത്. സിഗ്മ, ഡെൽറ്റ, ഡെൽറ്റ+, സെറ്റ, ആൽഫ എന്നീ അഞ്ച് വേരിയന്റുകളിലാണ് മാരുതി സുസുക്കി ഫ്രോങ്ക്സ് വിപണിയിൽ എത്തുന്നത്.
ഹ്യൂണ്ടായ് എക്‌സ്‌റ്റർ
ഹ്യൂണ്ടായിയുടെ എൻട്രി ലെവൽ എസ്‌യുവിയാണ് എക്‌സ്‌റ്റർ. എങ്കിലും ഫീച്ചറുകളിൽ ഒട്ടും കുറവില്ല. എക്‌സ്‌റ്ററിന്റെ വില 6 ലക്ഷം രൂപയിൽ തുടങ്ങി 10.10 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം). പാരാമെട്രിക് ഗ്രിൽ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സിഗ്നേച്ചർ എച്ച്-എൽഇഡി ടെയിൽലാമ്പുകൾ, സിഗ്നേച്ചർ എച്ച്-എൽഇഡി ഡിആർഎൽ, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ ഉൾപ്പെടെ വിപുലമായ ഫീച്ചറുകളാണ് ഈ വാഹനത്തിനുള്ളത്.
മാരുതി സുസുക്കി ജിംനി
ഏറെ പ്രതീക്ഷകളോടെ മാരുതി കളത്തിലിറക്കിയ വാഹനമാണ് മാരുതി സുസുക്കി ജിംനി. മാരുതിയുടെ കെ15ബി 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ജിംനിക്ക് കരുത്ത് പകരുന്നത്. ട്രാൻസ്‌മിഷൻ ഓപ്ഷനുകളിൽ 5-സ്‌പീഡ് എംടി, 4-സ്‌പീഡ് എംടി എന്നിവ ഉൾപ്പെടുന്നു. ഫോർ വീൽ ഡ്രൈവാണ് ഈ വാഹനം വാഗ്‌ദാനം ചെയ്യുന്നത്. സീറ്റ, ആൽഫ വേരിയന്റുകളിൽ വാഹനം ലഭ്യമാണ്.












Click it and Unblock the Notifications