ഹീറോ ആള് കൊള്ളാമല്ലോ; ഇത്തവണ വരവ് എക്‌സ്ട്രീം 160 ആർ 2വിയുമായി, ഇത് സിംപിളാണ് ബട്ട് പവർഫുൾ
ഇന്ത്യക്കാരുടെ ഇരുചക്ര വാഹന സ്വപ്‌നങ്ങൾക്ക് നിറംപകർന്ന കമ്പനിയായിരുന്നു ഹീറോ ഹോണ്ട. എന്നാൽ ഇന്ന് അവ രണ്ടു കമ്പനികളായാണ് പ്രവർത്തനം. അതിൽ തന്നെ കരുത്തരായ ഹീറോ വളർച്ചയുടെ പാതയിലാണ്. നിരന്തരം വിപണി പിടിച്ചടക്കാൻ ലക്ഷ്യമിട്ടു കൊണ്ടാണ് അവർ പ്രവർത്തിക്കുന്നത്. എന്നാൽ ഇത്തവണ അവർ ഇതിനായി ഒരു മുൻനിര മോട്ടോർ സൈക്കിളും കൂടി അവതരിപ്പിച്ചു കൊണ്ടാണ് വരുന്നത്. അതാണ് ഹീറോ എക്‌സ്ട്രീം 160ആർ 2വി.
1.11 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയോട് കൂടിയാണ് ഹീറോ 2024 എക്‌സ്ട്രീം 160ആർ 2വി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഇതിന്റെ മുൻ മോഡലിനേക്കാൾ 10,000 രൂപ കുറവാണ് വിലയായി കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ഉത്സവ സീസൺ അടുത്തിരിക്കുന്ന സാഹചര്യത്തിൽ മോട്ടോർസൈക്കിൾ വിൽപ്പന വർദ്ധിപ്പികുക എന്ന ഹീറോയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ നീക്കം എന്നാണ് കരുതപ്പെടുന്നത്.

ഹീറോ എക്‌സ്ട്രീം 160ആർ 2വി
മുൻ മോഡലിൽ എഞ്ചിൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അതേപടി തുടരുമ്പോൾ ഡിസൈൻ ഉൾപ്പെടയുള്ള കാര്യങ്ങളിൽ ചില നിർണായക മാറ്റങ്ങൾ ഇതിൽ ദൃശ്യമാകും. ഈ വാഹനത്തിൽ ഹീറോ നിരവധി ശ്രദ്ധേയമായ അപ്ഗ്രേഡുകൾ അവതരിപ്പിച്ചിട്ടുമുണ്ട്. പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്‌റ്ററിൽ നൽകിയിരിക്കുന്ന ഡ്രാഗ് റേസ് ടൈമർ ആണ് പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്.
പുതിയ എക്‌സ്ട്രീം 160ആറിൽ ഒരു ഫ്ലാറ്റർ സീറ്റ് പ്രൊഫൈലാണ് നൽകിയിരിക്കുന്നത്. ഇത് വാഹനം ഓടിക്കുന്ന ആൾക്കും പിന്നിൽ ഇരിക്കുന്ന ആൾക്കും കൂടുതൽ സൗകര്യമുള്ളതാക്കും. പില്യൺ സീറ്റിന്റെ ഉയരം കാര്യമായി കുറച്ചിട്ടുണ്ട് എന്നതും അറിഞ്ഞിരിക്കണം. നിലവിൽ സ്‌റ്റെൽത്ത് ബ്ലാക്ക് എന്ന ഒറ്റ കളർ സ്‌കീമിലാണ് ഈ മോഡൽ കമ്പനി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.
2024 എക്‌സ്ട്രീം 160ആർ 2വിയിൽ 15 എച്ച്പി പവറും 14 എൻഎം ടോർക്കും സൃഷ്‌ടിക്കുന്ന അതേ 163.2 സിസി സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് ഹീറോ നൽകിയിരിക്കുന്നത്. ഈ എഞ്ചിൻ 5-സ്‌പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. എഞ്ചിൻ വകഭേദങ്ങളിലും പെർഫോമസിലും മാറ്റമില്ലെങ്കിലും കാഴ്‌ചയിൽ പെട്ടെന്ന് മനസിലാക്കാൻ കഴിയുന്ന പല വ്യത്യാസങ്ങളും ഇതിലുണ്ട്.
ഈ വാഹനത്തിലെ സസ്‌പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത് ടെലിസ്‌കോപ്പിക് ഫോർക്കും പ്രീലോഡ് അഡ്‌ജസ്‌റ്റബിൾ മോണോഷോക്കും ചേർന്നാണ്. കൂടാതെ വാഹനത്തിന്റെ ബ്രേക്കിംഗ് സിസ്‌റ്റത്തിൽ ഒരൊറ്റ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും പിൻ ഡ്രം ബ്രേക്ക് സജ്ജീകരണവും ഉൾപ്പെടെയാണ് നൽകിയിരിക്കുന്നത്.
കമ്പനിയുടെ വിൽപ്പന കണക്കുകളിൽ കാര്യമായ മാറ്റം വരുത്താൻ ഈ ഒരൊറ്റ വകഭേദത്തിലൂടെ കഴിയുമെന്നാണ് ഹീറോ പ്രതീക്ഷിക്കുന്നത്. അത് മനസിൽ കണ്ട് കൊണ്ട് തന്നെയാണ് മുൻകൂട്ടി വാഹനത്തിന്റെ വില കുറയ്ക്കാൻ കമ്പനി തയ്യാറായത്. ഈ നീക്കം ഗുണം ചെയ്യുമോ എന്ന് മാത്രമാണ് ഇനി കണ്ടറിയാനുള്ളത്.












Click it and Unblock the Notifications