ബുള്ളറ്റേ വഴി മാറിക്കോ....; ഇതാ വരുന്നു ഹോണ്ടയുടെ പുത്തൻ അവതാരം സിബി350
രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കളായ ഹോണ്ട 350 സിസി മാർക്കറ്റിനെ വിടാതെ പിടിക്കാൻ ഒരുങ്ങുകയാണ്. അതിന്റെ ആദ്യ പടിയെന്നോണം തങ്ങളുടെ ഏറ്റവും പുതിയ മോഡലായ സിബി350 അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ.
ഹൈനസ്, സിബി350ആർഎസ് തുടങ്ങിയ മറ്റ് മോഡലുകളെ വച്ച് നോക്കുമ്പോൾ കൂടുതൽ റെട്രോ ഡിസൈൻ ഉൾപ്പെടുത്തിയാണ് ഈ വാഹനത്തെ കമ്പനി രംഗത്തിറക്കുന്നത്. നിലവിൽ ഒട്ടുമിക്ക ഇരുചക്ര വാഹന നിർമ്മാതാക്കളും 350 സിസി മാർക്കറ്റിൽ കണ്ണ് വച്ചാണ് വാഹനങ്ങൾ രംഗത്തിറക്കുന്നത്.

ഈ മേഖലയിലാവട്ടെ കിരീടം വയ്ക്കാത്ത രാജാക്കന്മാരായി വാഴുന്നത് റോയൽ എൻഫീൽഡ് ബൈക്കുകളാണ്. ഇവയെ തന്നെയാണ് സിബി350 ലക്ഷ്യമിടുന്നത്. വിപണിയിലെ ബുള്ളറ്റിന്റെ അപ്രമാദിത്തം തകർക്കുകയാണ് ഹോണ്ട പുതിയ സിബി350 മോഡലിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
രണ്ട് വേരിയന്റുകളിലായാണ് കമ്പനി ഈ വാഹന അവതരിപ്പിച്ചിരിക്കുന്നത്. ഹോണ്ട സിബി350 ഡീലക്‌സ്, ഹോണ്ട സിബി350 ഡീലക്‌സ് പ്രോ എന്നിവയാണ് വകഭേദങ്ങൾ. അടിസ്ഥാന മോഡലായ ഹോണ്ട സിബി350 ഡീലക്‌സിന് 1,99,900 രൂപയും, ഡീലക്‌സ് പ്രോ 2,17,800 രൂപയുമാണ് എക്‌സ് ഷോറൂം വില. ഹോണ്ടയുടെ ബിംഗ് വിങ് ഡീലർഷിപ്പ് വഴി വാഹനം നിങ്ങൾക്ക് വാങ്ങാൻ കഴിയും.
348.36 സിസി ശേഷിയുള്ള സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. 5-സ്‌പീഡ് ഗിയർബോക്‌സിനൊപ്പം സ്ലിപ്പും അസിസ്‌റ്റ് ക്ലച്ചും കമ്പനി നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. നിരവധി ഫീച്ചറുകളാൽ സമ്പന്നമാണ് ഈ വാഹനം. സ്‌റ്റൈലിഷ് ഓൾ-എൽഇഡി ലൈറ്റിംഗ് സിസ്‌റ്റം, റൗണ്ട് ഷേപ്പ്ഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇതിന് പുറമെ വാഹനത്തിന്റെ റെട്രോ ക്ലാസിക് രൂപം കൂടുതൽ മെച്ചപ്പെട്ട കാഴ്‌ചാനുഭവം പ്രദാനം ചെയ്യുന്നു. പ്രഷ്യസ് റെഡ് മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ക്രസ്‌റ്റ് മെറ്റാലിക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക്, മാറ്റ് ഡ്യൂൺ ബ്രൗൺ കളർ എന്നിങ്ങനെ ആകെ 5 നിറങ്ങളിൽ ഹോണ്ട സിബി350 നിങ്ങൾക്ക് ലഭ്യമാവും.












Click it and Unblock the Notifications