ഹ്യൂണ്ടായിക്ക് ഇതാ മെഗാ ഓഫറുകള്‍, വെന്യുവിന് കുറഞ്ഞത് 80000 രൂപ; ഈ തുകയ്ക്ക് വാങ്ങാം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നീണ്ട ഉത്സവ സീസണാണ് ആരംഭിച്ചിരിക്കുന്നത്. നിരവധി ഡിസ്‌കൗണ്ടുകള്‍ ഇത് മുന്നില്‍ കണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാരുതി സുസുക്കി നേരത്തെ വമ്പന്‍ വിലക്കുറവ് അവരുടെ പ്രമുഖ മോഡലുകള്‍ക്കെല്ലാം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഹ്യൂണ്ടായിയും അതേ വഴിയേയാണ് പോകുന്നത്.
ഹ്യൂണ്ടായ് അവരുടെ ഏറ്റവും മികച്ച മോഡലുകള്‍ക്കാണ് വില കിഴിവ് പ്രഖ്യാപിച്ചത്. നാല് മോഡലുകളുടെ വിലയാണ് കുറച്ചത്. ഇതില്‍ രണ്ടെണ്ണം എസ്‌യുവികളാണ്. ഒക്ടോബര്‍ മാസം അവസാനം വരെ കുറഞ്ഞ വിലയില്‍ ഈ കാറുകള്‍ വാങ്ങാന്‍ സാധിക്കും. ഹ്യൂണ്ടായ് കാറുകളുടെ ആരാധകനാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഈ ഓഫര്‍ ഗുണം ചെയ്യും.

ജനപ്രിയ മോഡലുകളായ എക്‌സ്റ്ററും വെന്യുവുമെല്ലാം ഇപ്പോള്‍ ഡിസ്‌കൗണ്ട് ലഭിക്കുന്ന കാറുകളാണ്. ഹാച്ച്ബാക്കുകളായ ഐ20, ഗ്രാന്‍ഡ് ഐ10 നിയോസ് എന്നിവയ്ക്കം ഡിസ്‌കൗണ്ടുകളുണ്ട്. ഹ്യൂണ്ടായ് അവരുടെ സിഎന്‍ജി വാഹനങ്ങള്‍ക്കും ഇപ്പോള്‍ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്സവ സീസണുകളില്‍ വില്‍പ്പന വര്‍ധിപ്പിക്കാന്‍ ഡിസ്‌കൗണ്ടുകള്‍ കാര്‍ കമ്പനികള്‍പ്രഖ്യാപിക്കാറുണ്ട്.
ഇന്ത്യയില്‍ പാസഞ്ചര്‍ വാഹനങ്ങള്‍ തുടര്‍ച്ചയായ മൂന്നാം മാസവും വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട് ഉത്സവ സീസണില്‍ നേട്ടമുണ്ടാക്കേണ്ടത് കമ്പനികള്‍ക്ക് ആവശ്യമാണ്. ദീപാവലി അടക്കമുള്ള ആഘോഷങ്ങള്‍ കാര്‍ വില്‍പ്പനയ്ക്ക് നേട്ടമാകുമെന്നാണ് മാരുതി സുസുക്കി അടക്കമുള്ളവര്‍ കരുതുന്നത്.
ഹ്യൂണ്ടായ് 80000 രൂപ വരെയാണ് വിവിധ വേരിയന്റുകള്‍ക്ക് ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നത്. ഇതില്‍ ഏറ്റവും വലിയ ഡിസ്‌കൗണ്ട് നല്‍കുന്നത് വെന്യു സബ് കോംപാക്ട് എസ്‌യുവിക്കാണ്. 80629 രൂപയാണ് ഇതിന് കുറഞ്ഞിരിക്കുന്നത്. ടാറ്റ നെക്‌സോണിന്റെയും മാരുതി ബ്രെസ്സയുടെയും എതിരാളിയാണ് ഈ കാര്‍ വിപണിയില്‍. 21628 രൂപയുടെ ആക്‌സസറി പാക്കേജുകള്‍ വെറും 6000 രൂപയ്ക്ക് ഇപ്പോള്‍ ലഭിക്കും.
ഹ്യൂണ്ടായ് എക്‌സ്റ്ററിനും മികച്ച ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. കമ്പനിയുടെ ബെസ്റ്റ് സെല്ലറാണ് ഈ എസ്‌യുവി. 42972 രൂപയുടെ ഡിസ്‌കൗണ്ടാണ് ഹ്യൂണ്ടായ് എക്സ്റ്ററിന് നല്‍കുന്നത്. 17971 രൂപയുടെ വിലയുള്ള ആക്‌സസറി പാക്കേജുകള്‍ വെറും 5000 രൂപയ്ക്ക് ഇപ്പോള്‍ വാങ്ങാനാവും. എക്‌സറ്ററിന്റെ സിഎന്‍ജി വേര്‍ഷനും ഈ ഓഫര്‍ ലഭ്യമാവും.
വെന്യുവിന് ശേഷം ഏറ്റവും വലിയ വിലക്കുറവ് ഗ്രാന്‍ഡ് ഐ10 നിയോസ് ഹാച്ച്ബാക്കിനാണ്. ഹ്യൂണ്ടായിയുടെ ചെറിയ കാറുകളില്‍ ഒന്നാണിത്. 58000 രൂപയുടെ ഇളവുകളാണ് ലഭിക്കുക. സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷനിലും, എന്‍ ലൈന്‍ വേര്‍ഷനിലും ഇവ ലബിക്കും. ഐ20ക്ക് 55000 രൂപയാണ് ഡിസ്‌കൗണ്ടുള്ളത്.












Click it and Unblock the Notifications