ഹ്യൂണ്ടായുടെ പുതിയ അവതാരം, അയോണിക് 9 ഇവി; ഒറ്റ ചാർജിൽ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് എത്താം
കാലം മാറിയതോടെ വിപണിയിൽ ഇറങ്ങുന്ന കാറുകളുടെയും കഥ മാറിയിരിക്കുകയാണ്. പെട്രോൾ, ഡീസൽ, സിഎൻജി വേരിയന്റുകൾക്ക് അപ്പുറം ഇവി അഥവാ ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകളിൽ കൂടുതലായി ഇടംപിടിക്കുകയാണ്. കാലഘട്ടത്തിന്റെ ആവശ്യം എന്ന് നമുക്കിതിനെ വിശേഷിപ്പിക്കാം. അപ്പോൾ ആ മാറ്റത്തിനൊപ്പം ചേർന്ന് നിൽക്കുക എന്നതാണ് ദീർഘവീക്ഷണമുള്ള ഒരു ബ്രാൻഡ് ചെയ്യേണ്ട കാര്യം.
അത്തരമൊരു തീരുമാനത്തിന്റെ ഭാഗമായി ആഗോള തലത്തിലെ ഏറ്റവും പ്രബലരായ ഹ്യൂണ്ടായി വിപണിയിൽ എത്തിക്കുന്ന പുതിയ മോഡലാണ് അയോണിക് 9 ഇവി. ഏറെനാളായി ഈ വാഹനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും റിപ്പോർട്ടുകളും ഒക്കെ പുറത്തുവരുന്നുണ്ടായിരുന്നു. എന്നാൽ അതിനെയൊക്കെ മാറ്റി നിർത്തിക്കൊണ്ട് വാഹനത്തെ ആഗോള തലത്തിൽ ആരാധകർക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹ്യൂണ്ടായ്.

എന്നാൽ ആദ്യഘട്ടത്തിൽ ഈ വാഹനം കൊറിയയിലും യുഎസിലും മാത്രമായിരിക്കും വിൽപ്പന നടത്തുക. 2025 ആദ്യ പകുതിയോടെ വാഹനത്തിന്റെ വിൽപ്പന ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ മറ്റ് പ്രധാന മാർക്കറ്റുകളിലേക്ക് കൂടി ഈ വാഹനം കടക്കും. എന്നാൽ ഇന്ത്യൻ വിപണിയിൽ എപ്പോൾ എത്തുമെന്നതിനെ കുറിച്ചുള്ള കൃത്യമായ വിവരമില്ലെങ്കിലും വൈകില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വാഹനത്തിന്റെ മുന്നോട്ടുള്ള യാത്രയെ സുഗമമാക്കുന്ന തരത്തിലുള്ള ഡിസൈൻ രീതികളാണ് ഇതിന് നൽകിയിരിക്കുന്നത്. ഇത് ഹ്യൂണ്ടായുടെ പുതിയ ഡിസൈൻ ഭാഷയെ പ്രതിഫലിപ്പിക്കുന്നു. ആധുനിക രീതിയുള്ള വ്യത്യസ്‌തമായ രൂപഭംഗി തന്നെയാണ് ഈ വാഹനത്തെ വേറിട്ട് നിർത്തുന്നത്. വാഹനത്തെ കൂടുതൽ ഹൃദ്യമായ കാഴ്‌ചാനുഭവമാക്കി മാറ്റാൻ ഇത് സഹായിക്കുന്നു.
മൂർച്ചയേറിയ എൽഇഡി ഹെഡ്‌ലാമ്പുകൾക്കൊപ്പം ജോടിയാക്കിയ വലിയ അടച്ച ഗ്രില്ലാണ് മുൻനിരയിലെ പ്രധാന കാഴ്‌ച. പിൻഭാഗത്തെ എൽഇഡി ടെയിൽ ലാമ്പുകൾ വേറെ രീതിയിൽ ഡിസൈൻ ചെയ്‌തത് കൊണ്ട് തന്നെ വാഹനത്തെ സവിശേഷമാക്കുന്നു. താരതമ്യേന ഈ സെഗ്‌മെന്റിലെ വാഹനങ്ങളെക്കാൾ വലുപ്പമേറിയ ബോഡി തന്നെയാണ് കാറിന് നൽകിയിരിക്കുന്നത്.
ഈ ഇലക്ട്രിക് എസ്‌യുവിക്ക് 19 ഇഞ്ച് അലോയ് വീലുകളാണ് കമ്പനി സ്‌റ്റാൻഡേർഡായി നൽകിയിരിക്കുന്നത്. നിലവിൽ 16 എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് കമ്പനി വാഹനം വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. കൂടാതെ ഏഴ് ഇന്റീരിയർ നിറങ്ങളും ഇതിന് ലഭ്യമാവും. അയോണിക് 9 ഇവി 6 സീറ്റ്, 7 സീറ്റ് കോൺഫിഗറേഷനുകളിൽ ലഭ്യമാവും.
ഇരട്ട 12 ഇഞ്ച് പനോരമിക് കർവ്ഡ് ഡിസ്‌പ്ലേയോട് കൂടിയ ഇൻസ്ട്രുമെന്റ് ക്ലസ്‌റ്ററിൽ ഇൻഫോടെയ്ൻമെൻ്റ് സിസ്‌റ്റം, ആംബിയന്റ് ലൈറ്റിംഗ്, റൂഫ് മൗണ്ടഡ് എയർ വെന്റുകൾ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, മൂന്ന് വരികളിലും 100W യുഎസ്ബി സി പോർട്ടുകൾ, 8-സ്‌പീക്കർ സൗണ്ട് സിസ്‌റ്റമോ 5.1-ചാനൽ സറൗണ്ട് സൗണ്ട് ഉള്ള 14-സ്‌പീക്കർ ബോസ് സിസ്‌റ്റമോ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
110.3kWh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇത് ഒറ്റ ചാർജിൽ ഏതാണ്ട് 620 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിവുള്ളതാണ്. എന്ന് വച്ചാൽ നിങ്ങൾ ഈ വാഹനം ഒരുതവണ ചാർജ് ചെയ്‌താൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് സുഖമായി യാത്ര നടത്താം. വാഹനത്തിന്റെ വിലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരും എന്നാണ് കരുതുന്നത്.












Click it and Unblock the Notifications