പെട്രോളും കറണ്ടും ഒക്കെ വഴിമാറും; ഇന്ത്യയിലെ ആദ്യ സിഎൻജി ബൈക്ക് അണിയറയിൽ, ബജാജിന്റെ മെഗാ പ്ലാൻ
പെട്രോളിയം ഉത്പന്നങ്ങളുടെ നിയന്ത്രണം ഉൾപ്പെടെ നടപ്പാക്കുന്നതിന്റെ ഭാഗമായും, ബിഎസ്6 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുവാനുമായി നിരവധി തീരുമാനങ്ങളാണ് രാജ്യത്ത് നടപ്പിലാക്കി വരുന്നത്. അതിൽ ഏറ്റവും പ്രധാന കാര്യമാണ് ഇലക്ട്രിക്, സിഎൻജി, ഹൈബ്രിഡ് വാഹനങ്ങളുടെ വരവ്. എന്നാൽ ഇതിൽ ഭൂരിഭാഗവും കാറുകളുടെ കാര്യത്തിലാണ് മുന്നോട്ട് പോയിട്ടുള്ളത്.
ഇലക്ട്രിക് ടു വീലറുകൾ നിരത്തുകൾ കീഴടക്കുന്നുണ്ട്. എന്നാൽ സിഎൻജി മേഖല കാറുകളുടെ കാര്യത്തിൽ മാത്രമായി ഒതുങ്ങി പോവുകയായിരുന്നു. എന്നാൽ ഇത്തരം ന്യൂനതകളെയെല്ലാം പഴങ്കഥ ആക്കികൊണ്ട് ഇപ്പോഴിതാ ബജാജ് തങ്ങളുടെ ആദ്യ സിഎൻജി ബൈക്കിന്റെ അണിയറയിൽ ആണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനെ സാധൂകരിക്കുന്ന വിവിധ ചിത്രങ്ങളും പല മാധ്യമങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

ബജാജ് തങ്ങളുടെ ബൈക്കുകൾക്കുള്ള ഇന്ധന ഓപ്ഷനുകളുടെ കാര്യത്തിൽ വലിയ പരീക്ഷങ്ങൾ നടത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇതിൽ എൽപിജി, സിഎൻജി, എഥനോൾ കലർന്ന ഇന്ധന ഓപ്ഷനുകൾ എന്നിവയാണ് ഉൾപ്പെടുന്നത്. അതിനിടയിലാണ് സിഎൻജി വാഹനത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്. ബൈക്കിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന്റെ സീറ്റ് വളരെ നീളമേറിയതും പരന്നതുമാണ്, ഒരുപക്ഷേ സിഎൻജി സിലിണ്ടറിനെ ഉൾക്കൊള്ളാൻ വേണ്ടിയാകും ഇങ്ങനെ ഒരുക്കിയത്.
കൂടാതെ, ഇന്ധന ലിഡിലേക്ക് പ്രവേശിക്കാൻ ഇന്ധന ടാങ്കിൽ വലിയ വിടവുണ്ട്. അവകാശവാദങ്ങൾ അനുസരിച്ച്, ഈ ബൈക്കിന് ഒരു പ്രത്യേക ബട്ടണും ഉണ്ട്, അത് സിഎൻജിയ്ക്കും പെട്രോൾ മോഡിനും ഇടയിൽ മാറ്റത്തിന് ഉപയോഗിക്കാം. ഹാൻഡ് ഗാർഡുകൾ, ടെലിസ്കോപ്പിക് ഫോർക്ക്, മോണോ ഷോക്ക്, റിയർ ഡ്രം ബ്രേക്ക് സജ്ജീകരണം എന്നിവയാണ് ബൈക്കിലെ മറ്റ് പ്രധാന കാര്യങ്ങൾ.
ബ്രുസർ 101 എന്ന കോഡ് നാമത്തിലുള്ള സിഎൻജി ബൈക്കിന്റെ പിന്നിൽ പ്രവർത്തിക്കുകയാണെന്ന് ബജാജ് കഴിഞ്ഞ വർഷം സ്ഥിരീകരിച്ചിരുന്നു. ആ സമയത്ത്, ബൈക്ക് അതിന്റെ രൂപകൽപനയുടെ അവസാന ഘട്ടത്തിലാണെന്ന് ബ്രാൻഡ് അവകാശപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ഒരു ആറ് മാസത്തിനുള്ളിൽ ഈ ബൈക്ക് അവതരിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഈ 110 സിസി ബൈക്ക് ഔറംഗബാദ് ഫാക്‌ടറിയിലും പിന്നീട് പന്ത് നഗർ സൗകര്യത്തിലും ഉൽപ്പാദിപ്പിക്കാനാണ് ബ്രാൻഡിന്റെ പദ്ധതി. നേരത്തെ പ്രതിവർഷം 1-1.2 ലക്ഷം സിഎൻജി ബൈക്കുകൾ ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും അത് പ്രതിവർഷം 2 ലക്ഷം യൂണിറ്റായി പുതുക്കി നിശ്ചയിച്ചിരിക്കുകയാണ് ബജാജ് ഇപ്പോൾ.












Click it and Unblock the Notifications