ജാവയുടെ കാലകേയൻ, എൻഫീൽഡിന്റെ ബാഹുബലി; ജാവ 42 എഫ്‍ജെയും ആർഇ ഹണ്ടറും ഏറ്റുമുട്ടും, ജയം ആർക്ക്?
ഇന്ത്യൻ വിപണിയിൽ ഏറ്റവും ചൂടേറിയ പോരാട്ടം നടക്കുന്ന സെഗ്‌മെന്റുകളിൽ ഒന്നാണ് 350 സിസി എന്ന് നിസംശയം പറയാം. അതിൽ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്നത് ഒരുപാട് പേരുടെ വികാരമായ റോയൽ എൻഫീൽഡ് തന്നെയാണ്. അവരുടെ ഒന്നിലധികം വാഹനങ്ങൾ ഈ സെഗ്‌മെന്റിന്റെ നിർണായക തൂണുകളായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ആ അധീശത്വത്തെ നേരിടാൻ ഉറച്ചു കൊണ്ടാണ് മഹീന്ദ്രയുടെ പിന്തുണയോടെ ജാവ ഇക്കുറി എത്തിയിരിക്കുന്നത്.
ഇന്നലെയാണ് ജാവയുടെ ഏറ്റവും പുതിയ മോഡലായ ജാവ 42 എഫ്‍ജെ ഇന്ത്യയിൽ ലോഞ്ച് ചെയ്‌തത്. ക്ലാസിക് ലെജൻഡ്‌സ് തങ്ങളുടെ പുതിയ നിയോ ക്ലാസിക് മോട്ടോർസൈക്കിളായ ജാവ 42 എഫ്‍ജെ ഇന്ത്യയിൽ അവതരിപ്പിച്ചത് റോയൽ എൻഫീൽഡിനെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ്. 1,99,142 രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഈ പുതിയ വാഹനം വിൽപ്പന കണക്കുകളിൽ മുന്നേറ്റം നടത്തുമോ എന്നാണ് ഇനി അറിയേണ്ടത്.

ജാവ 42 എഫ്‍ജെ ലോഞ്ച്
350 സിസി എഞ്ചിനുമായി വന്ന ജാവ 42 എഫ്‍ജെ 1,49,900 രൂപ വിലയുള്ള റോയൽ എൻഫീൽഡ് ഹണ്ടർ 350, 2,09,838 രൂപ വില വരുന്ന ഹോണ്ട ഹൈനസ് സിബി350 എന്നിവയുമായി മത്സരിക്കുന്നു. ജാവ 42 എഫ്‍ജെ 30 ബ്രേക്ക് ഹോഴ്‌സ് പവർ പവർ ഔട്ട്‌പുട്ട് വാഗ്‌ദാനം ചെയ്യുന്നു, എന്ന് വച്ചാൽ അതിന്റെ എതിരാളികൾ വാഗ്‌ദാനം ചെയ്യുന്ന 20.2 ബിഎച്ച്പിയേക്കാൾ ഉയർന്നതാണ്.
സ്‌റ്റാൻഡേർഡ് 42നെ അപേക്ഷിച്ച് കൂടുതൽ ആക്രമണാത്മക രൂപകൽപ്പനയാണ് ഈ വാഹനത്തിന്റെ സവിശേഷത, ബോൾഡ് 'ജാവ' ബ്രാൻഡിംഗ് കൊണ്ട് അലങ്കരിച്ച ഒരു ടിയർ-ഡ്രോപ്പ് ഫ്യൂവൽ ടാങ്ക് ഇതിൽ ഹൈലൈറ്റ് ചെയ്‌തിരിക്കുന്നു. സൈഡ് പാനലുകളും ഫെൻഡറുകളും സ്‌റ്റാൻഡേർഡ് പതിപ്പിന് സമാനമായാണ് ജാവയിൽ ഒരുക്കിയിരിക്കുന്നത്. അലോയ് വീലുകൾ ഉൾപ്പെടെ മനോഹാരിത വർധിപ്പിക്കുന്ന ഘടകങ്ങൾ ഏറെയുണ്ട്.
റോയൽ എൻഫീൽഡ് ഹണ്ടർ 350
റോയൽ എൻഫീൽഡ് ഹണ്ടർ 350 മൂന്ന് വേരിയന്റുകളിലും 10 നിറങ്ങളിലും ലഭ്യമാണ്. 20.2 ബിഎച്ച്പി കരുത്തും 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 349.34 സിസി ബിഎസ്6 എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ബൈക്കിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ സജ്ജീകരിച്ചിരിക്കുന്നു. ഇത് വാഹനത്തിന്റെ സ്ഥിരത വർധിപ്പിക്കുന്നു.
കൂടാതെ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്‌റ്റം (എബിഎസ്) സംയോജിപ്പിച്ചു മോഡലാണ്. ഹണ്ടർ 350ന് 181 കിലോഗ്രാം ഭാരവും 13 ലിറ്റർ ഇന്ധന ടാങ്ക് കപ്പാസിറ്റിയും ഉണ്ട്, ഇത് നഗര സവാരിക്ക് ഈ വാഹനത്തെ ഏറ്റവും അനുയോജ്യ മോഡലാക്കി മാറ്റുന്നു. കൂടാതെ വാഹനത്തിന്റെ ഡിസൈനും അതിന്റെ രൂപഭംഗിയും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന ഘടകമാണ്.
ഹണ്ടർ vs ജാവ 42 എഫ്‍ജെ
ഇരു വാഹനങ്ങൾക്കും അവരുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഹണ്ടർ ആവട്ടെ വിപണിയിൽ എത്തിയിട്ട് നാളുകൾ കുറച്ചായി. എന്നാൽ ജാവ 42 എഫ്‍ജെ ലോഞ്ച് കഴിഞ്ഞപാടാണ്, അതിനാൽ ഒരു താരതമ്യത്തിന് സാധ്യതയില്ല. എഞ്ചിൻ ഓപ്‌ഷനിൽ ഒരൽപം മുൻതൂക്കം അവകാശപ്പെടാൻ ജാവയ്ക്ക് കഴിയും. ബ്രാൻഡ് എന്ന നിലയിൽ റോയൽ എൻഫീൽഡിന്റെ സ്വാധീനവും എടുത്തു പറയേണ്ട ഘടകമാണ്. എങ്കിലും പൂർണമായ ഒരു താരതമ്യം ഇപ്പോൾ സാധ്യമല്ല.












Click it and Unblock the Notifications