ജീപ്പ് തന്നെയാ മക്കളേ രാജാവ്; കോംപസിന്റെ രണ്ടാംവരവ് തകർക്കും, എപ്പോൾ എത്തുമെന്ന് അറിയണ്ടേ?
ജീപ്പിന്റെ വാഹനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത വാഹന പ്രേമികൾ വളരെ കുറവായിരിക്കും. എന്തെന്നാൽ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വില അല്ലെങ്കിലും ജീപ്പിന്റെ ഫീച്ചറുകളും പവറും ഒക്കെ വളരെ സവിശേഷമായ ഒരു സ്ഥാനം ഈ വാഹനത്തിന് നൽകുന്നു എന്നതാണ് പ്രത്യേകത. വിവിധ മോഡലുകൾ ഇന്ത്യയിൽ കമ്പനി വിൽക്കുന്നുണ്ടെങ്കിലും ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നാണ് ജീപ്പ് കോംപസ്.
ജീപ്പ് കോംപസ് 2007 വർഷത്തിൽ അവതരിപ്പിച്ച ഒരു കോംപാക്റ്റ് ക്രോസ്ഓവർ എസ്‌യുവിയാണ്. ഈ വാഹനത്തെ സംബന്ധിച്ച് ഒട്ടേറെ പ്രത്യേകതകളുണ്ട്. ഈ സെഗ്‌മെന്റിൽ അധികമാർക്കും തൊടാനാവാത്ത ഉയരത്തിലാണ് ഈ വാഹനം നിലകൊള്ളുന്നത്. എങ്കിലും ഇന്ത്യയിൽ ഈ വാഹനത്തിന്റെ രണ്ടാംതലമുറ ഇതുവരെ എത്തിയിരുന്നില്ല.

ഇപ്പോഴിതാ ആ പരാതിക്കും പരിഹാരം ആവുകയാണ്. അടുത്ത തലമുറ ജീപ്പ് കോംപസ് 2027ൽ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് അതിന്റെ വിശദമായ റോഡ്‌മാപ്പ് അടുത്തിടെ ഒരു പരിപാടിയിൽ അവതരിപ്പിച്ചിരുന്നു. ഇതിലാണ് 2027ൽ പുതിയ തലമുറ കോംപസ് ഉൾപ്പെടെ മൂന്ന് പുതിയ മോഡലുകൾ കമ്പനി അണിനിരത്തിയിരിക്കുന്നത്.
ജീപ്പ് കോമ്പസ് ബ്രാൻഡിന്റെ ഇന്ത്യയിലെ ഏറ്റവും ആക്‌സബിൾ ആയ എസ്‌യുവിയാണ്, അടുത്ത അപ്‌ഡേറ്റ് വരുന്നതോടെ പ്രധാന മാറ്റങ്ങൾ കൊണ്ടുവരുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ കമ്പനി വരുത്തുമോ എന്നത് കണ്ടറിയണം. ഓഫ്-റോഡ് കഴിവുകളുടെ കാര്യത്തിൽ കൂടുതൽ മെച്ചപ്പെട്ട ഫീച്ചറുകൾ പുതിയ കോംപസിൽ പ്രതീക്ഷിക്കുക.
പുതിയ തലമുറ ജീപ്പ് കോംപസിൽ ഇലക്ട്രിക് പതിപ്പിന് രൂപം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. വാഹന നിർമ്മാതാക്കളുടെ പുതിയ എസ്‌ടിഎൽഎ എം ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാവും കോംപസ് ഇവി, ഇത് ഭാവിയിൽ ബ്രാൻഡിന്റെ വിവിധ വാഹനങ്ങൾക്ക് അടിത്തറയായി പ്രവർത്തിക്കും. ജീപ്പിന്റെ സൂപ്പർ സ്‌റ്റാർ എസ്‌യുവിയായ റെനഗേഡ് 2027ൽ ഓൾ-ഇലക്‌ട്രിക് മോഡലായി എത്തുമെന്നും അറിയിച്ചിട്ടുണ്ട്.
പുതിയ തലമുറ കോംപസിന്റെ അവതരണം ഇന്ത്യ പോലുള്ള വിപണികളിൽ ഒരു പുതിയ മെറിഡിയൻ മോഡലിന് വഴിയൊരുക്കാനാണ് സാധ്യത എന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. ഒരേ പവർട്രെയിൻ പങ്കിടുന്ന കോമ്പസിന്റെ വലിയ മൂന്ന്-വരി വകഭേദമാണ് ജീപ്പ് മെറിഡിയൻ. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ജീപ്പിന്റേതാണ്.












Click it and Unblock the Notifications