ഒറ്റ ചാർജിൽ 110 കിലോമീറ്റർ ഓടും; കൈനറ്റിക് ലൂണയുടെ ഇലക്ട്രിക് വരുന്നു, അതും ഈ കുറഞ്ഞ വിലയ്ക്ക്...
വാഹന വിപണിയുടെ ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്നാണ് ഇലക്ട്രിക് വാഹനങ്ങളുടെ വരവ്. ഇന്നത്തെ കാലത്ത് അവയ്ക്കുള്ള ജനപ്രീതി എത്രയെന്ന് പ്രത്യേകം പറയേണ്ടതില്ലലോ. അതിൽ തന്നെ ഇ-സ്‌കൂട്ടറുകൾ വൻ തരംഗമാണ്. നിലവിൽ രാജ്യത്ത് പ്രമുഖ കമ്പനികളുടെ നിരവധി മോഡലുകൾ ഇലക്ട്രിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓടുന്നുണ്ട്. അതിലേക്ക് ഏറ്റവും ഒടുവിൽ എത്തിയ ഒരു മോഡലാണ് കൈനറ്റിക് ലൂണ.
ഫെബ്രുവരി ഏഴിന് ഈ മോഡൽ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 500 രൂപ ടോക്കൺ തുകയ്ക്ക് ഇ-ലൂണയുടെ ബുക്കിംഗ് ജനുവരി 26 മൂതൽ ആരംഭിച്ചതായി കൈനറ്റിക് ഗ്രീൻ അറിയിച്ചിരുന്നു. ഇ-ലൂണയുടെ സാങ്കേതിക സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇതിന് പരമാവധി 50 കിലോമീറ്റർ വേഗതയും 110 കിലോമീറ്റർ റേഞ്ചും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇ-ലൂണയിലൂടെ, മെട്രോ നഗരങ്ങളിലെ ഉപഭോക്താക്കളെ മാത്രമല്ല, ടയർ 2, 3 നഗരങ്ങളിലും ഗ്രാമീണ വിപണികളിലും കൈനറ്റിക് സ്വാധീനം ഉണ്ടാക്കാമെന്നാണ് കരുതുന്നത്. കൈനറ്റിക് ഇ-ലൂണയുടെ വില ഏകദേശം 70,000 രൂപയായിരിക്കും (എക്‌സ്-ഷോറൂം). ഇതിന് വിപണിയിൽ നേരിട്ടുള്ള ഇലക്ട്രിക് എതിരാളികളില്ല എന്നതും ശ്രദ്ധേയമാണ്.
അതേസമയം, ഈ വാഹനവുമായി ബന്ധപ്പെട്ട ചില സ്ഥിരീകരിക്കാത്ത വിവരങ്ങൾ അടുത്തിടെ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. പോർട്ടബിൾ ചാർജർ, 22 എൻഎം ടോർക്ക് നൽകുന്ന ബ്രഷ്‌ലെസ് ഡിസി ഹബ് മോട്ടോർ എന്നിവ ഈ മോഡലിന്റെ സവിശേഷതകളാണ്. കൺസോളിൽ സ്‌പീഡ്, ഓഡോമീറ്റർ, ട്രിപ്പ്, ബാറ്ററി എസ്ഒസി, ഡിടിഇ, ഡയറക്ഷൻ ഇൻഡിക്കേറ്റർ, ഹൈ ബീം ഇൻഡിക്കേറ്റർ, റെഡി സിഗ്നൽ എന്നിവ ഉൾപ്പെടുമെന്നാണ് ലഭ്യമായ വിവരം.
ഇ-ലൂണയ്ക്ക് 96 കിലോഗ്രാം ഭാരവും 760 എംഎം സീറ്റ് ഉയരവും 170 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ടാകും എന്നാണ് സൂചന. ലൂണയുടെ പതിറ്റാണ്ടുകൾ നീണ്ട സേവനത്തിന് ശേഷമാണ് ഇപ്പോൾ ഇലക്ട്രിക് മോഡൽ എത്തുന്നത്. പെട്രോൾ-ഡീസൽ മോഡലുകൾ ആളുകൾ പരമാവധി ഒഴിവാക്കുന്ന ഈ കാലഘട്ടത്തിൽ നഗരങ്ങളിലെ തിരക്കേറിയ ട്രാഫിക്കിൽ നിന്ന് മോചനം നൽകാൻ ഈ വാഹനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications