വിപണിയിൽ ഥാർ റോക്‌സ് എഫക്റ്റ്? മഹീന്ദ്ര തന്നെ അത് കാട്ടി തന്നു, 3 ഡോർ മോഡലിന് 1.6 ലക്ഷം രൂപ കുറയും
അടുത്തിടെയാണ് മഹീന്ദ്രയുടെ കാത്തിരുന്ന മോഡലായ ഥാർ 5-ഡോർ വകഭേദം കമ്പനി പുറത്തിറക്കിയത്. കൃത്യമായി പറഞ്ഞാൽ ആഗസ്‌റ്റ് 15 സ്വാതന്ത്ര്യദിനത്തിനാണ് ഈ മോഡൽ എല്ലാവർക്കും മുന്നിലുമായി അനാവരണം ചെയ്‌തത്. രണ്ട് മാസം പിന്നിടുമ്പഴേക്കും ഈ വാഹനം നിരവധി ആരാധകരെയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. അതിന്റെ പ്രതിഫലനമെന്നോണം പല കമ്പനികളും എസ്‌യുവികൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിക്കുന്ന കാഴ്‌ചയും നാം കണ്ടു.
എന്തിന് പറയുന്നു മഹീന്ദ്ര തന്നെ ഈ പാത പിന്തുടരുകയാണ് ഇപ്പോൾ. വിശ്വസിക്കാൻ കഴിയുന്നില്ല അല്ലേ, എങ്കിൽ വിശ്വസിച്ചേ മതിയാവൂ. ഇന്ത്യൻ വിപണിയെ ഒരുകാലത്ത് അടക്കി ഭരിച്ചിരുന്ന (ഇപ്പോഴും മാറ്റമൊന്നുമില്ല) മഹീന്ദ്രയുടെ ഈ ഓഫ്‌റോഡ് കില്ലാഡിയുടെ വിലയിൽ വമ്പൻ കുറവാണ് മഹീന്ദ്ര ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഉത്സവകാല ഓഫർ ആണെന്നാണ് പറയുന്നതെങ്കിലും ഇത് റോക്‌സ് എഫക്റ്റ് തന്നെയാണെന്നാണ് ആരാധകർ പറയുന്നത്. കാരണം മഹീന്ദ്ര ഥാർ റോക്‌സ് ബുക്കിംഗ് അത്രയധികം കുതിച്ചുയരുന്നു എന്നതാണ് ഇതിന്റെ വലിയ ഉദാഹരണം. അങ്ങനെ വരുമ്പോൾ പഴയ മോഡലിന്റെ വിൽപ്പന കൂട്ടാൻ വേണ്ടിയുള്ള കമ്പനിയുടെ തന്ത്രമാണ് ഇതെന്നും ചിലർ പറയുന്നു.
എന്തൊക്കെയാണെങ്കിലും ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ഇളവുകൾ ഈ വാഹനത്തിന് ലഭിക്കും എന്നതാണ് പ്രത്യേകത. 2020ൽ ഇറങ്ങിയ ഈ മൂന്ന് ഡോർ വകഭേദമാണ് മഹീന്ദ്രയുടെ ഓഫ്‌റോഡ് എസ്‌യുവി കൺസെപ്റ്റ് വളരെയധികം ആളുകളിലേക്ക് ഇറങ്ങി ചെല്ലാൻ കാരണമായത് എന്നതാണ് വാസ്‌തവം. കൂടാതെ ഈ സെഗ്‌മെന്റിലെ മറ്റ് വാഹനങ്ങൾക്ക് ഒന്നുമില്ലാതിരുന്ന ജനപ്രീതിയും ഇതിന് കൈവരിക്കാൻ കഴിഞ്ഞിരുന്നു.
മഹീന്ദ്ര ഥാർ 3 ഡോർ ഡിസ്‌കൗണ്ട് ഇങ്ങനെ:
ഇത്തവണത്തെ ഉത്സവ സീസണിൽ മോഡലിന്റെ വിൽപ്പന വർധിപ്പിക്കുന്നതിനായാണ് കമ്പനി 1.6 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ ഥാർ വാങ്ങുന്നവർക്ക് ലഭ്യമാവും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇവ ഡീലർഷിപ്പ് ഉൾപ്പെടെയുള്ള ഘടകങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെടും. കൂടാതെ ഈ ഉത്സവ സീസണിൽ ഥാർ മൂന്ന് ഡോർ വകഭേദം വാങ്ങുന്നവർക്കായി മഹീന്ദ്ര 25,000 രൂപ വിലയുള്ള സൗജന്യ ആക്‌സസറി കിറ്റും നൽകുന്നുണ്ട്.
പിന്നെ നിങ്ങൾ ഓർക്കേണ്ട മറ്റൊരു കാര്യം വ്യത്യസ്‌ത ട്രിം ലെവലുകളും തിരഞ്ഞെടുത്ത പവർട്രെയിൻ കോമ്പിനേഷനും അനുസരിച്ച് ഈ ആനുകൂല്യങ്ങളിൽ മാറ്റമുണ്ടാകും എന്നതാണ്. മഹീന്ദ്ര ഥാർ എർത്ത് എഡിഷൻ ഉൾപ്പെടെ ആനുകൂല്യത്തിന് അർഹമാണ്. ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങൾ കണക്കിലെടുത്താണ് നടപടി.
മഹീന്ദ്ര ഥാർ 3 ഡോർ: ഫീച്ചറുകൾ
മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്ര ഥാർ മൂന്ന് ഡോർ എത്തുന്നത്. 1.5L ഡീസൽ, മാനുവൽ ഗിയർബോക്‌സും റിയൽ വീൽ ഡ്രൈവ് സ്‌റ്റാൻഡേഡായി നൽകിയിട്ടുണ്ട്. അതിനുശേഷം, മാനുവൽ, ഓട്ടോ ഗിയർബോക്‌സിനൊപ്പം ഓപ്‌ഷണൽ റിയൽ വീൽ, 4 വീൽ ഡ്രൈവ് എന്നിവയുള്ള 2.0L പെട്രോൾ എഞ്ചിൻ ഓപ്‌ഷനും ലഭിക്കും. മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായി ഘടിപ്പിച്ച 4 വീൽ ഡ്രൈവ് സ്‌റ്റാൻഡേർഡ് ആയ 2.2L ഡീസൽ എഞ്ചിനുമുണ്ട് ഇതിൽ.












Click it and Unblock the Notifications