ഇനി മഹീന്ദ്രയുടെ റാലി കറണ്ടിലോടും; കണ്ടാൽ നല്ല റോബോട്ടിക് ലുക്ക്, ലോഞ്ചിംഗ് എപ്പോഴാണെന്ന് അറിയണ്ടേ?
ഇന്ത്യയിലെ ഒട്ടുമിക്ക മുൻനിര വാഹന നിർമ്മാണ കമ്പനികളും ഒരുപോലെ ശ്രമിക്കുന്ന ഒരു കാര്യമാണ് ഇലക്ട്രിക് വാഹന വിപണിയിൽ ആധിപത്യം സ്ഥാപിക്കുക എന്നത്. അതിന്റെ കാരണം ധാരാളം ഇവി വാഹനങ്ങൾ ഇപ്പോൾ നിരത്തിൽ ഇറങ്ങുന്നുണ്ടെങ്കിലും ഈ സെഗ്‌മെന്റിൽ ഏതെങ്കിലും ഒരു കമ്പനിക്ക് മാത്രമായി ഒരു മേൽക്കൈയുമില്ല എന്നതാണ്. അതുകൊണ്ട് തന്നെ എല്ലാ കമ്പനികളുടെയും കണ്ണ് ഈ മേഖലയിലാണ്.
ടാറ്റ ഉൾപ്പെടെയുള്ള വമ്പന്മാർ ഓരോ വട്ടവും തങ്ങളുടെ പോർട്ട്ഫോളിയോ മെച്ചപ്പെടുത്തി കൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കുമ്പോൾ മാരുതിയെ പോലുള്ളവർ ഇതുവരെ രംഗത്ത് ഇറങ്ങിയിട്ടില്ല. എന്നാൽ ഇന്ത്യൻ വമ്പന്മാരായ മഹീന്ദ്ര അങ്ങനെയല്ല. അവർ കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞു കൊണ്ട് ഒരു മുഴം മുൻപേ എറിയുന്നവരാണ്.

അതുകൊണ്ടാണ് അവരുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ റാലി ഇവി ഇത്രയധികം ചർച്ചകൾക്ക് വിധേയമാവുന്നതും. ലോഞ്ച് ചെയ്യുന്നതിന് മുൻപ് തന്നെ അതിന്റെ പ്രോട്ടോടൈപ്പ് ലുക്ക് കൊണ്ടും കാഴ്‌ചയിലെ ഭംഗി കൊണ്ടും എറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന്റെ തുടർച്ചയായി ഇപ്പോഴിതാ വാഹനത്തിന്റെ പുതിയ ചില അപ്‌ഡേറ്റുകൾ പുറത്തു വന്നിരിക്കുകയാണ്.
മഹീന്ദ്ര റാലി ഇവി
അടുത്ത വർഷം രാജ്യത്ത് ഒന്നിലധികം ഇവി വാഹനങ്ങൾ അവതരിപ്പിക്കാനാണ് മഹീന്ദ്രയുടെ ശ്രമം. അതിൽ ഉൾപ്പെട്ട ഒരു മുൻനിര മോഡലാണ് റാലി ഇവി എന്ന പേരിൽ അറിയപ്പെടുന്ന ബിഇ. റാലി കാർ. ഉപഭോക്താക്കളുടെ ഓഫ്‌റോഡ് ആവശ്യകതകൾ നിറവേറ്റാനും അതിന്റെ സ്‌പോർട്ടി ലുക്ക് കൊണ്ട് കൈയ്യടി നേടാനും ലക്ഷ്യമിട്ടാണ് മഹീന്ദ്ര ഈ വാഹനത്തെ അണിയറയിൽ ഒരുക്കുന്നത്.
കഴിഞ്ഞ വർഷത്തെ ഫെബ്രുവരിയിലാണ് മഹീന്ദ്ര ഈ വാഹനത്തിന്റെ ആദ്യ സൂചനകൾ തന്നത്. മഹീന്ദ്രയുടെ നിലവിലെ ഇവി പോർട്ട്ഫോളിയോയിൽ ഒന്നിലും കനത്ത തരാം വന്യതയും ഒരുതരം റോബോട്ടിക് രൂപഭാവവും ഒക്കെയായിരുന്നു ഈ വാഹനത്തിന്റെ സവിശേഷത. നിലവിൽ ഈ വാഹനം പരീക്ഷണ ഘട്ടത്തിലാണ് എന്നാണ് ലഭ്യമായ വിവരം.
ഇപ്പോഴത്തെ പദ്ധതികൾ അനുസരിച്ച് കാര്യങ്ങൾ കൃത്യമായി മുന്നോട്ട് പോയാൽ മഹീന്ദ്രയുടെ ഈ ചുണക്കുട്ടൻ അടുത്ത വർഷം വിപണിയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും ഒരു കാര്യം പ്രത്യേകം ഓർക്കേണ്ടത് മുൻപ് കൺസെപ്റ്റ് ആയി പുറത്തുവിട്ട ലുക്കിൽ നിന്ന് കാര്യമായ മാറ്റം വിപണിയിൽ എത്തുമ്പോൾ ഉണ്ടാവുമെന്നതാണ്.
അതിലേക്ക് വെളിച്ചം വീശുന്ന ചില ലീക്ക്ഡ് ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. അത് നൽകുന്ന സൂചന അനുസരിച്ച് വാഹനം മഹീന്ദ്രയുടെ ഗെയിം ചേഞ്ചർ ആവുമെന്നാണ്. ഇതിന് റൂഫിൽ ഒരു ലഗേജ് റാക്കും വലിയ സസ്പെൻഷൻ സൗകര്യങ്ങളും ഉണ്ടാവുമെന്നാണ് സൂചന. ടെസ്‌റ്റ് മ്യൂളിൽ നിന്ന് വിഭിന്നമായി കൂടുതൽ വലിയ ടയറുകൾ ലോഞ്ച് സമയത്ത് നൽകുമെന്നാണ് മറ്റ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വാഹനത്തിന്റെ മുൻഭാഗത്ത് സി ഷേപ്പിൽ വരുന്ന എൽഇഡി ലൈറ്റുകൾ വാഹനത്തെ മറ്റൊരു തലത്തിലേക്കാണ് ഉയർത്തുന്നത്. ഇനി വാഹനത്തിന്റെ മറ്റ് സവിശേഷതകളിലേക്ക് കടന്നാൽ ഒറ്റ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് വരെ വാഗ്‌ദാനം ചെയ്യുന്ന 60 kWh ബാറ്ററിയാവും ഇതിന് കരുത്ത് പകരുക. അതുകൊണ്ട് തന്നെ വിപണിയിലെ മറ്റേത് ഇവിയോടും കട്ടയ്ക്ക് നിൽക്കാൻ ഈ മോഡലിന് കഴിയുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications