ഇത് അർമാഡയുടെ കാലമല്ലേ; അഞ്ച് ഡോറുമായി വരുന്നു മഹീന്ദ്രയുടെ ചെക്കൻ, ഥാർ വേറെ ലെവലാണ്
ഓഫ്‌റോഡ് എന്നും എസ്‌യുവി എന്നുമൊക്കെ കേൾക്കുമ്പോൾ ഇന്ത്യക്കാരുടെ മനസിൽ ആദ്യം തെളിഞ്ഞു വരുന്നൊരു രൂപമുണ്ട്. അതിന് പലപ്പോഴും മഹീന്ദ്ര ഥാർ എന്ന അതികായന്റെ ഛായ തോന്നിയാൽ അത്ഭുതപ്പെടാനില്ല. ഇന്ത്യൻ വിപണിയിൽ ഓഫ്‌റോഡ് എസ്‌യുവി ഗണത്തിൽ എതിരാളികൾ ഇല്ലാതെ പടർന്നു പന്തലിച്ചു കിടക്കുന്ന വാഹനമാണ് ഥാർ.
ഇടയ്ക്ക് മാരുതി ഉൾപ്പെടെയുള്ളവർ അടിച്ചു വീഴ്ത്താൻ പുത്തൻ മോഡലുകളുമായി വന്നിട്ടും ഥാറിനെ തൊടാൻ കഴിഞ്ഞില്ലെന്നതാണ് സത്യം. അതിന്റെ മത്സര ലഹരി ആസ്വദിച്ച് മുന്നോട്ട് പോവുന്നതിനാലാവണം മഹീന്ദ്ര ഥാറിൽ പുത്തൻ പരീക്ഷണങ്ങൾക്ക് മുതിരുന്നത്. ഇപ്പോഴിതാ വാഹനത്തിന്റെ അഞ്ച് ഡോർ പതിപ്പ് കൂടി വരികയാണ്.

ഈ വർഷം പകുതിയോടെ വിപണിയിൽ എത്തുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ച ഥാർ 5-ഡോർ പതിപ്പ് ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. എങ്കിലും കൃത്യമായ ഇടവേളകളിൽ വാഹനത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകൾ ഓരോന്നായി പുറത്തുവിടാൻ അവർക്ക് കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇപ്പോഴിതാ ഥാർ 5-ഡോറിന്റെ ഏറ്റവും പുതിയ വിവരമാണ് ലീക്കായിരിക്കുന്നത്.
ഥാർ 5-ഡോറിന്റെ പുതിയ വിവരങ്ങൾ
ഥാർ 5-ഡോറിന് സിംഗിൾ-പേൻ സൺറൂഫ് ലഭിക്കുമെന്ന് മഹീന്ദ്ര സ്ഥിരീകരിച്ച കാര്യമാണ്. കൂടാതെ ഡയമണ്ട് കട്ട് അലോയ് വീലുകൾ ഉൾപ്പെടെ നേരത്തെ പല മാധ്യമങ്ങളും പുറത്തുവിട്ട ചിത്രങ്ങളിൽ വ്യക്തമായിരുന്നു. എന്നാൽ ഏറ്റവും പുതിയ ലീക്ക്ഡ് ചിത്രങ്ങൾ പ്രകാരം ഇരട്ട പാളികളുള്ള സൺറൂഫിന്റെ സാധ്യതകളാണ്.
ഇത് സൂചിപ്പിക്കുന്നത് മുമ്പ് കണ്ടതിനേക്കാൾ ഉയർന്ന ഒരു വേരിയന്റ് കൂടി വാഹനത്തിന് ഉണ്ടായിരിക്കാം എന്നാണ്. ഡ്യുവൽ-പേൻ സൺറൂഫ് ഓപ്ഷൻ ഥാറിലെ ഒരു സവിശേഷ ഫീച്ചർ ആയിരിക്കാം എന്നാണ് കരുതുന്നത്. നിലവിൽ ഇത് ഇന്ത്യയിലെ ഒരു ലാഡർ-ഫ്രെയിം എസ്‌യുവിയിലും ഇത് ലഭ്യമല്ല. കൂടാതെ വിദേശത്തുള്ള വളരെ കുറച്ച് എസ്‌യുവികളിൽ മാത്രമാണ് ഇതുള്ളത്.
നേരത്തെയുള്ള 2.2-ലിറ്റർ ഡീസൽ, 2.0-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾ, ഒരുപക്ഷേ വ്യത്യസ്‌ത ട്യൂണിംഗുകളാൽ കൂടുതൽ കരുത്തോടെ ഈ വാഹനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ വില താങ്ങാവുന്ന നിലയിൽ എത്തിക്കാനായി കമ്പനി ഒരു റിയർ-വീൽ-ഡ്രൈവ് വേരിയന്റ് കൂടി അവതരിപ്പിച്ചേക്കാം എന്നും റിപ്പോർട്ടുകളുണ്ട്.
നിലവിൽ ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ജിംനി ഉൾപ്പെടെയുള്ള മോഡലുകളാണ് ഥാറിന്റെ എതിരാളി. എങ്കിലും ഓഫ്‌റോഡ് എസ്‌യുവി എന്ന ലേബലിൽ ഇത്രയും താങ്ങാവുന്ന വിലയിൽ എത്തുന്ന മോഡലിനോട് പിടിച്ചുനിൽക്കാൻ ജിംനിക്ക് കഴിഞ്ഞിട്ടില്ലെന്ന് തന്നെയാണ് നിലവിലെ വിൽപ്പന കണക്കുകൾ നൽകുന്ന സൂചന.












Click it and Unblock the Notifications