ഥാറിനോട് മുട്ടാൻ ആരുണ്ടെടാ..? ജിംനി ഒക്കെ ഇനി അട്ടംനോക്കി ഇരിക്കും, വരുന്നത് ചില്ലറ വണ്ടിയൊന്നുമല്ല...
മഹീന്ദ്രയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമായ ഥാർ 5-ഡോർ പതിപ്പ് വാഹന പ്രേമികളുടെ ക്ഷമ പരീക്ഷിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. അടുത്തിടെ ഓൺലൈനിൽ പ്രചരിക്കുന്ന ഏറ്റവും പുതിയ ലീക്ക്ഡ് ചിത്രങ്ങൾ വാഹനത്തിന്റെ ലോഞ്ച് അധികം വൈകില്ലെന്ന സൂചനയാണ് നൽകുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത വർഷം ആദ്യം തന്നെ വാഹനം ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വരാനിരിക്കുന്ന 5-ഡോർ ഥാറിന്റെ അലോയ് വീലുകളിൽ കമ്പനി ശ്രദ്ധേയമായ മാറ്റം വരുത്തിയിട്ടുണ്ട്. ഡിസൈനിനെക്കുറിച്ച് പറയുമ്പോൾ, നിലവിലുള്ള 3-ഡോർ ഥാറിൽ കാണുന്ന മൾട്ടി-സ്‌പോക്ക് ഡിസൈനിൽ നിന്ന് ഇതിന് മൊത്തത്തിൽ വ്യത്യാസമുണ്ട്, ഡയമണ്ട് കട്ട് ശൈലിയാണ് ഇതിന്റെ ഡിസൈൻ എന്നാണ് ലഭ്യമായ സൂചന. വൃത്താകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ ഉൾക്കൊള്ളുന്ന എൽഇഡി ഹെഡ്‌ലാമ്പുകളും പരീക്ഷണ വാഹനത്തിന്റെ ചിത്രങ്ങളിൽ നിന്ന് നേരത്തെ മനസിലാക്കിയിരുന്നു.

മാത്രമല്ല, വരാനിരിക്കുന്ന 5-ഡോർ ഥാർ അതിന്റെ ഓഫ്-റോഡ് ശേഷികളിൽ യാതൊരു വിട്ടുവീഴ്‌ചയും ചെയ്യില്ല. 3-ഡോർ മോഡലിന് കൂടുതൽ പ്രായോഗികമായ ബദലായാണ് ഇതിനെ അവതരിപ്പിക്കുന്നത്. ഇലക്ട്രിക് സൺറൂഫ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന വിപുലീകരിച്ച ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റം, മുൻ സീറ്റുകൾക്കിടയിലുള്ള സെൻട്രൽ ആംറെസ്‌റ്റ്, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെൽറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ ഇതിന് ലഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കൂടാതെ, വാഹനത്തിന് നല്ല സൗകര്യത്തോട് കൂടിയ വലിയ ബൂട്ട് സ്പേസ് ഉണ്ടായിരിക്കുമെന്നും പുറത്തുവന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന മഹീന്ദ്ര ഥാർ 5-ഡോർ വിപുലീകൃത വീൽബേസ് അവതരിപ്പിക്കും. നേരത്തെയുള്ള 2.2-ലിറ്റർ ഡീസൽ, 2.0-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾ, ഒരുപക്ഷേ വ്യത്യസ്‌ത ട്യൂണിംഗുകളാൽ കൂടുതൽ കരുത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ വില താങ്ങാവുന്ന നിലയിൽ എത്തിക്കാനായി കമ്പനി ഒരു റിയർ-വീൽ-ഡ്രൈവ് വേരിയന്റ് കൂടി അവതരിപ്പിച്ചേക്കാം.
അതേസമയം, വിപണിയിൽ മാരുതി സുസുക്കി ജിംനി ഉൾപ്പെടെയുള്ള മോഡലുകളാവും ഥാറിന്റെ എതിരാളി. എന്നാൽ ഓഫ്‌റോഡ് എസ്‌യുവി എന്ന ലേബലിൽ ഇത്രയും താങ്ങാവുന്ന വിലയിൽ എത്തുന്ന മോഡലിനോട് പിടിച്ചുനിൽക്കാൻ ജിംനിക്ക് സാധ്യമാവുമോ എന്നാണ് സംശയം. പ്രത്യേകിച്ച് ഇന്ത്യൻ വിപണിയിൽ കാലങ്ങളായി കരുത്ത് തെളിയിച്ച മോഡൽ കൂടുതൽ മെച്ചപ്പെട്ട നിലയിൽ വിപണിയിലേക്ക് എത്തുമ്പോൾ മറ്റ് കമ്പനികൾ അതിനെ ഭയത്തോടെയാണ് നോക്കി കാണുന്നത്.












Click it and Unblock the Notifications