മഹീന്ദ്രയുടെ അമ്പാൻ വന്നു മക്കളേ; ഇനി നിരത്തുകളിൽ ഥാർ റോക്‌സ് തീപാറിക്കും, വില കേട്ട് ഞെട്ടല്ലേ?
കാലങ്ങളായി ഇന്ത്യൻ വിപണിയെ പ്രതീക്ഷയോടെ കാത്തിരിപ്പിൽ നിർത്തിയിരുന്ന മഹീന്ദ്രയുടെ ഥാറിന്റെ ഫൈവ് സീറ്റർ അവതാർ റോക്‌സ് ലോഞ്ച് ചെയ്‌തു. സ്പെസിഫിക്കേഷനുകളും മറ്റ് സവിശേഷതകളും കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും വില വിവരമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മറ്റ് സവിശേഷതകൾ ആഗസ്‌റ്റ് 15ന് പുറത്തുവിടും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പ്രാരംഭ വിലകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ അഞ്ച് ഡോർ ഥാറിന്റെ എൻട്രി ലെവൽ എംഎക്‌സ്1 പെട്രോൾ മാനുവൽ വേരിയന്റിന് 12.99 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) വില, എംഎക്‌സ്1 ഡീസൽ മാനുവൽ വേരിയന്റിന് 13.99 ലക്ഷം രൂപയും (എക്‌സ്-ഷോറൂം) ആയിരിക്കും പ്രാരംഭ വിലകൾ. വാഹനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ആഗസ്‌റ്റ് 15ന് നടക്കുന്ന ചടങ്ങിലാവും കമ്പനി പ്രഖ്യാപിക്കുക.

ലോഞ്ചിന് മുൻപ് തന്നെ വാഹനത്തിന്റെ രൂപഭാവങ്ങൾ കമ്പനി പുറത്തുവിട്ടിരുന്നു. ഇതോടെ വാഹനത്തിന്റെ ഡിസൈനെ കുറിച്ചുള്ള ഏകദേശ ചിത്രങ്ങൾ ഥാർ പ്രേമികൾക്ക് ലഭിക്കുകയും ചെയ്‌തു. ഈ 5-ഡോർ എസ്‌യുവി സ്‌പോർട്‌സ് റൗണ്ട് എൽഇഡി ഹെഡ്‌ലൈറ്റുകളും സി ആകൃതിയിലുള്ള ഡിആർഎല്ലുകളും ഫ്രണ്ട് ബമ്പറിൽ നിർമ്മിച്ച ഫോഗ് ലൈറ്റുകളും, അതിനൊപ്പം ആറ് സ്ലോട്ട് ഡിസൈനിലുള്ള പുതിയ, പെയിൻ്റ് ചെയ്‌ത ഗ്രില്ലോടെയുമാണ് വരിക.
ത്രികോണാകൃതിയിലുള്ള പിൻ ക്വാർട്ടർ ഗ്ലാസുള്ള ആംഗിൾഡ് സി-പില്ലറും ഥാർ റോക്‌സിന്റെ മറ്റൊരു സവിശേഷതയാണ്. എന്നാൽ മൊത്തത്തിലുള്ള രൂപം ത്രീ-ഡോർ മോഡലിൻ്റെ ബോക്‌സി- സ്ട്രൈറ്റ് രൂപകൽപ്പനയിൽ നിന്ന് മാറ്റമുള്ളതൊന്നും അല്ലെന്ന് ഉറപ്പിക്കാം. മുൻ മോഡലിലെ ടെയിൽ ലൈറ്റുകളും അതേ ആകൃതിയിൽ തന്നെ തുടരുന്നു. എങ്കിലും ചില വ്യത്യസ്‌തതകൾ പ്രകടമായി ഉണ്ട് താനും.
ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്‌റ്റർ, വെൻ്റിലേറ്റഡ് ലെതറെറ്റ് സീറ്റുകൾ, റിക്ലൈനിംഗ് റിയർ സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എയർ-കോൺ വെൻ്റുകൾ, കൂടാതെ ഹർമാൻ കാർഡൺ ഓഡിയോ സിസ്‌റ്റം, പനോരമിക് സൺറൂഫ് എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഫീച്ചറുകളുടെ അകമ്പടിയോടെയാണ് വാഹനം വിപണിയിലേക്ക് എത്തുന്നത്.
ത്രീ-ഡോർ പതിപ്പിനേക്കാൾ വലിയ സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയാണ് ഥാർ റോക്‌സിനുണ്ടാവുക. സുരക്ഷാ സവിശേഷതകളിൽ വാഹനത്തിന് ആറ് എയർബാഗുകൾ, ഇലക്ട്രോണിക്-സ്‌റ്റെബിലിറ്റി-കൺട്രോൾ കൂടാതെ എല്ലാ യാത്രക്കാർക്കും മൂന്ന്-പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവ സ്‌റ്റാൻഡേർഡായി ലഭിച്ചേക്കും. ഉയർന്ന വകഭേദങ്ങളിൽ അഡാസ് സൗകര്യങ്ങൾ കൂടി ലഭിക്കാനാണ് സാധ്യത.
150 ബിഎച്ച്പി കരുത്തേകുന്ന ഡീസൽ എഞ്ചിനും 160 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന പെട്രോൾ എഞ്ചിനും വാഹനത്തിൽ ഒരുക്കുമെന്ന് മഹീന്ദ്ര തന്നെ സ്ഥിരീകരിച്ച കാര്യമാണ്. രണ്ട് എഞ്ചിനുകൾക്കും 330 എൻഎം ആണ് പീക്ക് ടോർക്ക് ഔട്ട്പുട്ടായി കണക്കാക്കുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർ ബോക്‌സുകൾ വാഹനത്തിന് ലഭിക്കും.












Click it and Unblock the Notifications