ഥാറിനെ മറികടക്കാൻ ഈ മൂപ്പൊന്നും പോരാ...; ജിംനിയെ ആർക്കും വേണ്ട ? കാരണം ഇത്
രാജ്യത്തെ ഏറ്റവും പ്രധാന ഓഫ്‌റോഡ് വാഹനങ്ങളാണ് മഹീന്ദ്ര ഥാറും മാരുതി സുസുക്കിയുടെ ജിംനിയും. രണ്ട് വാഹനങ്ങൾക്കും ശക്തമായ ആരാധക പിന്തുണയുമുണ്ട്. വിപണിയിലെ ഏറ്റവും കരുത്തൻ എന്ന വിശേഷണത്തിന് അർഹമായ വാഹനമാണ് ഥാർ എങ്കിൽ പഴയ ജിപ്‌സിയുടെ ചെറിയ ചായ്‌വോടെ മാരുതി അവതരിപ്പിച്ച ജിംനി ഒട്ടും പിന്നിലല്ല.
എന്നാൽ ഏറ്റവും ഒടുവിൽ വന്ന കണക്കുകൾ പ്രകാരം ഥാറിന്റെ ഏഴയലത്ത് പോലും ജിംനി ഇല്ല. കഴിഞ്ഞ ഒക്ടോബർ മാസത്തിലെ വിൽപ്പന കണക്കുകൾ ഥാറിന്റെ അപ്രമാദിത്തം വരച്ചു കാട്ടുന്നതാണ്. പട്ടികയിൽ ഥാറിനേക്കാൾ താഴെയാണ് കൊട്ടിഘോഷിച്ചു അവതരിപ്പിച്ച മാരുതി സുസുക്കി ജിംനി. പഴയ ജിപ്‌സിയുടെ സെന്റിമെന്റ്സ് ആയുധമാക്കിയാണ് മാരുതി ജിംനി അവതരിപ്പിച്ചത് എന്ന സത്യം വാഹനപ്രേമികൾ തിരിച്ചറിഞ്ഞു.

ഒക്ടോബറിൽ ആകെ 5593 യൂണിറ്റ് ഥാർ ആണ് മഹീന്ദ്ര വിറ്റഴിച്ചത്. എന്നാൽ അതേ കാലയളവിൽ കേവലം 1852 യൂണിറ്റ് ജിംനി മാത്രമേ മാരുതിയ്ക്ക് വിൽക്കാൻ കഴിഞ്ഞുള്ളൂ. മറ്റെല്ലാ വിഭാഗങ്ങളിലും മുൻപന്തിയിലുള്ള മാരുതി ഓഫ് റോഡ് പോരാട്ടത്തിൽ ഥാറിന് മുൻപിൽ കാലിടറുമെന്ന് തന്നെയാണ് കണക്കുകൾ നൽകുന്ന വ്യക്തമായ സൂചന.
കഴിഞ്ഞ കുറച്ചധികം മാസങ്ങളായി മഹീന്ദ്ര ഥാർ വിൽപ്പനയിൽ ഒരേ നിലവാരം വെച്ച് പുലർത്തുന്നുണ്ട്. ശരാശരി വിൽപ്പന 5000 യൂണിറ്റുകൾക്ക് അടുത്ത് വരുന്നുമുണ്ട്. എന്നാൽ കഴിഞ്ഞ ഓഗസ്‌റ്റ് മാസത്തെ 3104 യൂണിറ്റുകളിൽ നിന്ന് ജിംനി താഴേക്ക് പോവുന്ന പ്രവണതയാണ് കാണാൻ കഴിയുന്നത്. ഇത് ഥാർ-ജിംനി പോരാട്ടത്തിന്റെ വിധിയെഴുതുന്ന കണക്കുകളാണ് എന്ന് തീർത്ത് പറയാൻ കഴിയില്ലെങ്കിലും ഈ നിലയ്ക്ക് പോവുകയാണെങ്കിൽ ജിംനിയുടെ കാര്യം കഷ്‌ടത്തിലാവും.
മഹീന്ദ്ര ഥാർ
ഈ സെഗ്‌മെന്റിലെ ഏറ്റവും കരുത്തനാണ് മഹീന്ദ്ര ഥാർ. ഫോർ വീൽ ഡ്രൈവ്, ടു വീൽ ഡ്രൈവ് വകഭേദങ്ങളിൽ വാഹനം ലഭ്യമാവും. 117 ബിഎച്ച്‌പി കരുത്തും 300 എൻഎം പീക്ക് ടോർക്കും ഉണ്ടാക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ടു വീൽ ഡ്രൈവ് ഥാറിലുള്ളത്. എഞ്ചിൻ 6 സ്‌പീഡ് എംടിയുമായി (മാനുവൽ ട്രാൻസ്‌മിഷൻ) ജോഡിയാക്കും. ടുവീൽ ഡ്രൈവ് ഥാറിന് 10 ലക്ഷം രൂപയിൽ താഴെയാണ് വില. നിലവിൽ ഫോർ വീൽ ഡ്രൈവ് ഥാറിന് 13.59 ലക്ഷം മുതൽ 16.29 ലക്ഷം രൂപ വരെയും വിലയുണ്ട്.
മാരുതി സുസുക്കി ജിംനി
പഴയ ജിപ്‌സിയുടെ ഓർമ്മയിൽ മാരുതി പുറത്തിറക്കിയ വാഹനമാണ് ജിംനി ഫൈവ് ഡോർ. മാരുതിയുടെ കെ15ബി 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ജിംനിയുടെ കരുത്ത്. ട്രാൻസ്‌മിഷൻ ഓപ്ഷനുകളിൽ 5-സ്‌പീഡ് എംടി, 4-സ്‌പീഡ് എംടി എന്നിവ ഉൾപ്പെടുന്നു. ഫോർ വീൽ ഡ്രൈവാണ് ഈ വാഹനം. സീറ്റ, ആൽഫ വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. 12 ലക്ഷം മുതലാണ് മാരുതി സുസുക്കി ജിംനിയുടെ വില ആരംഭിക്കുന്നത്.












Click it and Unblock the Notifications