മാരുതി 'ഇവിഎക്‌സ്' വിപണിയിൽ എത്താൻ മാസങ്ങൾ മാത്രം; ഈ കാറിന്റെ പ്രത്യേകതകൾ കുറച്ചൊന്നുമല്ല...
മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറായ ഇവിഎക്‌സ് മോഡൽ, ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇവിഎക്‌സിനോട് ചേർന്ന് നിൽക്കുന്ന ഒരു ടൊയോട്ട പതിപ്പും ഉണ്ടാകും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്, ഈ രണ്ട് മോഡലുകളും ഇന്ത്യയിൽ നിർമ്മിക്കുക മാത്രമല്ല വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുമെന്നാണ് കമ്പനി പറഞ്ഞത്. ഇപ്പോഴിതാ ഈ വാഹനത്തിന്റെ ലോഞ്ചിങ് എപ്പോഴായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി.
2025 സാമ്പത്തിക വർഷത്തോടെ വാഹനം വിപണിയിൽ എത്തിക്കാനാവുമെന്ന പ്രതീക്ഷയാണ് അധികൃതർ പങ്കുവയ്ക്കുന്നത്, ഈ വാഹനം 2024 ഒക്ടോബറിൽ വിപണിയിൽ എത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചത്, എന്നാൽ 2025 ജൗനുവരിക്ക് ശേഷമായിരിക്കും കാർ വിപണിയിൽ എത്തുകയെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

അഹമ്മദാബാദിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള സുസുക്കി മോട്ടോർ ഗുജറാത്തിന്റെ (SMG) ഹൻസൽപൂർ കേന്ദ്രത്തിലാണ് വരാനിരിക്കുന്ന ഇവിഎക്‌സും അതിന്റെ ടൊയോട്ട പതിപ്പും നിർമ്മിക്കുന്നത്.
മാരുതി സുസുക്കി ഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് എസ്എംജി. ഈ പ്ലാന്റ് 2017 മുതൽ പ്രവർത്തനക്ഷമമാണ്. അടുത്തിടെ അവിടെ നിന്ന് മൂന്ന് ദശലക്ഷം കാർ പുറത്തിറക്കിയതിന്റെ കണക്കുകളും പുറത്തുവന്നിരുന്നു. പ്രതിവർഷം 7.5 ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷിയുള്ള ഇവിടെ പ്രധാനമായും ബലേനോ, സ്വിഫ്റ്റ്, ഡിസയർ, ഫ്രോങ്ക്സ് തുടങ്ങിയ മോഡലുകളാണ് മാരുതി നിർമിക്കുന്നത്.
ഒറ്റ ചാർജിൽ പരമാവധി 550 കിലോമീറ്റർ റേഞ്ച് നൽകാൻ പര്യാപ്‌തമായ 60kW ബാറ്ററിയാണ് ഇവിഎക്‌സിൽ സജ്ജീകരിച്ചിരിക്കുക എന്നാണ് ലഭ്യമായ സൂചന. ഏകദേശം 16 മുതൽ 20 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) വിലയും പ്രതീക്ഷിക്കുന്നു. പവർ ട്രെയിനുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
വിപണിയിൽ വമ്പന്മാരായ ഹ്യുണ്ടായ് കോന ഇലക്ട്രിക്, മഹീന്ദ്ര എക്സ്യുവി400, ടാറ്റ നെക്‌സോൺ ഇവി മാക്‌സ് എന്നിവയുമായി ഏറ്റുമുട്ടും. അതേസമയം, മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനം എന്നതിലുമപ്പുറം കൂടുതൽ വിശദാംശങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വില ഉൾപ്പെടെയുള്ള കാര്യങ്ങൾ ലോഞ്ചിനോട് ചേർന്നുള്ള സമയത്താവും ഔദ്യോഗികമായി കമ്പനി പുറത്തുവിടുക.












Click it and Unblock the Notifications