ജിംനിയും സ്വിഫ്റ്റും വാങ്ങേണ്ടവർ വേഗം വിട്ടോ; മാരുതിയുടെ നവംബർ ഓഫർ എത്തി, 2.5 ലക്ഷം വരെ ലാഭിക്കാം
ഇന്ത്യൻ വിപണിയിൽ കരുത്ത് തെളിയിച്ച വാഹന കമ്പനികളിൽ മാരുതിയോളം പോന്ന മറ്റൊന്നില്ല. വർഷങ്ങളായി സാധാരണക്കാരുടെ ഇഷ്‌ട ബ്രാൻഡായി വിൽപ്പന കണക്കുകളിൽ മാരുതി മുന്നിട്ട് നിൽക്കുന്ന കാഴ്‌ച നമുക്ക് കാണാവുന്നതാണ്. അതിന്റെ കാരണം അവർ തങ്ങളുടെ മോഡലുകളിൽ എപ്പോഴും കാത്ത് സൂക്ഷിക്കുന്ന ചില പ്രത്യേകതകളാണ്. നിങ്ങൾ മറ്റേത് ബ്രാൻഡ് എടുത്ത് നോക്കിയാലും മാരുതിയോളം ജനകീയമായ വേറെയൊന്നുണ്ടാവില്ല.
വില, കൂടുതൽ ഫീച്ചറുകൾ, ഡിസൈൻ വ്യത്യസ്‌തത, വൈവിധ്യമാർന്ന പോർട്ട് ഫോളിയോ എന്നിങ്ങനെ മാരുതിയെ ജനങ്ങളിലേക്ക് അടുപ്പിക്കുന്ന ഘടകങ്ങൾ ഒട്ടേറെയുണ്ട്. അവയിൽ മേലെ സൂചിപ്പിച്ചത് പോലെ തന്നെ വില വലിയൊരു ഘടകമാണ്. എപ്പോഴും സാധാരണക്കാർക്ക് എത്തിപ്പിടിക്കാൻ കഴിയുന്ന ഉയരത്തിൽ മാത്രമേ മാരുതി വാഹനത്തിന്റെ വില ക്രമീകരിക്കാറുള്ളൂ.

അങ്ങനെ നോക്കുമ്പോൾ അവർ നൽകുന്ന ഡിസ്‌കൗണ്ടുകൾ വലിയൊരു ഘടകം തന്നെയാണ്. ഇപ്പോഴിതാ മാരുതി തങ്ങളുടെ വിൽപ്പന ഉയർത്താൻ കൂടുതൽ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. മുൻനിര മോഡലുകളിൽ പലതിനും ഈ ഓഫർ ലഭ്യമാവും എന്ന കാര്യം പ്രത്യേകം ഓർക്കണം. അവ ഏതൊക്കെയാണെന്നും എത്രെയൊക്കെ വില കുറവ് ലഭിക്കുമെന്നും നോക്കാം.
മാരുതി സുസുക്കി: നവംബർ ഡിസ്‌കൗണ്ട് ഇങ്ങനെ
മാരുതി സുസുക്കി ആൾട്ടോ കെ10: മാരുതിയുടെ ഈ താരതമ്യേന ചെറിയ കാറിന്റെ മാനുവൽ വേരിയന്റിന് 30,000 രൂപയും എഎംടി മോഡലിന് 35,000 രൂപ വരെയും ക്യാഷ് കിഴിവ് കമ്പനി നൽകുന്നുണ്ട്. കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് 2100 രൂപയുടെ അധിക കിഴിവ് കൂടി ലഭിക്കും. ഇത് ഈ വാഹനത്തിന്റെ വിലയെ ഗണ്യമായി കുറയ്ക്കുന്നു.
വാഗൺആർ: ഈ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്ക് രണ്ട് ഓപ്ഷനാണ് ലഭിക്കുക. 20,000 രൂപ (1.0 ലിറ്റർ എഞ്ചിൻ) / 25,000 രൂപ (1.2 ലിറ്റർ എഞ്ചിൻ) ക്യാഷ് കിഴിവ് വേണമെങ്കിൽ അത് തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ 50,000 രൂപ വിലമതിക്കുന്ന ആക്‌സസറീസ് കിറ്റ് പാക്കേജ് 30,000 രൂപയുടെ കിഴിവോടെ സ്വന്തമാകുകയോ ചെയ്യാം.
മാരുതി സിയാസ് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടോടും കൂടി നിങ്ങൾക്ക് വാങ്ങാവുന്നതാണ്. ഫ്രോങ്സ് ടർബോ മോഡലിൽ ഉൾപ്പെടെ ഡിസ്‌കൗണ്ട് ലഭ്യമാണ്. ഇതിന് 35,000 രൂപയുടെ കിഴിവ് നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 43,000 രൂപ വിലയുള്ള വെലോസിറ്റി ആക്‌സസറീസ് എഡിഷനും ലഭിക്കാനുള്ള അവസരവുമുണ്ട്.
ഈ നവംബറിൽ മാരുതിയുടെ ഇയർ എൻഡ് ഓഫറുകളിൽ ഏറ്റവും ഉയർന്ന കിഴിവ് ജിംനിക്ക് ലഭിക്കുന്നു. ജിംനി സീറ്റ 1.95 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടിൽ ലഭ്യമാണ്, അതേസമയം ജിംനി ആൽഫയ്ക്ക് 2.5 ലക്ഷം രൂപയുടെ കിഴിവാണ് കമ്പനി നൽകിയിരിക്കുന്നത്. ജിംനിക്കുള്ള ഓഫറുകളിൽ മാരുതി ഫിനാൻസ് വഴിയുള്ള വായ്‌പാ സൗകര്യവും ഉൾപ്പെടുന്നു.












Click it and Unblock the Notifications