സെഡാൻ കാറുകൾക്ക് സൈലന്റ് അറ്റാക്ക്; മാരുതി ഡിസയർ സ്വിഫ്റ്റ് പോലെയല്ല, അടിമുടി മാറ്റങ്ങൾ ഉറപ്പ്
മാരുതി സുസുക്കിയുടെ ഏത് മോഡലുകൾക്കും ആരാധകർ അനവധിയാണ്. ഒരുവിധപ്പെട്ട എല്ലാ സെഗ്‌മെന്റിലും അവർ കരുത്ത് തെളിയിച്ചതുമാണ്. അതുകൊണ്ട് തന്നെയാവണം ഏതെങ്കിലും ഒരു മോഡലിനെ പറ്റി വിവരങ്ങൾ വന്നാൽ ആരാധകർ അത് ഏറ്റെടുക്കുന്നത്. മാരുതി ആരാധകരെ സംബന്ധിച്ച സ്വിഫ്റ്റിന്റെ വരവ് വലിയ ആഘോഷമായിരുന്നു.
ഇപ്പോഴിതാ അതിന് ഇരട്ടിമധുരമേകാൻ മാരുതി ഡിസയർ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ വാഹനവുമായി ബന്ധപ്പെട്ട ഒട്ടേറെ അഭ്യൂഹങ്ങൾ നേരത്തെ തന്നെ നിലവിലുണ്ടായിരുന്നു. എന്നാൽ എപ്പോഴാണ് ഇതിന്റെ ലോഞ്ച് എന്ന കാര്യത്തിൽ മാരുതി ഇതുവരെയും ഒരു അന്തിമ പ്രഖ്യാപനം നടത്തിയിട്ടില്ല.

പക്ഷേ ഈ വാഹനവുമായി ബന്ധപ്പെട്ട ഏറ്റവും പുതുതായി പുറത്തുവന്ന ചില റിപ്പോർട്ടുകൾ കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. എന്തെന്നാൽ മാരുതിയുടെ മറ്റൊരു മോഡലായ സ്വിഫ്റ്റിനോട് ചേർന്ന് നിൽക്കുന്ന ഡിസൈനായിരുന്നു ഇക്കാലമത്രയും ഡിസയറിന് ലഭിച്ചു കൊണ്ടിരുന്നത്, എന്നാൽ പുതിയ ,മോഡലിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് സൂചന.
പുതിയ സ്പൈ ഷോട്ടുകൾ പ്രകാരം ഡിസയറിന് തികച്ചും വ്യത്യസ്‌തമായ ഒരു ഫ്രണ്ട് ഫാസിയ ലഭിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്നു, ഇത് സ്വിഫ്റ്റിനോട് സാമ്യമില്ലെന്ന് ഏതാണ്ട് ഉറപ്പിക്കുന്നതാണ്, പുറം രൂപത്തിൽ എന്തായാലും സ്വിഫ്റ്റിൽ നിന്ന് ഈ വാഹനത്തിന് വ്യത്യസ്‌തത ഉണ്ടാവുമെന്ന കാര്യത്തിൽ വലിയ ഉറപ്പ് നൽകുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
അടുത്തിടെ പുറത്തിറക്കിയ പുതിയ ജനറേഷൻ സ്വിഫ്റ്റുമായി ഡിസയർ നിരവധി ഫീച്ചറുകളും ഡിസൈൻ സവിശേഷതകളും പങ്കിടുമെങ്കിലും, അതിന്റെ മുൻഗാമികളെ അപേക്ഷിച്ച് ഹാച്ച്ബാക്കിൽ നിന്ന് ഇത് കൂടുതൽ വ്യത്യസ്‌തമായിരിക്കും. പുതിയ ഗ്രില്ലും ഫ്രണ്ട് ബമ്പറും സഹിതം പുതിയ ഹെഡ്‌ലാമ്പുകൾ ഡിസയറിന് ലഭിക്കുമെന്നാണ് സൂചന.
പുതിയ ഡിസയറിലെ ഹെഡ്‌ലാമ്പുകൾ ഡിസൈനിൽ കൂടുതൽ ചതുരാകൃതിയിലുള്ളതും സ്വിഫ്റ്റിൽ കാണുന്നതിനേക്കാൾ അൽപം വലുതുമാണ്. പുതിയ സ്വിഫ്റ്റിനോട് ക്യാബിന് വളരെയധികം സാമ്യമുണ്ട്, എന്നാൽ ഡിസയറിൽ ക്യാബിൻ വായുസഞ്ചാരമുള്ളതാക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും, ഇളം നിറങ്ങൾ ഉപയോഗിക്കുമെന്നും പ്രതീക്ഷിക്കുന്നു.
മൂന്നാം തലമുറ മാരുതി ഡിസയർ ഇപ്പോൾ ഏഴ് വർഷത്തോളമായി വിപണിയിലുണ്ട്. ഒടുവിൽ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഈ വർഷാവസാനം വാഹനം വിപണിയിൽ എത്താനാണ് സാധ്യത. സബ്-4 മീറ്റർ വിഭാഗത്തിന് അനുയോജ്യമാകുന്ന തരത്തിലാണ് ഡിസയർ പ്രത്യേകമായി ഇന്ത്യൻ വിപണിയിൽ നിർമ്മിക്കുന്നതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിനാൽ തന്നെ അതിന്റെ ആഗോള അരങ്ങേറ്റവും ഇതിനോടൊപ്പം നടന്നേക്കും.












Click it and Unblock the Notifications