മാരുതിയെ ഇനിയാരും പപ്പടം എന്ന് വിളിക്കേണ്ട; ഡിസയർ സുരക്ഷയിൽ ഞെട്ടിച്ചു, 5 സ്‌റ്റാർ റേറ്റിങ് സ്വന്തം
ഇനി വിപണിയിൽ വിറ്റുകൊണ്ടിരിക്കുന്ന സെഡാൻ കാറുകൾക്ക് ഒക്കെ കനത്ത വെല്ലുവിളി ഉറപ്പാണ്. കാരണം വരുന്നത് മാരുതിയുടെ സൂപ്പർ സ്‌റ്റാർ വാഹനമാണ്. അതെ, മറ്റാരുമല്ല മാരുതി സുസുക്കി ഡിസയർ ആണത്. കഴിഞ്ഞ കുറേ കാലമായി പുതിയ ജനറേഷൻ ഡിസയറിനെ കുറിച്ചുള്ള വിവരങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. അതിൽ പലതും കേട്ടതോടെ ഡിസയർ പ്രേമികൾ പലരുടെയും കിളി പോയെന്നാണ് കേട്ടത്.
അങ്ങനെയുള്ളപ്പോൾ പിന്നെ ഈ വാഹനത്തെ കുറിച്ചുള്ള ഏറ്റവും പുതിയൊരു വാർത്ത കേട്ടാൽ അവരൊക്കെ മൂക്കത്ത് വിരൽ വയ്ക്കും. കാരണം ഒരു മാരുതി വാഹനത്തിൽ നിന്ന് സാധാരണയായി പ്രതീക്ഷിക്കുന്ന കാര്യമല്ല ഇപ്പോൾ വന്നിരിക്കുന്ന വാർത്തയിൽ ഉള്ളത്. സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ അപ്‌ഡേറ്റാണിത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഈ വാഹനം കൈവരിച്ചിരിക്കുന്ന നേട്ടം തന്നെയാണ്.

ഈ ആഴ്‌ച വിപണിയിൽ എത്തുന്ന മാരുതി സുസുക്കിയുടെ സെഡാൻ സൂപ്പർ സ്‌റ്റാർ ഞെട്ടിക്കുന്ന നേട്ടമാണ് ഗ്ലോബൽ എൻസിഎപി ടെസ്‌റ്റിൽ നേടിയെടുത്തിരിക്കുന്നത് എന്നതാണ് പ്രത്യേകത. പൊതുവേ ഇന്ത്യയിലെ മാരുതി കാറുകൾക്ക് വിമർശനം നേരിടേണ്ടി വരുന്നത് അതിന്റെ മോശം സുരക്ഷാ സൗകര്യങ്ങളെ ചൂണ്ടിക്കാട്ടിയാണ്. എതിരാളികൾ പപ്പടം എന്നാണ് ഇക്കാരണം കൊണ്ട് മാരുതി കാറുകളെ വിളിക്കാറുള്ളതും.
എന്നാൽ ഇനി ആ വിളിക്ക് പ്രസക്തി ഉണ്ടാവില്ല എന്നതാണ് യാഥാർഥ്യം. മാരുതി സുസുക്കി ഡിസയർ 2024 അഥവാ നാലാം ജനറേഷൻ ഗ്ലോബൽ എൻപിഎസി ടെസ്‌റ്റിൽ ഫൈവ് സ്‌റ്റാർ റേറ്റിംഗ് നേടിയാണ് വാഹനം ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഈ നേട്ടം പുതിയ ഡിസയറിനെ ഇത്രയും ഉയർന്ന സുരക്ഷാ റേറ്റിംഗ് ലഭിക്കുന്ന ആദ്യത്തെ മാരുതി സുസുക്കി മോഡലാക്കി മാറ്റുന്നു.
ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), പെഡസ്ട്രിയൻ സേഫ്റ്റി എന്നിവ സ്‌റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുന്നതാണ് പുതിയ ഡിസയർ വേരിയന്റ്. ഗ്ലോബൽ എൻസിഎപിയുടെ പ്രോട്ടോക്കോളുകളുടെ ഭാഗമായി കർശനമായ പരിശോധനയ്ക്കാണ് ഈ വാഹനം അടുത്തിടെ വിധേയമായത്.
ഇതിൽ പലതിലും ഉയർന്ന നേട്ടമാണ് വാഹനം സ്വന്തമാക്കിയത്. വാഹനത്തിലെ എല്ലാ സീറ്റുകളിലും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ നൽകിയിട്ടുണ്ട്. ഉള്ളിലെ യാത്രക്കാർക്ക് വളരെയധിക സുരക്ഷയാണ് വാഹനം ഒരു അപകടത്തിൽ നൽകുക എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡ്രൈവർക്കും പിൻ സീറ്റ് യാത്രക്കാർക്കും ഒരുപോലെ ഇതിൽ പരിഗണന കിട്ടുന്നുണ്ട്.
കൂടാതെ മാരുതി കാറുകളിൽ മറ്റുള്ള മോഡലുകൾ പരാജയപ്പെടുന്ന ചൈൽഡ് പ്രൊട്ടക്ഷൻ എന്ന വിഭാഗത്തിലും ഡിസയർ ശോഭിക്കുന്നുണ്ട്. ഒന്നിലധികം രീതികളിൽ നടത്തിയ പരീക്ഷണത്തിൽ വാഹനത്തിൽ സഞ്ചരിക്കുന്ന കുട്ടികളുടെ സുരക്ഷയും പരമാവധി ഉറപ്പ് വരുത്താൻ മാരുതി സുസുക്കി ഡിസയർ ശ്രദ്ധിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത.
അതേസമയം, നവംബർ പതിനൊന്നിനാണ് വാഹനം വിപണിയിൽ അവതരിപ്പിക്കുക. നേരത്തെ വിപണിയിൽ എത്തിയ സ്വിഫ്റ്റിൽ നിന്നും ഏറെ വ്യത്യസ്‌തമായാണ് മാരുതി ഈ വാഹനത്തെ ഒരുക്കിയിരിക്കുന്നത്. എന്നാൽ എഞ്ചിൻ ഉൾപ്പെടെയുള്ള സവിശേഷതകളിൽ ഇരു വാഹനങ്ങളും സാമ്യത പുലർത്തുമെന്നതാണ് പ്രത്യേകത.












Click it and Unblock the Notifications