മാരുതിയുടെ മാസ് എൻട്രി; സ്വിഫ്റ്റിന് പിന്നാലെ ഡിസയറും, ആക്‌സസറി പാക്ക് കണ്ട് ഞെട്ടാൻ റെഡിയായിക്കോ
വാഹന വിപണിയിലെ വിൽപ്പന കണക്കുകളിൽ എസ്‌യുവികൾ നിറഞ്ഞുനിൽക്കുന്ന സമയമാണിത്. ഏറ്റവും കുറഞ്ഞത് ഒരു പതിറ്റാണ്ടോളമായി വിപണി ഒന്നാകെ എസ്‌യുവി തരംഗം ബാധിച്ചിട്ട്. അതിനിടയിൽ ചുരുക്കം ചില മോഡലുകൾക്ക് മാത്രമാണ് മറ്റ് സെഗ്‌മെന്റുകളിൽ വെന്നിക്കൊടി പാറിക്കാൻ കഴിഞ്ഞിട്ടുള്ളത്. അതിൽ പ്രധാനപ്പെട്ട ഒരു മോഡലായിരുന്നു മാരുതി സുസുക്കിയുടെ സെഡാൻ കരുത്തനായ ഡിസയർ.
ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ കരുത്ത് തെളിയിച്ചിട്ടുള്ള ജനപ്രിയ വാഹനമായ സ്വിഫ്റ്റിന്റെ സഹോദരനാണ് ഇതെന്ന് വേണമെങ്കിൽ പറയാം. പല കാര്യങ്ങളിലും ഈ രണ്ട് മോഡലുകളും വളരെയേറെ സാമ്യത പുലർത്തുന്നു എന്നതാണ് അതിലെ പ്രധാനപ്പെട്ട കാര്യം. എന്നാൽ സ്വിഫ്റ്റ് തീർത്ത വഴിയിൽ നിന്നും വ്യത്യസ്‌തമായി മാരുതി ഡിസയറിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ.

സാമ്യതകൾ പലതും ഉണ്ടെങ്കിലും അതിലേറെ വ്യത്യസ്‌തതകൾ കൂടി പുലർത്തി കൊണ്ടാണ് മാരുതിയുടെ ഈ മോഡൽ വിപണിയിലേക്ക് വരുന്നത്. നവംബർ 11ന് വിപണിയിൽ അവതരിപ്പിക്കാൻ ഇരിക്കെ ഈ വാഹനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അത് വാഹനത്തിന്റെ ആക്‌സസറി പാക്കേജുമായി ബന്ധപ്പെട്ടതാണ്.
വാഹനത്തിലെ ആക്‌സസറി പാക്കേജുകൾ ഇപ്പോഴിതാ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. മറ്റ് കമ്പനികളുടെ വാഹനങ്ങൾ അസൂയയോടെ നോക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് മാരുതി തങ്ങളുടെ പ്രധാന സെഡാൻ മോഡലിൽ വരുത്തിയിരിക്കുന്നത്. രണ്ട് വേരിയന്റുകൾ ഈ ആക്‌സസറി പാക്കുകളിൽ കമ്പനി നൽകിയിട്ടുണ്ട്.
ക്രോമിക്കോ, കോപ്പറിക്കോ എന്നിവയാണ് ഈ വേരിയന്റുകൾ. മാരുതി സുസുക്കി തങ്ങളുടെ ഡിസയറിന്റെ നാലാം തലമുറ മോഡലാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിക്കുന്നത് എന്ന കാര്യം പ്രത്യേകം ഓർക്കണം. അതുകൊണ്ട് തന്നെ പുതിയ കാലത്തിന് അനുസൃതമായ മാറ്റങ്ങൾ ഒട്ടേറെ ഈ പാക്കേജുകളിൽ നിങ്ങൾക്ക് കാണാൻ കഴിയുമെന്നതാണ് വലിയ പ്രത്യേകത.
വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ ആക്‌സസറി പാക്കുകൾ അവതരിപ്പിച്ചു കൊണ്ട് മാരുതി തങ്ങളുടെ ഉപഭോക്താക്കൾക്ക് സൂചനകൾ നൽകുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, ക്രോമിക്കോ ആക്‌സസറി പാക്കിൽ കൂടുതൽ ക്രോം നിറമാണ് മികച്ചു നിൽക്കുന്നത്, മറുവശത്ത് ക്രോമിന് പകരം കോപ്പർ ആക്‌സെന്റുകൾ നൽകിയാണ് കോപ്പറിക്കോ ഉപഭോക്താക്കളുടെ മനസ് കീഴടക്കുക.
മുൻ കാഴ്‌ചയിലും പിൻ കാഴ്‌ചയിൽ ഉള്ളിലും ഒക്കെ സവിശേഷമായ അനുഭവങ്ങൾ നൽകുന്നതാണ് ഈ വേരിയന്റുകൾ. വാഹനത്തിന്റെ ബാഹ്യ രൂപത്തിൽ കാര്യമായ മാറ്റം വരുത്താൻ ഇവയുടെ ഡിസൈനുകൾ സഹായിക്കും എന്നതാണ് പ്രത്യേകത. കൂടുതൽ വിശദാംശങ്ങൾ വാഹനത്തിന്റെ ലോഞ്ചിന് ശേഷമേ വ്യക്തമാവൂ.
അതേസമയം, രൂപത്തിൽ മാറ്റം ഉണ്ടെങ്കിലും എഞ്ചിൻ സവിശേഷതകൾ സ്വിഫ്റ്റിന് സമാനമാവാനാണ് സാധ്യത. സ്വിഫ്റ്റിന്റെ 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ ഇസെഡ് സീരീസ് പെട്രോൾ എഞ്ചിനാണ് പുതിയ ഡിസയറിലും കമ്പനി ഉപയോഗിക്കുക. 69.75 എച്ച്പി 101.8 എൻഎം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാവും ഈ എഞ്ചിൻ. പെട്രോൾ വേരിയന്റുകളിൽ 5-സ്‌പീഡ് മാനുവൽ, എഎംടി ഓപ്ഷനുകൾ ലഭിക്കുമെന്നാണ് സൂചന.












Click it and Unblock the Notifications