550 കിലോമീറ്റർ റേഞ്ച്, വില 20 ലക്ഷത്തിലും താഴെ; മാരുതിയുടെ ഇവി ഭീമൻ വൈകില്ല, പ്രതീക്ഷകൾ എന്തൊക്കെ?
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനി ഏതെന്ന് ചോദിച്ചാൽ നമ്മുടെയൊക്കെ മനസിൽ ആദ്യമെത്തുന്ന പേര് മാരുതി സുസുക്കിയുടേത് ആയിരിക്കും. പതിറ്റാണ്ടുകളായി ഇന്ത്യൻ വിപണിയിൽ അവർ വളർത്തിയെടുത്ത വിശ്വാസമാണ് അത്. കാറുകളിൽ ഏത് സെഗ്‌മെന്റ് എടുത്ത് നോക്കിയാലും മാരുതിയോട് മുട്ടി നിൽക്കാൻ മറ്റ് കമ്പനികൾ പാടുപെടും. എന്നാൽ ഇലക്ട്രിക് വിപണിയിൽ മാത്രം മരുതിക്ക് തങ്ങളുടെ മുദ്ര പതിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
ഇതിനുള്ള പരിഹാരമായാണ് ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവിയായ ഇവിഎക്‌സ് പുറത്തിറക്കാനുള്ള നീക്കവുമായി മാരുതി മുന്നോട്ട് പോവുന്നത്. 2025ൽ വാഹനത്തിന്റെ ലോഞ്ചിംഗ് നടത്താനുള്ള തിരക്കിട്ട നീക്കങ്ങളാണ് മാരുതി നടത്തുന്നത്. ഇതോടെ ഉപഭോക്താക്കൾ ആവേശത്തിലാണ്. മാരുതിയുടെ കന്നി ഇലക്ട്രിക് വാഹനം എന്ന നിലയിൽ ഇതിന്റെ വിശേഷങ്ങൾ അറിയാനും എല്ലാവർക്കും ആകാംക്ഷയുണ്ട്.

ഇതിനിടയിലാണ് വാഹനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഒരു വാർത്ത പുറത്തുവന്നത്. വാഹനത്തിന്റെ ചിത്രങ്ങൾ ലീക്കാവുകയും, ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പ്രചരിക്കുകയും ചെയ്‌ത സാഹചര്യത്തിൽ പലരും ഇതിനെ കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. മാരുതി സുസുക്കിയുടെ കന്നി ഇവി ആയ ഇവിഎക്‌സിൽ എന്തൊക്കെ പ്രതീക്ഷകളാണ് ഇതുവരെയുള്ളതെന്ന് നമുക്ക് പരിശോധിക്കാം.
ഏകദേശം 60 kWh ആണെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്ന ബാറ്ററി പായ്ക്ക്, ഏകദേശം 550 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വാഹനത്തെ കൂടുതൽ ബജറ്റ് ഓറിയന്റഡ് ആക്കുകയും ഇടത്തരക്കാർക്ക് മികച്ച ഓപ്‌ഷനായി മാറ്റുകയും ചെയ്യുന്നു. ഏകദേശം 16 മുതൽ 20 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) വിലയും ഈ വാഹനത്തിന് ഉണ്ടകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പവർ ട്രെയിനുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
കാത്തിരിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, അത്യാധുനിക സാങ്കേതിക വിദ്യ, പ്രായോഗിക രൂപകൽപ്പന, പരിസ്ഥിതി സൗഹൃദ പ്രകടനം എന്നിവയുടെ ശ്രദ്ധേയമായ സംയോജനത്തിലൂടെ മാരുതി ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയെ മാറ്റിമറിക്കുമെന്നാണ് പലരും കരുതുന്നത്, അതിനെ സാധൂകരിക്കുന്ന ഡിസൈൻ തന്നെയാണ് കഴിഞ്ഞ മോട്ടോ എക്സ്പോയിൽ അവർ പ്രദർശിപ്പിച്ചതും.
കൂടാതെ ഇന്റീരിയറിലും, ഫീച്ചറുകളിലും ഒരുപാട് മാറ്റങ്ങൾ വാഹനത്തിന് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. വയർലെസ് ചാർജർ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്‌റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്‌ജസ്‌റ്റബിൾ ഡ്രൈവർ സീറ്റ് എന്നിവയുൾപ്പെടെ നിരവധി അത്യാധുനിക ഫീച്ചറുകൾ പ്രതീക്ഷകളുയർത്തുന്നുണ്ട്.
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്‌റ്റം തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും വിനോദ ഓപ്ഷനുകളും വാഗ്ദാനം ചെയ്യാൻ വാഹനത്തിൽ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. വിപണിയിൽ ഹ്യുണ്ടായ് കോന ഇലക്ട്രിക്, മഹീന്ദ്ര എക്സ്‍യുവി400, ടാറ്റ നെക്‌സോൺ ഇവി മാക്‌സ് എന്നിവയുമാവാം ഈ മോഡൽ ഏറ്റുമുട്ടുക.












Click it and Unblock the Notifications