മാരുതിയുടെ തുറുപ്പ് ചീട്ട്; ഇനി ഇലക്ട്രിക് വിപണിയും പിടിച്ചടക്കും, പടയാളിയായി ഇവിഎക്‌സ് വരുന്നു
ഇന്ത്യൻ വാഹന വിപണിയിൽ ആർക്കും തൊടാനാവാത്ത അത്രയും ഉയരത്തിൽ നിലകൊള്ളുന്ന കമ്പനിയാണ് മാരുതി സുസുക്കി. ഒട്ടുമിക്ക എല്ലാ സെഗ്‌മെന്റിലും അവർ മികവ് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും വിൽപ്പന കണക്കുകളിൽ അവർ എന്നും മുന്നിൽ എത്താറുമുണ്ട്. എന്നാൽ അവർക്ക് ഇപ്പോഴും സാന്നിധ്യം അറിയിക്കാൻ കഴിയാത്ത ഒരു വിഭാഗമേ ഉള്ളൂ, അതാണ് ഇലക്ട്രിക് വാഹനം.
വിശാലമായ ഇലക്ട്രിക് കാർ വിപണിയിൽ മാരുതി ഇപ്പോഴും പടിക്ക് പുറത്താണ്. എന്നാൽ അധികനാൾ ഇനി ആ കാത്തിരിപ്പ് നീളില്ലെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇലക്ട്രിക് വാഹന വിപണിയെ ഒന്നാകെ പിടിച്ചുകുലുക്കാൻ മാരുതി സുസുക്കിയുടെ കിടിലൻ മോഡലുകളിൽ ഒന്നായ ഇവിഎക്‌സ്- കമ്പനിയുടെ ആദ്യ ഇവി കാർ ഉടനെത്തും എന്നാണ് അറിയിച്ചിരിക്കുന്നത്.

നേരത്തെ തന്നെ ഈ വാഹനവുമായി ബന്ധപ്പെട്ട ഒട്ടേറെ വാർത്തകൾ പുറത്തുവന്നതാണ്. ഇതിന്റെ ഫീച്ചറുകൾ സൂചിപ്പിച്ചു കൊണ്ടുള്ള റിപ്പോർട്ടുകൾ തന്നെയായിരുന്നു ഇതിൽ ഭൂരിഭാഗവും. ഇപ്പോഴിതാ അതിന്റെ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ഓട്ടോ ഓൺലൈൻ ന്യൂസ് മീഡിയ കൂടിയായ റഷ്‌ലൈൻ.
ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നുള്ള ചിരാഗ് രജ്പുത് ആണ് ഫോട്ടോകൾ എടുത്തതെന്നാണ് റിപ്പോർട്ട്. ഈ സ്‌പൈ ഷോട്ടുകളിൽ ഇ-എസ്‌യുവിയുടെ പുതിയ 5-സ്‌പോക്ക് അലോയ് വീൽ ഡിസൈനിനെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ ലഭ്യമാണ് എന്നതാണ് വാഹന പ്രേമികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്. പുതിയ അലോയ് വീൽ ഡിസൈൻ വാഹനത്തിന് പ്രീമിയം മുഖഭാവം നൽകുന്നുണ്ട്.
മാരുതി സുസുക്കി ഇവിഎക്‌സ് ഫീച്ചറുകൾ
നേരത്തെ വാഹനത്തിന്റെ മറ്റ് വിശദാംശങ്ങളും ചില റിപ്പോർട്ടുകളിൽ കൂടി മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഈ കാർ ഏകദേശം 550 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കാറിനെ കൂടുതൽ ബജറ്റ് ഓറിയന്റഡ് ആക്കുകയും ഇടത്തരക്കാർക്ക് മികച്ച ഓപ്‌ഷനായി മാറ്റുകയും ചെയ്യുന്നു.
ഏകദേശം 16 മുതൽ 20 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) വിലയും ഈ വാഹനത്തിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പവർ ട്രെയിനുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ വയർലെസ് ചാർജർ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്‌റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്‌ജസ്‌റ്റബിൾ ഡ്രൈവർ സീറ്റ് എന്നിവയുൾപ്പെടെ നിരവധി അത്യാധുനിക ഫീച്ചറുകൾ വാഹനത്തെ കൂടുതൽ മെച്ചപ്പെടുത്തും എന്നാണ് കരുതുന്നത്.
വിപണിയിൽ ഹ്യുണ്ടായ് കോന ഇലക്ട്രിക്, മഹീന്ദ്ര എക്സ്‍യുവി400, ടാറ്റ നെക്‌സോൺ ഇവി മാക്‌സ് എന്നിവയുമാവാം ഈ മോഡൽ ഏറ്റുമുട്ടുക. അതിൽ തന്നെ ടാറ്റ ഉൾപ്പെടെയുള്ള കമ്പനികൾ ഇന്ത്യൻ ഇവി മാർക്കറ്റിൽ നേരത്തെ തന്നെ കരുത്തുതെളിയിച്ചതാണ്. കമ്പനിയുടെ ഒന്നിലധികം മോഡലുകൾ വിൽപന കണക്കുകളിൽ വലിയ മുന്നേറ്റമാണ് കാഴ്‌ച വയ്ക്കുന്നത്.
അതുകൊണ്ട് തന്നെ ഈ വെല്ലുവിളികളെ ഒക്കെ മറികടക്കാൻ ഒട്ടേറെ പ്രത്യേകതകളുമായാണ് വാഹനം വിപണിയിലേക്ക് എത്തുക. എന്തെന്നാൽ ആഗോള തലത്തിൽ തന്നെ ശക്തരായ എതിരാളികൾക്ക് ഒപ്പം നിന്ന് കൊണ്ട് വേണം മാരുതി സുസുക്കിക്ക് ഈ വാഹനം ഇവി സെഗ്‌മെന്റിൽ ശരിയായ പാതയിൽ എത്തിക്കാൻ. അതുകൊണ്ട് തന്നെ ഈ വാഹനത്തിൽ ഫീച്ചറുകൾ ഒട്ടും കുറയില്ലെന്നാണ് കണക്ക് കൂട്ടൽ.












Click it and Unblock the Notifications