മാരുതിയ്ക്ക് ഇനി മുന്നുംപിന്നും നോക്കാനില്ല; ലക്ഷ്യം ഇവി സെഗ്‌മെന്റ് പിടിച്ചടക്കൽ, വരുന്നത് ചെറിയ പുള്ളിയല്ല
ഇന്ത്യൻ വാഹന വിപണിയിൽ പകരം വയ്ക്കാനില്ലാത്ത പേരാണ് മാരുതി സുസുക്കിയുടേത്. അത്രയധികം വിൽപ്പനയുമായി അവർ ഏറ്റവും വലിയ കാർ നിർമ്മാണ കമ്പനിയായി പടർന്നു പന്തലിച്ചു നിൽക്കുകയാണ്. നിരവധി മുൻനിര മോഡലുകളാണ് അവരുടേതായി കളം നിറഞ്ഞിരിക്കുന്നത്. ഒട്ടുമിക്ക എല്ലാ സെഗ്‌മെന്റിലും കരുത്ത് തെളിയിച്ച കമ്പനിയാണ് മാരുതി എന്ന് പ്രത്യേകം പറയേണ്ടതില്ലലോ. എങ്കിലും അവർക്ക് അപ്രാപ്യമായ ചില വിഭാഗങ്ങളുമുണ്ട്.
അത്തരത്തിലൊന്നാണ് മാരുതിയുടെ ഇവി മേഖല. ഇതുവരെ ഇന്ത്യൻ വിപണിയിൽ അവർക്ക് ഒറ്റ വാഹനം പോലും രംഗത്തിറക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാവണം അവർ കൂടുതൽ മെച്ചപ്പെട്ട സാധ്യതകൾ തേടി ഒന്നിലധികം ഇവികൾക്കായി ഒരുങ്ങുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട വാഹനങ്ങളിൽ ഒന്നാണ് മാരുതിയുടെ ഇവിഎക്‌സ്.

ധാരാളം ഫീച്ചറുകളുമായാണ് ഈ വാഹനം അവർ രംഗത്ത് കൊണ്ട് വരുന്നത്. ഒന്നര വർഷത്തിൽ അധികമായി അവർ വിപണിയിൽ ഈ വാഹനം അവതരിപ്പിക്കുമെന്ന പ്രതീക്ഷ വച്ച് പുലർത്തുകയായിരുന്നു. ഇപ്പോഴിതാ അവർ ഏകദേശ ലോഞ്ച് ടൈംലൈനും പുറത്ത് വിട്ടിരിക്കുകയാണ്. മിക്കവാറും അടുത്ത ജനുവരിയിൽ തന്നെ ഈ വാഹനം വിപണിയിൽ എത്തുമെന്നാണ് വിവരം.
മാരുതി ഇവിഎക്‌സ്
ഇന്ത്യൻ വിപണിയിൽ എത്തുന്ന മാരുതിയുടെ ആദ്യ സമ്പൂർണ ഇലക്ട്രിക് കാർ ഇവിഎക്‌സ് ആയിരിക്കും എന്നത് നേരത്തെ പ്രഖ്യാപിച്ച കാര്യമാണ്. ഈ ഇലക്ട്രിക് എസ്‌യുവി പുതിയ സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഉള്ളതായിരിക്കും എന്നാണ് സൂചന. ഇത് 60 Kwh ലിഥിയം-അയൺ ബാറ്ററി പേക്കുമായാവും എത്തുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒറ്റ ചാർജിൽ 550 കിലോമീറ്ററിലധികം റേഞ്ച് ആണ് വാഹനം വാഗ്‌ദാനം ചെയ്യുന്നത്. ഇന്റീരിയറിൽ സ്‌മാർട്ട്‌പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള ഹൈ എൻഡ് ഫീച്ചറുകൾ കൂടി ഒരുക്കിയാവും മാരുതി ഈ വാഹനം വിപണിയിൽ എത്തിക്കുക.
വേറെയും രണ്ട് ഇവികൾ
മറ്റ് രണ്ട് ഇവി വാഹനങ്ങൾ കൂടി മാരുതി വിപണിയിൽ എത്തിക്കുമെന്നാണ് സൂചന. 2023 ടോക്കിയോ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ഇവിഎക്‌സ് കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും രാജ്യത്ത് അവതരിപ്പിക്കാൻ പോകുന്ന രണ്ടാമത്തെ ഇവി കാർ. ഇതൊരു എൻട്രി ലെവൽ ഇവി ആയിരിക്കും എന്നാണ് സൂചന.
10 ലക്ഷം രൂപയിൽ താഴെയായിരിക്കും ഇതിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്. 2026 മധ്യത്തിലോ 2027 തുടക്കത്തിലോ ഇത് ലോഞ്ച് ചെയ്‌തേക്കാം. മൂന്നാമതായി മാരുതി ഒരു ഇലക്‌ട്രിക് എംപിവിയുടെ അണിയറയിൽ പ്രവർത്തിക്കുന്നു. 2026ഓടെ ഈ വാഹനം രാജ്യത്ത് അവതരിപ്പിച്ചേക്കും എന്നാണ് വിവരം. വിലയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.












Click it and Unblock the Notifications