വാഹന പ്രേമികളേ ഇതിലേ ഇതിലേ; ഇതാ വന്നിരിക്കുന്നു മാരുതിയുടെ പുലിക്കുട്ടി, പുതിയ സ്വിഫ്റ്റ് എത്തിയെടാ
ഇന്ത്യക്കാർക്ക് മാരുതി എന്ന് കേട്ടാൽ ഒരു വല്ലാത്ത ഫീലിംഗ് ആണ്. ആ അനുഭവമാണ് മാരുതിയെ ഇന്ത്യൻ വിപണിയിൽ ആർക്കും തൊടാനാവാത്ത നിലയിലേക്ക് വളർത്തിയതും. കാരണം ഉപയോക്താക്കളുടെ മനസറിഞ്ഞ് കാര്യങ്ങൾ കണ്ടറിഞ്ഞാണ് ഈ കമ്പനി തങ്ങളുടെ വാഹനങ്ങളെ നിരത്തിലിറക്കുന്നത്. സംശയം ഉണ്ടെങ്കിൽ അത് തീർക്കാൻ ഒരു പുത്തൻ മോഡൽ കൂടി അവർ അവതരിപ്പിച്ചിട്ടുണ്ട്.
മറ്റാരുമല്ല ഇത്രയും നാൾ മാരുതി ആരാധകർ ഏറെ പ്രതീക്ഷയോടെ നോക്കി നിന്ന മോഡലായ സ്വിഫ്റ്റിന്റെ പുത്തൻ രൂപമാണ് അവർ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഒരു പരിചയപ്പെടുത്തലിന്റെയോ പേരറിയിക്കലിന്റയോ ആവശ്യമില്ലാത്ത ചുരുക്കം ചില മോഡലുകളിൽ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. അടുത്ത കാലത്തായി ഇത്രയധികം ആരാധകരെ സൃഷ്‌ടിച്ച ഹാച്ച്ബാക്ക് അധികമൊന്നുമില്ല.

സ്വിഫ്റ്റിന്റെ പുതിയ വകഭേദവും ഒട്ടും മോശമല്ല. പുതിയ സ്വിഫ്റ്റിൽ ഡിസൈൻ രീതികൾ നിലവിലെ മോഡലിന് സമാനമാണ്, എങ്കിലും ചില വ്യക്തമായ മാറ്റങ്ങളുണ്ട് താനും: പുതിയ ഫ്രണ്ട് ബമ്പർ, പുനർരൂപകൽപ്പന ചെയ്‌ത റേഡിയേറ്റർ ഗ്രിൽ, ഹെഡ്‌ലൈറ്റുകളും ഫോഗ് ലൈറ്റുകളും, മാറിയ പിൻ ഡോർ ഹാൻഡിലുകളും, പുതിയ അലോയ് വീൽ ഡിസൈനുകളും പുതിയ ടെയിൽ ലാമ്പുകളും ഇതിനെ വേറിട്ട് നിർത്തുന്നു.
മൂന്ന് ഡ്യുവൽ-ടോൺ പെയിന്റുകൾ, രണ്ട് പുതിയ നീല, ചുവപ്പ് നിറങ്ങൾ, രണ്ട് ആക്‌സസറി പാക്കേജുകൾ എന്നിവ ഉൾപ്പെടെ ഒമ്പത് എക്സ്റ്റീരിയർ കളർ ഓപ്‌ഷനുകളുമായാണ് ഈ വാഹനം വരുന്നത്. മുൻ റിപ്പോർട്ടുകളെ ശരിവയ്ക്കുന്ന തരത്തിൽ പുതിയ സ്വിഫ്റ്റിന്റെ ഉൾവശം ബലേനോ, ഫ്രോങ്ക്സ് എന്നിവയ്ക്ക് സമാനമാണ്.
ഇത് നിലവിൽ വിപണിയിലുള്ള മോഡലിൻ്റെ ക്യാബിനേക്കാൾ അൽപ്പം കൂടി പ്രീമിയം ആയി കാണപ്പെടുന്നു, കൂടാതെ പുതിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്‌റ്റം കൂടി വാഹനത്തിൽ ചേർക്കാൻ മാരുതി തയ്യാറായിട്ടുണ്ട്. സീറ്റുകൾക്ക് ശ്രേണിയിലുടനീളം പുതിയ ഫാബ്രിക് അപ്‌ഹോൾസ്‌റ്ററി ഉൾപ്പെടെയുള്ള പ്രകടമായ മാറ്റങ്ങൾ ഒട്ടേറെയുണ്ട്.
ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ഹാച്ച്ബാക്ക് എന്ന നേട്ടം മാരുതി കൈവരുമെന്നാണ് പുതിയ സ്വിഫ്റ്റിന്റെ വരവോടെ മനസിലാവുന്നത്. ലിറ്ററിന് 25.75 കിലോമീറ്റർ വരെയാണ് കമ്പനി ഈ വാഹനത്തിന് അവകാശപ്പെടുന്ന മൈലേജ്. ഇത് മറ്റ് ഇന്ധനക്ഷമതയുള്ള കാറുകളെക്കാൾ എത്രയോ അധികമാണ് എന്നതാണ് സത്യം.
ഇനി വിലയിലേക്ക് കടക്കുമ്പോൾ പുതിയ സ്വിഫ്റ്റ് ഒരൽപ്പം ചിലവേറിയതാവും. 6.49 ലക്ഷം രൂപ മുതൽ 9.65 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ വില വരിക എന്നതാണ് ഇപ്പോഴത്തെ വിവരം. അങ്ങനെയെങ്കിൽ നിലവിലെ മോഡലിനേക്കാൾ 30 ശതമാനത്തോളം വില വർധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിവിധ വേരിയന്റുകൾ അനുസരിച്ച് വിലയിൽ മാറ്റങ്ങൾ ഉണ്ടാവുമെന്നത് ശ്രദ്ധിക്കണം.












Click it and Unblock the Notifications