മാരുതിയുടെ ജനപ്രിയ നായകൻ 'സ്വിഫ്റ്റ്'; ഈ വർഷം പുത്തൻ മേക്കോവറുമായി വരുന്നു, ഫീച്ചറുകൾ ഇങ്ങനെ
മാരുതി സുസുക്കി കാറുകൾ ഇന്ത്യയിൽ എന്നും വലിയ ഡിമാൻഡാണ്. പലപ്പോഴും സുരക്ഷയുടെ കാര്യത്തിൽ പിന്നിൽ ആണെങ്കിൽ പോലും ഇന്ത്യക്കാരുടെ ഇഷ്‌ട വാഹന കമ്പനികളിൽ മാരുതി മുൻപന്തിയിൽ തന്നെ നിൽക്കുന്നത് വർഷങ്ങളായി അവർ ഉപഭോക്താക്കൾക്ക് ഇടയിൽ ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയുടെ പ്രതിരൂപമായാണ്. മാരുതിയുടെ ഒട്ടുമിക്ക എല്ലാ മോഡലുകളുടെയും വാർത്തകൾ കേൾക്കാൻ എന്നും വാഹന പ്രേമികൾക്ക് ഭയങ്കര താൽപര്യമാണ്.
ഇപ്പോഴിതാ മാരുതിയുടെ മുൻനിര ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റ് പുതിയ വർഷത്തിൽ പുത്തൻ രൂപത്തിൽ എത്തുമെന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്. എൻട്രി ലെവൽ ഹാച്ച്ബാക്കുകളുടെ വിൽപ്പനയിൽ കാര്യമായ ഇടിവുണ്ടായിട്ടും, സ്വിഫ്റ്റ് ഇപ്പോഴും കുതിക്കുകയാണ്. മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് ഈ കാർ. സ്വിഫ്റ്റിന് ഒരു പുതിയ തലമുറ അപ്‌ഗ്രേഡ് ലഭിക്കുമെന്ന വാർത്തയിൽ ആരും അമ്പരപ്പ് കാട്ടാത്തതും അതുകൊണ്ടാണ്.

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കഴിഞ്ഞ വർഷം മാരുതി ജപ്പാനിൽ പുതിയ സ്വിഫ്റ്റ് പുറത്തിറക്കിയിരുന്നു. തുടർന്ന് ഇന്ത്യയിലും കാർ പരീക്ഷിക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ സ്വിഫ്റ്റിന് പഴയതിനേക്കാൾ ധാരാളം മാറ്റങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പുത്തൻ ഡിസൈൻ, പുതിയ ഇന്റീരിയറുകൾ, കൂടാതെ പുതിയ എഞ്ചിൻ ഓപ്ഷൻ എന്നിവ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പുതിയ സ്വിഫ്റ്റിന്റെ ഡിസൈൻ നിലവിലുള്ള ജെൻ മോഡലുമായി വളരെ സാമ്യമുള്ളതാണ്. ഹണികോമ്പ് പാറ്റേൺ ഉള്ള വലിയ ഗ്രിൽ പോലെയുള്ള ചില സൂക്ഷ്‌മമായ മാറ്റങ്ങളും വാഹനത്തിലുണ്ട്. ബോണറ്റിന് എസ്‌യുവി പോലെയുള്ള ക്ലാംഷെൽ ഡിസൈനും നൽകിയേക്കും. സൈഡ് പ്രൊഫൈലിൽ, മുമ്പ് സി-പില്ലറുകളിൽ സ്ഥാപിച്ചിരുന്ന പിൻ ഡോർ ഹാൻഡിലുകൾ ഇപ്പോൾ പിൻ വാതിലുകളിലേക്ക് മാറ്റിയിട്ടുണ്ട്. പിന്നിൽ വാഹനത്തിന് പുതിയ എൽഇഡി ടെയിൽ ലാമ്പുകളും പുതിയ ബമ്പറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബലേനോ, ഫ്രോങ്ക്സ് എന്നിവയ്ക്ക് സമാനമായ ഒരു പുതിയ ഡാഷ്ബോർഡ് ഇതിനുമുണ്ടാവും. ക്യാബിന് ആധുനിക രൂപം നൽകുന്ന പുതിയ ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റവും ഉൾപ്പെടുത്തിയേക്കും. നിലവിലെ വൃത്താകൃതിയിലുള്ള എസി വെന്റുകൾക്ക് പകരം ദീർഘചതുരാകൃതിയിലുള്ള എസി വെന്റുകളാണ് ഡാഷ്‌ബോർഡിലെ മറ്റൊരു മാറ്റം.
80 bhp കരുത്തും 108Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന പുതിയ 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളുമായാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. ഈ പുതിയ എഞ്ചിന് 8 ബിഎച്ച്പി കരുത്തും 5 എൻഎം ടോർക്കും കുറവാണ്. എന്നിരുന്നാലും, ഈ പുതിയ എഞ്ചിന് കാര്യക്ഷമതയിലും ടോർക്കിലും വലിയ പുരോഗതി ഉണ്ടാകുമെന്നാണ് സുസുക്കി അവകാശപ്പെടുന്നത്. സ്‌റ്റാൻഡേർഡ് പതിപ്പിന്റെ ഇന്ധനക്ഷമത ഏകദേശം 23.4 കിലോമീറ്റർ ആണ്, അതേസമയം മൈൽഡ്-ഹൈബ്രിഡ് പതിപ്പിൽ ഇത് 24.5 കിലോമീറ്റർ ആണ്.












Click it and Unblock the Notifications