മറ്റ് കമ്പനികൾക്ക് ഇനി മുട്ടിടിക്കും; വെറും നാല് വർഷത്തിനുള്ളിൽ മാരുതി അവതരിപ്പിക്കുക എട്ട് പുത്തൻ മോഡലുകൾ
രാജ്യത്തെ ഏറ്റവും ജനപ്രിയ കാർ നിർമ്മാണ കമ്പനി ഏതെന്ന ചോദ്യത്തിന് ആദ്യം നമ്മുടെ മനസിൽ ഓടിയെത്തുന്ന പേര് തീർച്ചയായും മാരുതി സുസൂക്കിയുടേത് തന്നെയായിരിക്കും. അതാണ് ആ കമ്പനിയുടെ ജനപ്രീതിയുടെ ഏറ്റവും വലിയ അടയാളവും. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഇന്ത്യക്കാർ ഏറ്റവും കൂടുതലായി വാങ്ങുന്ന, രാജ്യത്ത് ഏറ്റവും കൂടുതൽ കാറുകൾ വിൽപ്പന നടത്തുന്ന കമ്പനിയാണ് മാരുതി സുസുക്കി.
ഏത് സെഗ്‌മെന്റിൽ ആയാലും മാരുതിയുടെ വാഹനങ്ങളെ വെല്ലാൻ പാടാണ്. അതിനിടെ അടുത്ത നാല് വർഷങ്ങളിൽ കമ്പനി പുറത്തിറക്കാനിരിക്കുന്ന വാഹനങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ മാരുതി സുസുക്കി. ജനപ്രിയ മോഡലുകളുടെ വകഭേദങ്ങൾ മുതൽ പുതിയ ഇവി മേഖലയിലേക്കുള്ള കാൽവെപ്പ് വരെ ഇതിൽ ഉൾപ്പെടും.

പുതിയ മാരുതി സ്വിഫ്റ്റ്, ഡിസയർ:
അടുത്ത തലമുറ ഹാച്ച്, കോംപാക്റ്റ് സെഡാൻ വാഹനങ്ങളുടെ പുതിയ പതിപ്പുകൾ മാരുതി വൈകാതെ പുറത്തിറക്കിയേക്കും. 2005 മുതലുള്ള ഫസ്‌റ്റ്-ജെൻ കാർ പോലെ, സ്വിഫ്റ്റിന്റെ ബ്രാൻഡ് മൂല്യം മുതലെടുക്കുകയാണ് മാരുതി ലക്ഷ്യമിടുന്നത്. പുതിയ Z-സീരീസ് 1.2-ലിറ്റർ പെട്രോൾ എഞ്ചിനിനൊപ്പം രണ്ട് മോഡലുകൾക്കും കൂടുതൽ ഫീച്ചറുകളും പുതുതായി ലഭിക്കും.
എക്സ്‍യുവി700, അൽകാസർ എതിരാളി:
ഗ്രാൻഡ് വിറ്റാരയുടെ ത്രീ-റോ പതിപ്പും പണിപ്പുരയിലാണ്, പുതിയ ഖാർഖോഡ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യത്തെ മാരുതിയാണിത്. ലോഞ്ച് ചെയ്യുമ്പോൾ പെട്രോൾ, ടൊയോട്ട ഹൈബ്രിഡ്, സിഎൻജി പവർട്രെയിനുകൾ എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പുതിയ എസ്‌യുവി ടൊയോട്ടയ്‌ക്കായി മാരുതി നിർമ്മിക്കും. കൂടാതെ എക്‌സ്‌യുവി 700, അൽകാസർ, സഫാരി എന്നിവയുടെ എതിരാളിയായിരിക്കും ഈ മോഡൽ.
സബ്-ഫോർ-മീറ്റർ എസ്‌യുവി
ജിംനി, ബ്രെസ്സ, ഫ്രോങ്ക്സ് എന്നിവയ്ക്ക് ശേഷമുള്ള കമ്പനിയുടെ നാലാമത്തെ എസ്‌യുവിയായിരിക്കും ഇതിലെ മറ്റൊരു മോഡൽ. കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലാവും ഇത് വരിക. 2026 ഒക്ടോബറിൽ മോഡൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇന്ത്യൻ വിപണിയിൽ ഇഗ്നിസിന്റെ അതേ ശ്രേണിയിലാവും ഇതുണ്ടാവുക.
സ്‌പേഷ്യ അടിസ്ഥാനമാക്കിയുള്ള എംപിവി
ഒരു പുതിയ കോംപാക്റ്റ് എംപിവിയാണ് 2026-ൽ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നത്. ഇത് റെനോ ട്രൈബറിനോട് ഏറ്റുമുട്ടാനാണ് സാധ്യതയുണ്ട്. എന്നാൽ ഈ വാഹനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വഴിയെ പുറത്തുവിടും.
മാരുതി ഇവിഎക്‌സ് എസ്‌യുവി
ഒരു ഇടത്തരം ഇലക്ട്രിക് എസ്‌യുവിയുമായാണ് മാരുതി ഇവി അരങ്ങേറ്റം കുറിക്കുന്നത്, അത് ക്രെറ്റയ്‌ക്കെതിരെ നിൽക്കും. എന്നാൽ ഹ്യുണ്ടായിയിൽ നിന്ന് വ്യത്യസ്തമായി, ഇത് ഒരു ബെസ്‌പോക്ക് ഇലക്ട്രിക് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഇവിയായിരിക്കും. അഞ്ച് സീറ്റുകളുള്ള ലേഔട്ടോടെയാണ് വാഹനം പ്രതീക്ഷിക്കുന്നത്.
ഇവയ്ക്ക് പുറമെ മാരുതിയുടെ തന്നെ ഇലക്ട്രിക് എംപിവി, ഒരു ചെറു ഇലക്ട്രിക് വാഹനം എന്നിവയും മാരുതി സുസുക്കിയുടെ റഡാറിലുണ്ട്. ഇവ അടുത്ത നാല് വർഷത്തിൽ പലപ്പോഴായി പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം.












Click it and Unblock the Notifications