നഷ്‌ടപ്പെട്ട സിംഹാസനം വീണ്ടെടുക്കാൻ അവൻ വരുന്നു; മുഖം മിനുക്കിയ സ്വിഫ്റ്റ്, നിർമ്മാണം ഉടൻ തുടങ്ങും...
ഇന്ത്യൻ വാഹന വിപണിയിലെ മുടിചൂടാ മന്നൻ എന്ന് വേണമെങ്കിൽ മാരുതി സുസുക്കിയെ വിശേഷിപ്പിക്കാം. ഏത് സെഗ്‌മെന്റ് എടുത്താലും അത്രത്തോളം അപ്രമാദിത്വമാണ് കമ്പനി പുലർത്തി വരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകൾ എടുത്താൽ അതിൽ ഭൂരിഭാഗവും മാരുതി മോഡലുകളായിരിക്കും എന്ന് പറഞ്ഞാലും അതിൽ ഒട്ടും അതിശയോക്തിയില്ല.
ഇനി കാര്യത്തിലേക്ക് കടക്കാം. മാരുതിയുടെ ഏറ്റവും വിജയിച്ച, ജനപ്രീതിയുള്ള മോഡലുകളിൽ ഒന്നാണ് സ്വിഫ്റ്റ് എന്ന കാര്യം നമുക്കറിയാവുന്നതാണ്. ഇപ്പോഴിതാ സ്വിഫ്റ്റിന്റെ കാര്യത്തിലും ഒരു പരീക്ഷണവുമായി മാരുതി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. മോഡലിന്റെ 2024 പതിപ്പ് അധികം വൈകാതെ തന്നെ നിർമ്മാണം തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്.

അതായത് അടുത്ത മാസം മുതൽ മാരുതി സുസുക്കി സ്വിഫ്റ്റ് പുതിയ മോഡലിന്റെ നിർമ്മാണം തുടങ്ങിയേക്കും. പുതിയ സ്വിഫ്റ്റ്- കമ്പനി മാരുതി വൈഇഡി എന്ന രഹസ്യനാമത്തിൽ വിളിക്കുന്ന മോഡലിന്റെ റോഡ്-ടെസ്‌റ്റ് ഇതിനകം തന്നെ ഇന്ത്യയിൽ പലയിടത്തും നടന്നിട്ടുണ്ട്, ഇതിന് പിന്നാലെയാണ് നിർമ്മാണം അടുത്ത മാസം ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.
കമ്പനിയുടെ ഗുജറാത്തിലെ ഹൻസൽപൂർ പ്ലാന്റിലായിരിക്കും വാഹനം നിർമ്മിക്കുക. മാരുതിയുടെ ജനപ്രിയ മോഡലാണ് സ്വിഫ്റ്റ്, അതിനാൽ തന്നെ പ്രതിമാസം ശരാശരി 18,000 യൂണിറ്റുകളാണ് നിർമ്മിക്കുന്നത്. പുതിയ സ്വിഫ്റ്റ് ഇവിടെ നിന്ന് നിയന്ത്രണം ഏറ്റെടുത്തക്കും, ലഭ്യമായ വിവരം അനുസരിച്ച്, ഏകദേശം 20,000 യൂണിറ്റ് പ്രതിമാസ ഉൽപ്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ ലോഞ്ച് വിശദാംശങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, 2024 ഏപ്രിലോടെ പുതിയ സ്വിഫ്റ്റ് മാരുതി വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷത്തിന്റെ അവസാനം ജപ്പാനിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പുതിയ തലമുറ സ്വിഫ്റ്റ് പഴയ അതേ രൂപകൽപ്പനയിൽ തന്നെ ഉറച്ചുനിൽക്കുന്നു.
ഡാഷ്‌ബോർഡിന് ബലേനോയ്ക്ക് സമാനമായ രൂപമാണ് ലഭിക്കുന്നത്, എന്നാൽ സൂക്ഷ്‌മമായി പരിശോധിച്ചാൽ ചില വ്യത്യാസങ്ങൾ വെളിവാക്കുന്നു, പുതിയ സ്വിഫ്റ്റിന് സവിശേഷമായ ഒരു ഡാഷ്‌ബോർഡ് ഡിസൈൻ ലഭിക്കും. കൂടാതെ, ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, സ്‌റ്റിയറിംഗ് വീൽ, ഇൻസ്ട്രുമെന്റ് ക്ലസ്‌റ്റർ, എന്നിവയിൽ മറ്റ് മാരുതി വാഹനങ്ങളോട് ചേർന്ന് നിൽക്കുന്നതാണ് പുതിയ സ്വിഫ്റ്റും.
സുസുക്കിയുടെ പുതിയ Z12 എഞ്ചിൻ, പുതിയ 1.2 ലിറ്റർ പെട്രോൾ യൂണിറ്റ്, ഇന്ത്യയിലേക്ക് വരുന്ന സ്വിഫ്റ്റിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജപ്പാനിൽ പ്രദർശിപ്പിച്ച കാറിലും ഈ എഞ്ചിൻ തന്നെയാണ് ഉണ്ടായിരുന്നത്. വില ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇതുവരെ പൂർണമായ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications