ഈ സ്‌കൂട്ടറിന് 20,000 രൂപയുടെ കിഴിവ് പ്രഖ്യാപിച്ച് ഒല; ഇപ്പോൾ വാങ്ങിയില്ലെങ്കിൽ വലിയ നഷ്‌ടം...
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി രാജ്യത്തെ ഏറ്റവും പ്രമുഖ ഇവി സ്‌കൂട്ടർ നിർമ്മാതാക്കളായ ഒല ഇലക്ട്രിക്. കമ്പനിയുടെ പുതിയ എസ്1 എക്‌സ്+ ഇ-സ്‌കൂട്ടറിന്റെ വില കുറച്ചു കൊണ്ടാണ് ഒല ഉപഭോക്താക്കളെ ആകർഷിക്കാൻ ലക്ഷ്യമിടുന്നത്. ഏകദേശം 20,000 രൂപയുടെ ഡിസ്‌കൗണ്ട് ആണ് മോഡലിന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതോടെ സ്‌കൂട്ടർ രാജ്യത്ത് 89,999 രൂപയ്ക്ക് ലഭ്യമാകും. 2023 ഡിസംബർ 3ന് ആരംഭിക്കുന്ന കമ്പനിയുടെ 'ഡിസംബർ ടു റിമെമ്പർ' ക്യാമ്പെയ്‌നിന്റെ ഭാഗമാണ് ഈ ഓഫർ. മോഡലിൽ 3kWh ബാറ്ററിയാണുള്ളത്, കൂടാതെ 151 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചും ഈ വാഹനം വാഗ്‌ദാനം ചെയ്യുന്നു. മണിക്കൂറിൽ 90 കിലോമീറ്റർ വരെയാണ് ഇതിന്റെ പരമാവധി വേഗത.

തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകളിലും ക്രെഡിറ്റ് കാർഡ് ഇഎംഐകളിലും ഉപഭോക്താക്കൾക്ക് 5,000 രൂപ വരെ കിഴിവുകൾ ലഭിക്കും. ഫിനാൻസ് ഓഫറുകളിൽ സീറോ ഡൗൺ പേയ്‌മെന്റ്, സീറോ പ്രോസസ്സിംഗ് ഫീ, പലിശ നിരക്കുകൾ 6.99 ശതമാനം എന്നിങ്ങനെയുള്ളഓഫറുകളും ഉൾപ്പെടുന്നു.അതായത് മോഡലിന്റെ അന്തിമ വില ഇതിലും കുറവായിരിക്കും, സ്‌കൂട്ടർ വാങ്ങാൻ താൽപര്യപ്പെടുന്നവർക്ക് കൂടുതൽ ആകർഷകമായ ഓപ്ഷനായി ഇത് മാറും.
ഒല അടുത്തിടെ കമ്പനിയുടെ എസ്1 പോർട്ട്‌ഫോളിയോ അഞ്ച് സ്‌കൂട്ടറുകളായി വിപുലീകരിച്ചിരുന്നു. എസ്1 പ്രോയുടെ (രണ്ടാം തലമുറ) വില 1,47,499 രൂപയും എസ്1 എയറിന് 1,19,999 രൂപയുമാണ് നിലവിലുള്ളത്. അതേസമയം, അടുത്തിടെയാണ് ഒല എസ്1എക്‌സ് സീരീസിൽ മൂന്ന് വകഭേദങ്ങൾ അവതരിപ്പിച്ചത്. S1 എക്‌സ്+, എസ്1 എക്‌സ് (3kWh), S1 എക്‌സ് (2kWh) എന്നിങ്ങനെയാണ് ഈ മോഡലുകൾ.
ഇതിനിടെ ഒലയുടെ കസ്‌റ്റമർ സർവീസുമായി ബന്ധപ്പെട്ട പരാതികളും മറ്റും ഉയരുന്നതിനിടയിലാണ് ഈ ഓഫറുമായി കമ്പനി രംഗത്ത് വന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ ഒന്നിലധികം ഒല റീട്ടെയിൽ ഷോറൂമുകൾക്ക് മുൻപിൽ പ്രതിഷേധവും നടന്നിരുന്നു.
എന്നാൽ ഇതിനിടയിലും വിൽപ്പനയിൽ കമ്പനി കുതിക്കുകയാണ്. ഉത്സവ സീസണിലെ ഡിമാൻഡിനെ ശരിവെച്ചു കൊണ്ട് കഴിഞ്ഞ മാസം ഒല വിൽപ്പനയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്.
മുപ്പത്തിനായിരത്തിൽ അധികമാണ് രാജ്യത്ത് രജിസ്‌റ്റർ ചെയ്യപ്പെട്ട ഒല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എണ്ണമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ മാസത്തിലേതിനേക്കാൾ മുപ്പത് ശതമാനം അധികമാണ് നവംബറിലെ വിൽപ്പന എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം നവംബറിനെ അപേക്ഷിച്ച് വിൽപ്പനയിൽ 80 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.


Click it and Unblock the Notifications