ഇനി റോയൽ എൻഫീൽഡിന്റെ വലിയ കളികൾ മാത്രം; 750 സിസിയിൽ വരുന്നത് മൂന്ന് അഡാർ മുതലുകൾ, ഏതൊക്കെ?
ഇരുചക്ര വാഹന വിപണിയിൽ ചലനമുണ്ടാക്കിയതും വിൽപ്പനയിൽ നേട്ടമുണ്ടാക്കിയതുമായ ഒട്ടേറെ ബ്രാൻഡുകൾ നമുക്ക് ചുറ്റുമുണ്ട്. എങ്കിലും പതിറ്റാണ്ടുകളായി ജനപ്രീതി അതേപടി നിലനിർത്തി കൊണ്ട്, കൂടുതൽ സ്വീകാര്യത നേടിയെടുത്ത ചുരുക്കം ചില കമ്പനികളേയുള്ളൂ, അതിലൊന്നാണ് റോയൽ എൻഫീൽഡ്. ഒരു കാലത്ത് ഈ കമ്പനിയുടെ വാഹനങ്ങൾ വളരെക്കുറച്ച് മാത്രമാണ് നിരത്തിൽ ഇറങ്ങിയിരുന്നത്.
എന്നാൽ ഇന്നത് മാറി, ആർഇയുടെ വാഹനങ്ങൾ വലിയ രീതിയിൽ വിൽപ്പന നടത്താൻ തുടങ്ങി. ഇപ്പോഴത്തെ കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യയിൽ വിൽപ്പന നടത്തുന്ന മോട്ടോർ സൈക്കിൾ ബ്രാൻഡുകളിൽ ആദ്യ സ്ഥാനങ്ങളിൽ തന്നെ റോയൽ എൻഫീൽഡ് മോഡലുകൾ നിങ്ങൾക്ക് കാണാൻ കഴിയും. അടുത്ത കാലത്തായി ബ്രാൻഡ് നിരത്തിൽ ഇറക്കിയ വാഹനങ്ങളിൽ പലതും വൻ ഹിറ്റായതാണ് ഇതിന് കാരണം.

ഇതോടെ ഇപ്പോൾ കൂടുതൽ സെഗ്‌മെന്റുകളിലേക്ക് അവർ കടന്നിരിക്കുകയാണ്. ഏറ്റവും ഒടുവിലായി അവർ ശ്രദ്ധ നൽകിയിരിക്കുന്നത് 750 സിസി സെഗ്‌മെന്റിലാണ്. അതായത് നിലവിൽ അവരുടെ കുറഞ്ഞ സിസി സെഗ്‌മെന്റ് വാഹനങ്ങൾക്ക് നൽകി വരുന്ന അതേ പരിഗണനയോട് കൂടി തന്നെ റോയൽ എൻഫീൽഡ് തങ്ങളുടെ പുതിയ വാഹനങ്ങളേയും ഒരുക്കിയെടുക്കും എന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്.
റോയൽ എൻഫീൽഡ് 750 സിസി വാഹനങ്ങൾ
നേരത്തെ റോയൽ എൻഫീൽഡ് അവരുടെ 650 സിസി ലൈനപ്പുമായി വന്നപ്പോൾ, പവർട്രെയിൻ പ്രധാന ചർച്ചാ വിഷയമായ ഒരു കാര്യമായിരുന്നു. അതിൽ നൽകിയ ഇരട്ട-സിലിണ്ടർ എഞ്ചിൻ വാഹനത്തെ കൂടുതൽ സവിശേഷമാക്കിയിരുന്നു. ഇതേ പാത പിന്തുടർന്ന് കൊണ്ടാണ് റോയൽ എൻഫീൽഡ് തങ്ങളുടെ 750 സിസി സെഗ്‌മെന്റും ഒരുക്കിയെടുക്കുന്നത്.
650 സിസിയിലേത് പോലെ, ഈ 750 സിസി യൂണിറ്റിന് പാരലൽ-ട്വിൻ ശൈലി തന്നെ ഉണ്ടായിരിക്കും. വി-ട്വിൻ ആർക്കിടെക്ച്ചറുമായി താരതമ്യപ്പെടുത്തുമ്പോൾ, പാരലൽ-ട്വിൻ നിർമ്മിക്കാൻ താരതമ്യേന ചിലവ് വളരെക്കുറവാണ്. നിലവിലെ 650 എഞ്ചിൻ മോഡലിന്റെ അൽപ്പം മോഡിഫൈഡ് വേർഷൻ ആയിരിക്കും പുതിയ 750 എഞ്ചിനെന്നാണ് കരുതപ്പെടുന്നത്.
ഈ പുതിയ 750 സിസി മോട്ടോർ ഉപയോഗിച്ച് വാഹനത്തിന്റെ പ്രകടനത്തിൽ ഗണ്യമായ വർധനവ് വരുത്താൻ റോയൽ എൻഫീൽഡ് തയ്യാറായേക്കും. മുൻ എഞ്ചിനേക്കാൾ ഏറെ സവിശേഷതകൾ ഇതിൽ അധികമുണ്ടാവും എന്ന കാര്യത്തിലും സംശയമില്ല. ഇരട്ട ഡിസ്‌ക് ബ്രേക്കുകൾ തന്നെയാണ് ഇതിൽ നൽകുന്ന പ്രധാന മാറ്റം.
ഹിമാലയൻ 750, ഇന്റർസെപ്റ്റർ 750, കോണ്ടിനെന്റൽ ജിടി 750 എന്നിവയുടെ ടെസ്‌റ്റ് മ്യൂളുകൾക്കെല്ലാം ഡ്യുവൽ ഡിസ്‌ക് ബ്രേക്കുകളാണുള്ളത്. വാരാനിരിക്കുന്ന ഈ മൂന്ന് മോഡലുകളും തന്നെയാണ് അടുത്തകാലത്തെ പ്രധാന ചർച്ചാ വിഷയം. ഈ വാഹനങ്ങൾ എപ്പോൾ വിപണിയിൽ എത്തുമെന്ന കാര്യത്തിൽ കൃത്യമായ ധർണ ഇല്ലെങ്കിലും സ്പൈ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
2025 അവസാനത്തോടെ റോയൽ എൻഫീൽഡിന്റെ 750 സിസി പോർട്ട്‌ഫോളിയോയിലെ വാഹനങ്ങളുടെ ലോഞ്ച് പ്രതീക്ഷിക്കാം, അത് 2026 വരെ നീളാനും ഇടയുണ്ട്. ഈ 750സിസി ബൈക്കുകൾ ആഗോള ഉൽപ്പന്നങ്ങളായിട്ടാവും അവതരിപ്പിക്കുക. അതുകൊണ്ട് തന്നെ മറ്റ് പ്രീമിയം, ലെഗസി ബ്രാൻഡുകൾക്കൊപ്പം വിലയിലും മത്സര ക്ഷമതയിലും റോയൽ എൻഫീൽഡ് നേരിട്ട് ഏറ്റുമുട്ടും.












Click it and Unblock the Notifications