റോയൽ എൻഫീൽഡിന്റെ ബാഹുബലി ഇതാ വരുന്നു; ഒന്ന് ഓടിച്ചുനോക്കിയാലോ, ക്ലാസിക് 350യുടെ ലോഞ്ച് എപ്പോൾ?
റോയൽ എൻഫീൽഡ് എന്ന ബ്രാൻഡിന് ഇന്ത്യയിൽ പരിചയപ്പെടുത്തലിന്റെ ആവശ്യമേയില്ല. അത്രയേറെ എല്ലാവർക്കും സുപരിചിതമാണ് ഈ കമ്പനി. അവരുടെ ഏതൊരു മോഡലിനും ധാരാളം ആവശ്യക്കാരുണ്ട് താനും. നിലവിൽ 350 സിസി സെഗ്‌മെന്റിൽ മുടി ചൂടാമന്നൻമാരായി വിലസുന്ന റോയൽ എൻഫീൽഡ് പക്ഷേ ഈ സ്ഥാനം നിലനിർത്തുന്നത് കേവലം പഴയ മോഡലുകൾ തുടർച്ചയായി വിറ്റഴിച്ചുകൊണ്ട് മാത്രമല്ലെന്ന് നിങ്ങളറിയണം.
തങ്ങളുടെ മുൻ മോഡലുകൾ തന്നെ കൂടുതൽ മെച്ചെപ്പടുത്തിയ വേരിയന്റുകളായി അവതരിപ്പിക്കാനും ആവശ്യമെങ്കിൽ പുതിയ രൂപത്തിൽ കൊണ്ട് വരാനും ഒട്ടും മടിയില്ലാത്തവരാണ് റോയൽ എൻഫീൽഡ്. അത്തരത്തിൽ അവർ വലിയൊരു മാറ്റത്തിന് ഒരുങ്ങുന്നത് കമ്പനിയുടെ എക്കാലത്തെയും വലിയ ഹിറ്റ് മോഡലുകളിൽ ഒന്നായ റോയൽ എൻഫീൽഡ് ക്ലാസിക് 350 എന്ന കരുത്തുറ്റ മോട്ടോർ സൈക്കിളിലാണ് എന്നത് പലരും അറിഞ്ഞുകാണും.

ഈ മോഡൽ സെപ്റ്റംബർ ഒന്ന് മുതൽ ഇന്ത്യയിൽ അവതരിപ്പിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. നാളെ നടക്കുന്ന ലോഞ്ച് ഇവന്റിനായി ലക്ഷകണക്കിന് ഉപഭോക്താക്കളാണ് ക്ഷമയോടെ കാത്തിരിക്കുന്നത്. അത്രയധികം ആവേശം നൽകുന്ന വാർത്തകളാണ് ഈ മോഡലുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളായും ഔദ്യോഗികമായും ഒകെ പുറത്ത് വരുന്നത് എന്നതാണ് ഇതിന്റെ പ്രധാന കാരണം. വരാനിരിക്കുന്ന ഈ മോഡലിനെ കുറിച്ച് എല്ലാമറിയാം.
റോയൽ എൻഫീൽഡ് ക്ലാസിക് 350 2024: വിശേഷങ്ങൾ
ധാരാളം മാറ്റങ്ങളോട് എത്തുന്ന ഈ മോട്ടോർസൈക്കിൾ സെപ്റ്റംബർ 1ന് ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേ ദിവസം തന്നെ വാഹനത്തിന്റെ ബുക്കിംഗും ടെസ്‌റ്റ് റൈഡുകളും ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. ഹെറിറ്റേജ്, ഹെറിറ്റേജ് പ്രീമിയം, സിഗ്നൽസ്, ഡാർക്ക്, എമറാൾഡ് എന്നിങ്ങനെ അഞ്ച് പുതിയ വേരിയന്റുകളിൽ 2024 ക്ലാസിക് 350 ലഭ്യമാകും. ഏഴ് കളർ ഓപ്ഷനുകളും ഈ വാഹനത്തിന് ഉണ്ടാവും.
ഹെറിറ്റേജ് വേരിയന്റിന് മദ്രാസ് റെഡ്, ജോധ്പൂർ ബ്ലൂ എന്നീ രണ്ട് നിറങ്ങളാണ് ഉണ്ടാവുക. ഹെറിറ്റേജ് പ്രീമിയം മോഡൽ മെഡാലിയൻ ബ്രോൺസ് കളർ ഓപ്ഷനിലും, സിഗ്നൽസ് വേരിയൻ്റ് കമാൻഡോ സാൻഡിലും കിട്ടും. ഡാർക്ക് വേരിയൻറ് ഗൺ ഗ്രേ (കോപ്പർ ഹൈലൈറ്റ് ഉള്ള ഗ്രേ, ബ്ലാക്ക് എന്നിവയുടെ ഡ്യുവൽ ടോൺ സ്‌കീം), സ്‌റ്റെൽത്ത് ബ്ലാക്ക് (ബ്ലാക്ക് ഓൺ ബ്ലാക്ക് സ്‌കീം) കളർ ഓപ്ഷനുകളിലാണ് വരിക. ടോപ്പ് വേരിയന്റായ എമറാൾഡിന് ക്രോമും കോപ്പർ പിൻസ്ട്രിപ്പും ഉള്ള റീഗൽ ഗ്രീൻ നിറമായിരിക്കും നൽകുക.
ക്ലാസിക് 350 2024: ഫീച്ചറുകൾ, സ്പെസിഫിക്കേഷനുകൾ
പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി പൈലറ്റ് ലാമ്പ്, ഐക്കോണിക് ടിയർഡ്രോപ്പ് ടാങ്ക്, ക്ലസ്‌റ്ററിലെ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ടൈപ്പ് സി യുഎസ്ബി ചാർജിംഗ് പോയിന്റ് തുടങ്ങിയ സവിശേഷതകളുമായി റോയൽ എൻഫീൽഡ് പാരമ്പര്യം നിലനിർത്തി കൊണ്ട് തന്നെയാണ് ഈ വാഹനം നിരത്തിൽ ഇറങ്ങുക. ഡാർക്ക്, എമറാൾഡ് വേരിയന്റുകൾക്ക് മറ്റ് ചില മാറ്റങ്ങളും പ്രകടമാകും എന്നാണ് അറിയിച്ചിരിക്കുന്നത്.
പഴയത് പോലെ ജെ-സീരീസ് എഞ്ചിനുമായി ജെ-പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി മോട്ടോർസൈക്കിൾ എത്തും. 349 സിസി, എയർ-ഓയിൽ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ പരമാവധി 20.2 ബിഎച്ച്പി കരുത്തും 27 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് 5-സ്‌പീഡ് ഗിയർബോക്‌സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.
41 എംഎം ഫ്രണ്ട് ടെലിസ്‌കോപ്പിക് സസ്പെൻഷനോടുകൂടിയ ഇരട്ട ഡൗൺ ട്യൂബ് സ്‌പൈൻ ഫ്രെയിമും പിന്നിൽ ട്വിൻ-ട്യൂബ് എമൽഷൻ ഷോക്കുകളും വാഹനത്തിന്റെ വഴക്കം ഉറപ്പാക്കുന്നു. സുരക്ഷയുടെ കാര്യത്തിൽ സിംഗിൾ ചാനൽ, ഡ്യുവൽ ചാനൽ എബിഎസ് ഓപ്ഷനുകളിൽ ബൈക്ക് ലഭ്യമാവും. നിലവിലെ വേരിയന്റിന് 1.93 ലക്ഷം മുതൽ 2.25 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില, അതിനാൽ പുതിയ മോഡലിന് ഇതിലും കൂടാനാണ് സാധ്യത.












Click it and Unblock the Notifications