വൻ രൂപമാറ്റവുമായി സാക്ഷാൽ ബുള്ളറ്റ്; ക്ലാസിക് 350 പുതിയ ഭാവത്തിൽ, ലോഞ്ചിന് മുൻപ് അറിയേണ്ടതെല്ലാം
റോയൽ എൻഫീൽഡ് എന്ന പേരിനേക്കാൾ ബുള്ളറ്റ് എന്നതാണ് നമ്മുടെ നാട്ടിലെ ആളുകൾക്ക് കൂടുതൽ അറിയാവുന്നതും പ്രിയപ്പെട്ടതുമായ പേര്. ഇന്നോ ഇന്നലെയോ തുടങ്ങിയ ഇഷ്‌ടമല്ല റോയൽ എൻഫീൽഡ് വാഹനങ്ങളോട് നമ്മുടെ നാട്ടിലുള്ള ആളുകൾക്ക്. പതിറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ പ്രൗഢിയുടെയും ആഡംബരത്തിന്റെയും പ്രതീകമായി ഈ വാഹനങ്ങൾ നിറഞ്ഞു നിൽക്കാറുണ്ട്.
അതുകൊണ്ട് തന്നെ ഏതെങ്കിലും പുതിയ മോഡലുകൾ കമ്പനി അവതരിപ്പിക്കുന്നതും നോക്കി ഇരിപ്പാണ് വാഹന പ്രേമികൾ. വിവിധ സെഗ്‌മെന്റുകളിൽ നിരവധി മോഡലുകൾ കമ്പനി അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ തങ്ങളുടെ ശക്തികേന്ദ്രമായ 350 സെഗ്‌മെന്റിൽ മറ്റൊരു അപ്‌ഡേഷൻ കൂടി നടത്തുകയാണ് കമ്പനി ഇപ്പോൾ.

ഓഗസ്‌റ്റ് 12ന് 2024 ക്ലാസിക് 350 മോഡൽ അവതരിപ്പിക്കും. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന റോയൽ എൻഫീൽഡിന്റെ മോഡലിന് സമകാലിക അപ്‌ഡേറ്റുകൾ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോട്ടോർസൈക്കിൾ നിർമ്മാതാവ് അതിന്റെ വിൽപ്പന കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഉത്സവ സീസണിന് മുന്നോടിയായി പുതുക്കിയ ക്ലാസിക് 350 അവതരിപ്പിക്കുന്നു.
പുതിയ റോയൽ എൻഫീൽഡ് ക്ലാസിക് 350: ഫീച്ചറുകൾ ഇങ്ങനെ
മോഡലിലെ ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റ്, പുതിയ എൽഇഡി ഹെഡ്‌ലൈറ്റാണ്. റോയൽ എൻഫീൽഡ് ഒടുവിൽ ഹാലൊജൻ ലൈറ്റ് ആണ് നൽകിയത്. റിപ്പോർട്ടുകൾ പ്രകാരം, ക്ലാസിക് 350 ഫെയ്‌സ്‌ലിഫ്റ്റ് ഇൻഡിക്കേറ്ററുകൾ ഉൾപ്പെടെ എല്ലാ എൽഇഡി ലൈറ്റിംഗും വാഗ്‌ദാനം ചെയ്തേക്കാം, എന്നാൽ ഇത് മുൻനിര മോഡലുകളായ ഡാർക്ക്, ക്രോം എന്നിവയിൽ മാത്രമായി പരിമിതപ്പെടുത്തിയേക്കാം എന്നാണ് സൂചന.
ഹെറിറ്റേജ്, ഹെറിറ്റേജ് പ്രീമിയം, സിഗ്നലുകൾ, ഡാർക്ക്, ക്രോം എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലായാണ് റോയൽ എൻഫീൽഡ് 2024 ക്ലാസിക് 350 അപ്‌ഡേറ്റ് ഒരുങ്ങുന്നത്. നിലവിലെ ശ്രേണി പോലെ എൻട്രി ലെവൽ മോഡലുകളിൽ റിയർ ഡ്രം ബ്രേക്കും സിംഗിൾ-ചാനൽ എബിഎസും ഉണ്ടായിരിക്കും. ഡാർക്ക് ട്രിമ്മിൽ അലോയ് വീലുകളും ട്യൂബ്ലെസ് ടയറുകളും സ്‌റ്റാർഡായി വരും, മറ്റ് വേരിയന്റുകളുടെ കാര്യത്തിൽ ഓപ്ഷണലായിരിക്കും.
റോയൽ എൻഫീൽഡ് ഇപ്പോൾ മുഴുവൻ ക്ലാസിക് 350 ലൈനപ്പിലും ഇൻസ്ട്രുമെൻ്റ് കൺസോളിൽ ഒരു ഗിയർ ഇൻഡിക്കേറ്ററും യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. മുൻനിര വേരിയന്റുകളായ ഡാർക്ക്, ക്രോം എന്നിവയിലൂടെ ക്ലാസിക്കിന് ആദ്യമായി സൂപ്പർ മെറ്റിയർ 650ലേതിന് സമാനമായ ക്രമീകരിക്കാവുന്ന ക്ലച്ചും ബ്രേക്ക് ലിവറുകളും നൽകും.
എഞ്ചിൻ ഓപ്‌ഷനുകളും വിലയും
പുതിയ ക്ലാസിക് 350 20.2 ബിഎച്ച്പിയും 27 എൻഎം ടോർക്കും നൽകുന്ന 349 സിസി ജെ-സീരീസ് സിംഗിൾ സിലിണ്ടർ എഞ്ചിൻ നിലനിർത്തും. ഇത് 5-സ്‌പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ക്ലാസിക് 350യുടെ നിലവിലെ പതിപ്പിന് 1.93 ലക്ഷം മുതൽ 2.25 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വിലയുള്ളത്, ഇതിലും അധികമാവും വരാനിരിക്കുന്ന മോഡലിന്റെ വില.












Click it and Unblock the Notifications