വിപണി പിടിക്കാൻ റോയൽ എൻഫീൽഡ്; ക്ലാസിക് 650 അണിയറയിൽ ഒരുങ്ങുന്നു, വരുന്നത് 9 നിറങ്ങളിൽ?
ഒരു കാലത്ത് ഇന്ത്യക്കാരുടെ ജീവിതത്തിലെ ആഡംബരത്തിന്റെ പ്രതീകമായിരുന്നു റോയൽ എൻഫീൽഡ് ബൈക്കുകൾ. ഇന്നും അവയുടെ സ്വീകാര്യതയ്ക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല. പുതിയ മോഡലുകളുമായി അവർ കളം നിറയുന്നുണ്ട്. പല സെഗ്‌മെന്റുകളിൽ വിവിധ പ്രായഭേദത്തിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് അവർ ഓരോ മോഡലും പുറത്തിറക്കുന്നത്.
ഏറ്റവും ഒടുവിലായി അവർ ഹിമാലയൻ വേരിയന്റ് ഉൾപ്പെടെ രംഗത്തിറക്കിയപ്പോൾ നിരവധി പേരാണ് അത് ഏറ്റെടുത്തത്. എന്നാൽ റോയൽ എൻഫീൽഡിന്റെ ബുള്ളറ്റ് എന്ന പേരിൽ പ്രശസ്‌തമാക്കിയത് അവരുടെ തനത് മോഡലുകളായ ക്ലാസിക്ക്, സ്‌റ്റാൻഡേർഡ് എന്നിവയാണ്. നിലവിൽ ഇവയുടെ 350 വകഭേദം വിപണിയിൽ വിൽക്കുന്നുണ്ട്.

അതിൽ പുതിയ വകഭേദം വരുമെന്ന് നേരത്തെ തന്നെ കമ്പനി പ്രഖ്യാപിച്ചതാണ്. റോയൽ എൻഫീൽഡ് ക്ലാസിക് വേരിയന്റിന്റെ 650 സിസി മോഡലാണ് വരുന്നത്. ഈ സെഗ്‌മെന്റിൽ മറ്റ് കമ്പനികളുടെ മോഡലുകളെ വീഴ്ത്തുക എന്ന ലക്ഷ്യവുമായാണ് റോയൽ എൻഫീൽഡ് കടന്നുവരുന്നത്. നേരത്തെ ഈ മോട്ടോർസൈക്കിളുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്നിരുന്നു.
ഇതിൽ ഏറെയും അഭ്യൂഹങ്ങളായിരുന്നു. കൂടാതെ ലീക്കായ ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ വാഹനത്തിന്റെ റെൻഡറുകളും ചില സൈറ്റുകൾ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ റോയൽ എൻഫീൽഡിന്റെ ഈ കരുത്തേറിയ മോഡൽ ഏതൊക്കെ നിറങ്ങളിൽ ലഭ്യമാവും എന്നത് സംബന്ധിച്ചുള്ള വിവരങ്ങളാണ് ലഭ്യമാവുന്നത്.
കറുപ്പ്, വെള്ള എന്നിങ്ങനെയുള്ള ആകെ ഒൻപത് നിറങ്ങളിലാവും ഈ വാഹനം എത്തുക എന്നാണ് സൂചന. ഇതിൽ ഡ്യൂവൽ ടോൺ ഉൾപ്പെടെയുള്ളവ കൂടി ഉണ്ടാവും. അവ ഏതൊക്കെയാണെന്ന് കൃത്യമായി വിവരം ലഭിച്ചിട്ടില്ലെങ്കിലും നിലവിൽ ക്ലാസിക് പോർട്ട്ഫോളിയോയിൽ വിറ്റഴിക്കുന്ന നിറങ്ങൾ തന്നെയാവും 650 സിസി വകഭേദത്തിലും കമ്പനി നൽകുക എന്നാണ് കരുതപ്പെടുന്നത്.
അതേസമയം, ഈ വാഹനത്തിന്റെ ആകെയുള്ള രൂപ കൽപന മുൻഗാമിയായ ക്ലാസിക് 350യോട് ചേർന്ന് നിൽക്കുന്നതാവും എന്നാണ് സൂചന. എങ്കിലും ചില പ്രകടമായ മാറ്റങ്ങളും നിങ്ങൾക്ക് കാണാൻ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. നേരത്തെ റോയൽ എൻഫീൽഡ് ട്രേഡ് മാർക്ക് ചെയ്‌ത ലോഗോയോട് കൂടിയാവും ഈ മോഡൽ വന്നെത്തുക.
കൂടാതെ ടെയിൽ ലൈറ്റുകൾ ഈ വർഷം ഇറങ്ങിയ ക്ലാസിക് 350ലേതിന് സമാനമായിരിക്കും. 6-സ്‌പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ച 47 ബിഎച്ച്പി പീക്ക് പവറും 52 എൻഎം പീക്ക് ടോർക്കും നൽകാൻ ശേഷിയുള്ള 648 സിസി പാരലൽ-ട്വിൻ ഓയിൽ-കൂൾഡ് എഞ്ചിനായിരിക്കും വാഹനത്തിന് കരുത്ത് പകരുക. ഇതിന്റെ ലോഞ്ച് എപ്പോഴാണെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അധികം വൈകില്ലെന്നാണ് വിവരം.












Click it and Unblock the Notifications