റോയൽ എൻഫീൽഡിന്റെ ഇലക്ട്രിക് വണ്ടി വരുന്നു; ഇനി മൈലേജ് ഒരു വിഷയമേ അല്ല, ലോഞ്ച് എപ്പോൾ?
ഇന്ത്യയിലെ വാഹന പ്രേമികൾക്ക് യാതൊരുവിധ പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ലാത്ത കമ്പനിയാണ് റോയൽ എൻഫീൽഡ്. പ്രത്യേകിച്ച് ഇരുചക്ര വാഹന പ്രേമികൾക്ക് റോയൽ എൻഫീൽഡ് എന്നാൽ ഒരു വികാരം തന്നെയാണ്. അതുകൊണ്ട് തന്നെ ഈ ബ്രാൻഡിന്റെ ഏതൊരു പുതിയ ഉത്പന്നം വരുമ്പോഴും വിപണി ഒന്നാകെ ഇളക്കിമറിക്കുക എന്നത് പതിവുള്ള കാര്യമാണ്.
നിരവധി ജനപ്രിയ മോഡലുകളാണ് റോയൽ എൻഫീൽഡ് കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. വിവിധ സെഗ്‌മെന്റുകളിലായി പല സിസികൾ വരുന്ന ഈ ബൈക്കുകൾ പക്ഷേ അവരുടെ പരമ്പരാഗത ഡിസൈൻ സങ്കൽപ്പങ്ങളും രീതികൾക്കും പ്രാധാന്യം കൽപിച്ചു കൊണ്ടാണ് നിർമ്മിച്ച് വന്നിരുന്നത്.

എന്നാൽ ഇക്കുറി റോയൽ എൻഫീൽഡ് ഒന്ന് മാറി ചിന്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇലക്ട്രിക് വാഹന വിപണിയിലേക്ക് കൂടി തങ്ങളുടെ സ്വാധീനം വളർത്തുക എന്ന ഉദ്യേശത്തോടെയാണ് പുതിയ നീക്കം ആരംഭിച്ചത്. റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനം ഉടൻ വിപണിയിൽ എത്തുമെന്നാണ് വിവരം. അതിന് മുന്നോടിയായി ഈ വാഹനത്തെ ആദ്യമായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ചടങ്ങാണ് നടക്കുന്നത്.
റോയൽ എൻഫീൽഡ് ഇലക്ട്രിക്: വിവരങ്ങൾ ഇങ്ങനെ
റോയൽ എൻഫീൽഡ് തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ആദ്യ ടീസറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ വാഹനം അവതരിപ്പിക്കുന്ന തീയതി ഉൾപ്പെടെ വ്യക്തമായി നൽകിയിട്ടുണ്ട്. ഇതുപ്രകാരം നവംബർ നാലാം തീയതി റോയൽ എൻഫീൽഡിന്റെ ഇലക്ട്രിക് വാഹനങ്ങളിലെ ഒന്നാമൻ വിപണിയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.
റോയൽ എൻഫീൽഡ് ടീസർ പുറത്തുവിടുക മാത്രമല്ല പുതിയ ഇൻസ്‌റ്റഗ്രാം ഹാൻഡിലും, അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രത്യേക ഇടവും ഇവി വാഹനത്തിനായി അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. റോയൽ എൻഫീൽഡിന്റെ വിന്റേജ് രൂപഭാവങ്ങൾ ആധുനിക കാലവുമായി ഇഴുകി ചേർക്കുന്ന നിലയിലാവും ഈ മോട്ടോർ സൈക്കിളിന്റെ ഡിസൈൻ.
എന്നാൽ പ്രാഥമിക പതിപ്പ് അവതരിപ്പിക്കുമ്പോഴും വാഹനം വിപണിയിൽ എത്താൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. കാരണം തിരക്കുപിടിച്ചുള്ള ഒരു ലോഞ്ച് അല്ല റോയൽ എൻഫീൽഡ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. അടുത്ത വർഷം പകുതിയോടെയോ അല്ലെങ്കിൽ 2026ലോ ആയിരിക്കും ഈ വാഹനം വിപണിയിൽ എത്തുക. ഈ വാഹനത്തിന്റെ കൃത്യമായ ലോഞ്ച് ടൈം ലൈൻ ഇതുവരെയും കമ്പനി പുറത്തുവിട്ടിട്ടില്ല.
കുടുകുടു ശബ്‌ദവും നീളൻ സൈലൻസറും ഇല്ലാത്ത റോയൽ എൻഫീൽഡ് ബൈക്കുകൾ സങ്കൽപ്പിക്കാൻ പ്രയാസമാണെങ്കിലും ഇവി വരുന്നതോടെ ഇവയൊക്കെ ഒഴിവാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കാര്യമായ ശബ്‍ദമില്ലാതെ പ്രവർത്തിക്കുന്ന നിലയിലാവും റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്ക് എത്തുക. എന്നാൽ പ്രത്യേക സ്‌പീക്കറുകൾ വച്ചുകൊണ്ട് ശബ്‌ദം കേൾപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റോയൽ എൻഫീൽഡ്.












Click it and Unblock the Notifications