കുടു കുടു ശബ്‌ദവുമായി പുതിയ ബുള്ളറ്റ് വരുന്നു; ആർഇ ഗോവൻ ക്ലാസിക് 350 ഞെട്ടിക്കും, ലോഞ്ച് എപ്പോൾ?
റോയൽ എൻഫീൽഡ് വാഹനങ്ങൾക്ക് എന്നും ആവശ്യക്കാർ ഏറെയാണ്. പല കാരണങ്ങൾ കൊണ്ട് തന്നെ ഇതിന് നമ്മുടെ നാട്ടിലെ വാഹന പ്രേമികൾക്ക് ഇടയിൽ സവിശേഷമായ ഒരു സ്ഥാനം ഉണ്ടെന്നതാണ് വാസ്‌തവം. കാലങ്ങളായി അവർ വിപണിയിൽ ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയും ഇതിലൊരു വലിയ ഘടകം ആണെന്നത് പറയാതിരിക്കാൻ വയ്യ. നിരവധി മോഡലുകളിലൂടെ ഇപ്പോഴും അവർ ആ പതിവ് തുടരുന്നുണ്ട്.
കഴിഞ്ഞ കാലങ്ങളിൽ നിരവധി ജനപ്രിയ മോഡലുകളാണ് റോയൽ എൻഫീൽഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പലപ്പോഴും വൈവിധ്യമാർന്ന സെഗ്‌മെന്റുകളിൽ ഇത്രയധികം വാഹനങ്ങൾ എങ്ങനെ ലോഞ്ച് ചെയ്യാൻ അവർക്ക് കഴിയുന്നു എന്ന് വരെ ആരാധകർ ചിന്തിച്ചിട്ടുണ്ട്. ആ പതിവ് തുടർന്നുകൊണ്ട് ഇപ്പോഴിതാ കമ്പനിയുടെ ഏറ്റവും പുതിയൊരു മോഡൽ കൂടി വിപണിയിലേക്ക് വരികയാണ്.

റോയൽ എൻഫീൽഡ് വാഹനമായ ഗോവൻ ക്ലാസിക് 350 മോഡലാണ് വിപണിയിൽ അവർ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഒട്ടേറെ പ്രത്യേകതകളോട് കൂടിയ ഈ വാഹനം നവംബർ 23ന് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏറെനാളായി ഈ വാഹനത്തിന്റെ കുറിച്ചുള്ള ചില ഊഹാപോഹങ്ങൾ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു.
നിലവിലെ ക്ലാസിക് 350യുടെ ബോബർ സ്‌റ്റൈൽ വേർഷൻ ആണ് ഇതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ആരാധകർക്ക് അത്ര അന്യനല്ല ഈ വാഹനം. അതേസമയം, റോയൽ എൻഫീൽഡ് മെറ്റിയർ 350 മോഡലിൽ ആദ്യമായി അവതരിപ്പിച്ച ജെ-സീരീസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള അഞ്ചാമത്തെ മോട്ടോർസൈക്കിളായിരിക്കും ഗോവൻ ക്ലാസിക് 350 എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
കാഴ്‌ചയിൽ ദൂരെ നിന്ന് നോക്കുമ്പോൾ തന്നെ റോയൽഡ് എൻഫീൽഡ് ക്ലാസിക് 350 മോഡലിൽ നിന്ന് പ്രകടമായ ചില വ്യത്യാസങ്ങൾ വാഹനത്തിൽ കാണാൻ കഴിയും. ഫ്യുവൽ ടാങ്ക്, സൈഡ് പാനലുകൾ, ഹെഡ്‌ലാമ്പ് യൂണിറ്റ് എന്നിവ അതേപടി നിലനിർത്തിയിട്ടുണ്ട്. എന്നാൽ ആപ്പ് ഹാൻഡിൽബാറുകളും ഒരു പില്യൺ സംവിധാനമുള്ള സിംഗിൾ സീറ്റും വരുന്നതോടെ മോഡൽ ലുക്കിൽ കാര്യമായ മാറ്റം കൊണ്ട് വരുന്നു.
റോയൽ എൻഫീൽഡ് ഗറില്ല 450, ഇന്റർസെപ്റ്റർ ബിയർ 650 എന്നിവയിൽ നൽകിയതിന് സമാനമായിആക്‌സസറി പാക്കേജിന്റെ ചില സവിശേഷമായ മാറ്റങ്ങൾ കമ്പനി നൽകിയേക്കും എന്നാണ് കരുതപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കമ്പനിയുടെ മികച്ച മോഡലുകളിൽ ഒന്നായ ക്ലാസിക് 350യിൽ നിന്നാണ് ഡിസൈൻ രസതന്ത്രം ഒപ്പിയെടുത്തിരിക്കുന്നത്.
എഞ്ചിൻ വിശദാംശങ്ങളിൽ ക്ലാസിക്കിൽ നിന്ന് കാര്യമായി മാറ്റങ്ങൾ ഒന്നും തന്നെയില്ല. 20.7 ബിഎച്ച്‌പിയും 27 എൻഎം പീക്ക് ടോർക്കും നൽകുന്ന അതേ 348 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് മിൽ എഞ്ചിൻ തന്നെയാണ് ഈ സ്‌റ്റൈലിഷ് മോട്ടോർസൈക്കിളിനും കരുത്ത് പകരുന്നത്. 5-സ്‌പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ചിട്ടുള്ളതാണ് ഈ എഞ്ചിൻ. വിലയും മറ്റ് വിവരങ്ങളും ലോഞ്ചിന് മുന്നോടിയായി അറിയാം.












Click it and Unblock the Notifications